Thursday, September 19, 2013

നെറ്റ് പരീക്ഷ: മാനദണ്ഡങ്ങളിലെ മാറ്റം സുപ്രീംകോടതി ശരിവെച്ചു

നെറ്റ് പരീക്ഷയിലെ വിജയമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ യുജിസിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യുജിസിക്ക് അധികാരമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. മിനിമം മാര്‍ക്കിനു പുറമേ വിജയിക്കാന്‍ മൊത്തം 65 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്. 2012 ജൂണ്‍ മാസത്തില്‍ നടന്ന പരീക്ഷയ്ക്ക് ശേഷമാണ് യുജിസി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

ഇതിനെതിരേ വിദ്യാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹൈക്കോടതികളെ സമീപിക്കുകയായിരുന്നു. എട്ടു ഹൈക്കോടതികളില്‍ ഏഴെണ്ണം യുജിസിയുടെ നടപടി റദ്ദാക്കി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഇതിനെ ചോദ്യം ചെയ്താണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. വിജയമാനദണ്ഡത്തില്‍ മാറ്റം വരുത്തിയതിനുള്ള വിശദീകരണം വിജ്ഞാപനത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന യുജിസിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഒന്നാമത്തെയും രണ്ടാമത്തെയും പേപ്പറുകള്‍ക്ക് നാല്‍പതു ശതമാനവും മൂന്നാമത്തെ പേപ്പറിന് 50 ശതമാനവും മാര്‍ക്ക് വാങ്ങിയാല്‍ നെറ്റ് പരീക്ഷ വിജയിക്കാമായിരുന്നു. എന്നാല്‍ മിനിമം മാര്‍ക്കിനു പുറമേ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് വാങ്ങണമെന്നായിരുന്നു പുതിയ മാനദണ്ഡം.

deshabhimani

No comments:

Post a Comment