Friday, October 4, 2013

108 ആംബുലന്‍സ് നടത്തിപ്പ് സികിത്സ കെയറിന് കൈമാറുന്നു

108 ആംബുലന്‍സിന്റെ നടത്തിപ്പ് അവകാശം സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം. കെ എം എസ് സി എല്ലിന്റെ വെബ്‌സൈറ്റില്‍ 108 ആംബുലന്‍സ് നടത്തിപ്പു സംബന്ധിച്ച് കഴിഞ്ഞദിവസം നല്‍കിയ ടെന്‍ഡര്‍ പരസ്യത്തിലെ നിബന്ധനകളാണ് സികിത്സകെയറിനു തന്നെ വീണ്ടും കരാര്‍ നല്‍കാനുള്ള നീക്കമാണെന്ന് വ്യക്തമാകുന്നത്.  രാജ്യത്തിനകത്ത് രണ്ടു വര്‍ഷമെങ്കിലും ആംബുലന്‍സ് സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്ക് മാത്രമെ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന പ്രധാന നിബന്ധനയാണ് സികിത്സയ്ക്ക് നേട്ടമുണ്ടാകുന്നത്.

രാജ്യത്ത് രണ്ടു കമ്പിനികള്‍ മാത്രമെ 108 ആംബുലന്‍സ് സര്‍വീസ് നടത്തുന്നുള്ളു. എന്നാല്‍ ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ അനുസരിച്ച് സികിത്സതാ കെയറിനു തന്നെ നറുക്ക് വീഴാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമടക്കം ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന കടുത്ത നിബന്ധനകള്‍ കാരണം മറ്റൊരു കമ്പിനിക്കും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങള്‍ 108 സര്‍വീസിന്റെ നടത്തിപ്പിനായി താത്പര്യം പ്രകടിപ്പിച്ച് കെ എം എസ് സി എല്ലിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഒഴിവാക്കാന്‍ വേണ്ടിയാണ് കടുത്ത നിബന്ധനകള്‍ ടെന്‍ഡറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ആക്ഷേപം.

108 ആംബുലനല്‍സിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ അഴിമതി ആരോപണം നേരിടുന്ന സികിത്സയെ വീണ്ടും നടത്തിപ്പ് അവകാശം നല്‍കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് 108 ആംബുലന്‍സിന്റെ കരാര്‍ അവസാനിക്കുന്നതിന് രണ്ടാഴ്ച മുന്‍പു പുതിയ ടെന്‍ഡര്‍ പുറത്തിറക്കാന്‍  കെ എം എസ് സി എല്ലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കെ എം എസ്് സി എല്ലിന്റെ ബോര്‍ഡ് യോഗത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനമെടുത്തത്. ഇതിന്‍  പ്രകാരം വെബ്‌സൈറ്റില്‍ ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.  ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരാഴ്ചയാണ് നല്‍കിയിരിക്കുന്നത്.

കേരള എമര്‍ജന്‍സി മെഡിക്കല്‍ പ്രോജക്ടിന് കീഴില്‍ തുടക്കമിട്ട 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ഇപ്പോള്‍ സികിത്സ ഹെല്‍ത്ത് കെയര്‍ കമ്പിനിക്കായിരുന്നു നല്‍കിയത്. അവരുമായി രണ്ടുവര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ 2012 ഒക്ടോബര്‍ 15 ന് അവസാനിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടി നല്‍കി. ഒക്ടോബര്‍ 15 ന് അതും അവസാനിക്കാനിരിക്കെയാണ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സര്‍വീസ് നടത്തുന്ന 43 ആംബുലന്‍സുകളുടെ സര്‍വീസ് വീണ്ടും സികിത്സയക്കു നല്‍കാനുള്ള തീരുമാനങ്ങളാണ് പുതിയ ടെന്‍ഡറില്‍ക്കൂടി ഉണ്ടാകാന്‍ പോകുന്നതെന്ന് ആരോപണം ഉയരുന്നത്.

janayugom

No comments:

Post a Comment