Friday, September 20, 2013

സോളാര്‍ കേസ്: ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹത: വി എസ്

സോളാര്‍: ജഡ്ജിമാരുടെ ചുമതല മാറ്റി

കൊച്ചി: ഹൈക്കോടതിയില്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റി. ഈ ജഡ്ജിമാര്‍ക്ക് ഈ കേസുകള്‍ ഇനി പരിണഗിക്കാനാകില്ല. ജ. എസ് എസ് സതീശചന്ദ്രന്‍, ജ. വി കെ മോഹനന്‍ എന്നിവരുടെ പരിഗണനാവിഷയങ്ങളാണ് മാറ്റിയത്.

ഇപ്പോള്‍ കോടതി അവധിയാണ്. തിങ്കളാഴ്ച കോടതി തുറക്കുമ്പോള്‍ കേസുകള്‍ പുതിയ ബെഞ്ചുകളിലേക്ക് മാറ്റും. ജ. സതീശചന്ദ്രനെ സിവില്‍ കേസുകളിലേക്കും ജ. മോഹനനെ ക്രിമിനല്‍ അപ്പീല്‍ വിഭാഗത്തിലേക്കുമാണ് മാറ്റിയത്. ജ. എസ് എസ് സതീശചന്ദ്രന്‍ പരിഗണിച്ചിരുന്ന കെസുകൾ ഇനി തോമസ് പി ജോസഫും  ജ. മോഹനന്‍ പരിഗണിച്ചിരുന്ന കേസുകള്‍  ജ. ഹാരൂണ്‍ അല്‍ റഷീദും പരിഗണിക്കും. സോളാര്‍ കേസില്‍ ജ.സതീശചന്ദ്രന്‍, ജ. മോഹനന്‍ എന്നിവരുടെ ബെഞ്ചുകളില്‍ നിന്ന് സര്‍ക്കാരിന് പലപ്പോഴും രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു

ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹത: വി എസ്

തിരു: സോളാര്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ജനങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വരുത്തിയ മാറ്റമെന്നും വി.എസ്. പറഞ്ഞു.

സോളാര്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാരായ എസ്.എസ്. സതീശ് ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.എന്നാല്‍ കേരളത്തിലെ ഭരണരംഗത്തും രാഷ്ട്രീയരംഗത്തും ഏറെ കോളിളക്കണ്ടമുണ്ടാക്കുകയും ഭരണമുന്നണിയെയും, യുഡിഎഫ് ഗവണ്‍മെന്റിനെയും തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത കേസുകള്‍ പരിഗണിച്ചുകൊണ്ടിരുന്ന ജഡ്ജിമാരെ മാറ്റിയതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ സര്‍ക്കാരും പോലീസും ശ്രമിക്കുന്നതായി തെളിവുകള്‍ സഹിതം ആക്ഷേപം ഉയര്‍ന്നതാണ്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് പലതവണ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ബന്ധപ്പെട്ട ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കെ.സി.ജോസഫ് ശ്രമിച്ചത്. സോളാര്‍കേസ് അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ ലേഖനത്തിനുളള മറുപടിയെന്ന നിലയില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി കെ.സി.ജോസഫ്, ഉമ്മന്‍ചാണ്ടിക്കും, സര്‍ക്കാരിനും വേണ്ടി ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.ഇതിന് പിന്നാലെ ബന്ധപ്പെട്ട രണ്ട് ജഡ്ജിമാരെയും സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയതാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചു എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ് ഈ നടപടി തെളിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരെ ഉന്നത നീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. അല്ലാത്തപക്ഷം നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമായിരിക്കും ഉണ്ടാവുകയെന്നും വി.എസ്. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും: ലോയേഴ്സ് യൂണിയന്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസുകള്‍ കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് വി കെ മോഹനനെയും സതീശചന്ദ്രനെയും ഒഴിവാക്കിയ ചീഫ് ജസ്റ്റിസിന്റെ നടപടി ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അഡ്വക്കറ്റ് ജനറല്‍ ഹാജരാകുന്ന കേസുകളില്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ വിവാദമാകുന്നത് സുപ്രീം കോടതി പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment