Friday, October 4, 2013

അമേരിക്ക: വായ്പാപരിധി ഉയര്‍ത്തല്‍ വന്‍ വെല്ലുവിളി

രാഷ്ട്രീയതര്‍ക്കത്തെ തുടര്‍ന്ന് ബജറ്റ് പാസാക്കല്‍ സ്തംഭിച്ചതോടെ അമേരിക്ക തുടര്‍ച്ചയായി മൂന്നാംദിവസവും അപ്രഖ്യാപിത ബന്ദില്‍. ബുധനാഴ്ച ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളെ വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി അടിയന്തരയോഗം ചേര്‍ന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെ സാമ്പത്തിക അടിയന്തരാവസ്ഥ ആഴ്ചകള്‍ നീളുമെന്ന് ഉറപ്പായി. "പ്രകോപിതനായ" പ്രസിഡന്റ് ബറാക് ഒബാമ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ പദ്ധതി കൂടുതല്‍ കര്‍ശനമാക്കി. രാജ്യം സാങ്കേതികമായി പാപ്പരാകുന്ന ഒക്ടോബര്‍ 17നുമുമ്പ് അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി നേടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 16.69 ലക്ഷംകോടി ഡോളറാണ് അമേരിക്കയുടെ കടമെടുക്കല്‍ പരിധി. ഒക്ടോബര്‍17ഓടെ ഈ പരിധി കവിയും. കടമെടുക്കല്‍ പരിധി ഉയര്‍ത്താന്‍ അതിനുമുമ്പ് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ പണമില്ലാതെ വരും. ഈ സാഹചര്യം മുന്നില്‍ കണ്ട് ഒബാമ ബുധനാഴ്ച രാജ്യത്തെ ബാങ്ക് തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച നിര്‍മാണകമ്പനി മേധാവികളെ കാണും. ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ഒബാമയുടെ പദ്ധതിയോടുള്ള റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പാണ് ബജറ്റ് പാസാക്കാനാകാത്ത അപൂര്‍വ പ്രതിസന്ധി സൃഷ്ടിച്ചത്. പദ്ധതി ഉപേക്ഷിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാതെ പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന കുടുംപിടിത്തത്തിലാണ് റിപ്പബ്ലിക്കന്മാര്‍. അതേസമയം, പതിനേഴ് വര്‍ഷത്തിനുശേഷം രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുന്ന സന്ദര്‍ഭം റിപ്പബ്ലിക്കന്മാര്‍ക്കെതിരെ ജനവികാരമുയര്‍ത്താന്‍ തന്ത്രപരമായി ഉപയോഗിക്കാനാണ് ഒബാമയുടെ ശ്രമം. റിപ്പബ്ലിക്കന്മാരുടെ പിടിവാശിമൂലമാണ് ഈ ദുഃസ്ഥിതിയുണ്ടായതെന്ന് വിശദീകരിച്ച് സാധാരണജനങ്ങളെ ഒപ്പം നിര്‍ത്താനാണ് മൂന്ന് ദിവസമായി പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം ഒബാമ ശ്രമിച്ചത്.

വിവാദമായ ആരോഗ്യപരിരക്ഷ പദ്ധതി സംബന്ധിച്ച് റിപ്പബ്ലിക്കന്‍ ചേരിയില്‍നിന്ന് വ്യത്യസ്ത നിലപാടുയരുന്നതും ഒബാമയ്ക്ക് രാഷ്ട്രീയനേട്ടമാണ്. ആഭ്യന്തരസുരക്ഷാമേഖലയിലെ 14 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. സ്കൂളുകളിലെയും കോളേജുകളിലെയും ജീവനക്കാരെ ഒന്നടങ്കം പറഞ്ഞുവിട്ടു. അമേരിക്കന്‍ വിമോചനത്തിന്റെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ ദേശീയ മൃഗസംരക്ഷണകേന്ദ്രവും അടക്കം 19 മ്യൂസിയവും ഗ്യാലറികളും മൂന്നുദിവസമായി അടച്ചിട്ടിരിക്കയാണ്. ആണവനിലയങ്ങളിലും ജലവൈദ്യുതപദ്ധതികളിലും നാമമാത്ര ജീവനക്കാരേയുള്ളൂ. സമുദ്രയാന വാണിജ്യമേഖല ജീവനക്കാരുടെ കുറവ്മൂലം മന്ദീഭവിച്ചത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തി. അടച്ചുപൂട്ടല്‍ തുടരുന്നത് വരുംദിവസങ്ങളില്‍ അമേരിക്കയുടെ വാണിജകേന്ദ്രമായ വാള്‍സ്ര്ടീറ്റിനെയും ബാധിക്കുമെന്ന് ഒബാമ തന്നെ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment