Saturday, September 21, 2013

മഡൂറോയ്ക്ക് അമേരിക്കയുടെ ആകാശവിലക്ക്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നത് അമേരിക്ക വിലക്കി. അടുത്തയാഴ്ച ചൈനയിലേക്ക് പോകാനായി അമേരിക്കയുടെ ഭാഗമായ കരീബിയന്‍ ദ്വീപ് പ്യോര്‍ട്ടോ റിക്കോയുടെ ആകാശത്തുകൂടി പറക്കുന്നതാണ് വിലക്കിയത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഡൂറോയ്ക്കൊപ്പം പോകേണ്ടിയിരുന്ന സൈനിക മേധാവി ജനറല്‍ വില്‍മര്‍ ബരിയന്റോസിന് അമേരിക്ക വിസ നിഷേധിച്ചതായും വെനസ്വേലന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. എന്നാല്‍, കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ അമേരിക്ക നിലപാട് മാറ്റി. മഡൂറോയുടെ വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയതായും അപേക്ഷയിലെ ചില പാളിച്ചമൂലമാണ് പ്രശ്നമുണ്ടായതെന്നും യുഎസ് വിദേശ വകുപ്പ് ഉപ വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഹീനമായ അധിനിവേശമാണ് ഇത്തരം പ്രവൃത്തികളിലൂടെ വ്യക്തമാകുന്നതെന്ന് വെനസ്വേലന്‍ വിദേശമന്ത്രി ഏലിയാസ് ജാവ്വ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണത്തിന് അമേരിക്ക തയ്യാറായില്ലെങ്കില്‍ എന്തു നടപടിയും സ്വീകരിക്കാന്‍ വെനസ്വേലയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്ന് മഡൂറോ ഓര്‍മിപ്പിച്ചു. അതേസമയം, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

അമേരിക്കയുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയാണെന്ന് ജൂലൈയില്‍ വെനസ്വേല പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയില്‍ പൗരസ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. ഹ്യൂഗോ ഷാവേസിന്റെ വേര്‍പാടിനുശേഷം വെനസ്വേലയില്‍ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തി കുത്തിത്തിരിപ്പ് നടത്താന്‍ അമേരിക്ക നിരന്തരം ശ്രമിച്ചിരുന്നു. എന്നാല്‍, ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ മഡൂറോ ഷാവേസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിജയം അംഗീകരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തിന് ഈയിടെ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തി നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുടെ ആഗോള ചാരപ്പണി വെളിപ്പെടുത്തിയ എഡ്വേഡ് സ്നോഡെനെ കടത്തിക്കൊണ്ടുപോകുന്നുവെന്ന സംശയത്തെതുടര്‍ന്നായിരുന്നു ഇത്. അമേരിക്കന്‍ സമ്മര്‍ദം കാരണമാണ് മൊറാലസിന് വ്യോമാതിര്‍ത്തി നിഷേധിച്ചതെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു.

deshabhimani

No comments:

Post a Comment