Friday, September 20, 2013

റിസര്‍വ് ബാങ്ക് പലിശനിരക്കുയര്‍ത്തി

റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം പലിശനിരക്കുകള്‍ ഉയര്‍ത്തി. രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യയോഗമാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 0.25 ശതമാനം അടിസ്ഥാന പോയിന്‍റ് ഉയര്‍ത്തി. ഇതോടെ റിപ്പോ നിരക്ക് 7.50 ശതമാനമായി. നേരത്തെ 7.25 ശതമാനമായിരുന്നു.

അതേസമയം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനഅനുപാത നിരക്കില്‍ (സിആര്‍ആര്‍}) മാറ്റമില്ല. അത് നാലു ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കുന്ന മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്ക് 0.75 ശതമാനം അടിസ്ഥാന പോയിന്‍റ് കുറച്ചു. ഇത് 9.50 ശതമാനമായി. നേരത്തെ 10.25 ആയിരുന്നു. അതേ സമയം ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്കിനെ കുറിച്ച് പ്രത്യേക സൂചനയില്ല. രാജ്യത്ത് നാണ്യപ്പെരുപ്പം ഉയരുന്നതും ഭഷ്യവിലക്കയറ്റവും ആശങ്കയുണര്‍ത്തുന്നതും അപകടകരവുമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

രൂപയുടെ മൂല്യത്തകര്‍ച്ചയും, ഉയരുന്ന ധനക്കമ്മിയും, സാമ്പത്തിക രംഗത്തെ തളര്‍ച്ചയുമെല്ലാം മറികടക്കാന്‍ നടത്തുന്ന പ്രഖ്യപനങ്ങളാകും രഘുറാം രാജന്റെ തെന്നതിനാല്‍ രാജ്യം ഉറ്റുനോക്കുന്നതായിരുന്നു വെള്ളിയാഴ്ചയിലെ അവലോകനയോഗം.

നിലവിലെ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. അതേ സമയം വ്യവസായിക വളര്‍ച്ചയിലെ തളര്‍ച്ച കുറയ്ക്കുന്നതിനും, വിപണിയിലേക്ക് കൂടുതല്‍ പണമെത്തിക്കുന്നതിനുമായി കരുതല്‍ ധനാനുപാത നിരക്കില്‍ ഇളവു വരുത്തിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.

റിസര്‍വ് ബാങ്ക് പലിശവായ്പാനിരക്ക് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടനെ ഓഹരി വിപണിയും കൂപ്പുകുത്തി. രൂപയുടെ മൂല്യത്തിലും നേരിയ ഇടിവുണ്ടായി. 62.42 നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം നടക്കുന്നത്. വ്യാഴ്ഴാഴ്ച 61.77 ആയിരുന്നു രൂപയുടെ മൂല്യം.

deshabhimani

No comments:

Post a Comment