Friday, October 4, 2013

പ്രകൃതിവിഭവ വിനിയോഗം കരുതലോടെ വേണം: അമേരിക്കന്‍ ശാസ്ത്രജ്ഞന്‍

പ്രകൃതിവിഭവങ്ങളുടെ വിനിയോഗം കരുതലോടെ വേണമെന്ന് അമേരിക്കന്‍ മത്സ്യ-പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ക്ലോഡ് ഇ ബോയ്ഡ് പറഞ്ഞു. മൂലധന ശക്തികള്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന്റെ ദുരന്തം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ആരംഭിച്ച ഇക്കോകാസ്ഡ് 2013 രാജ്യാന്തര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ക്ലോഡ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും രാജ്യങ്ങളുടെ സമുദ്രസമ്പത്തിനെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ലാഭം മാത്രം ലക്ഷ്യമാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട ട്രോളിങ് കേരളത്തെപ്പോലും ബാധിച്ചിരിക്കുന്നു. മത്സ്യങ്ങളില്‍ പലതും വംശനാശ ഭീഷണിയിലാണ്. ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാജ്യങ്ങള്‍ യോജിച്ച ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും നിന്നായി ശാസ്ത്രജ്ഞരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 500 പ്രതിനിധികളാണ് ഇക്കോകാസ്ഡില്‍ പങ്കെടുക്കുന്നത്. എത്യോപ്യയിലെ അംബോ സര്‍വകലാശാലയില്‍ നടന്ന ഇക്കോകാസ്ഡിന്റെ രണ്ടാം പാദമാണ് കേരള സര്‍വകലാശാലാ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്നത്. അംബോ സര്‍വകലാശാലാ ഡയറക്ടര്‍ ഡോ. പി നടരാജന്‍ ആമുഖപ്രസംഗം നടത്തി.

പത്മശ്രീ എന്‍ ബാലകൃഷ്ണന്‍നായരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പരിസ്ഥിതി മേന്മാ പുരസ്കാരം ഡോ. എന്‍ ആര്‍ മേനോന് ഡോ. ക്ലോഡ് ബോയ്ഡ് സമ്മാനിച്ചു. ബംഗളൂരുവിലെ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അഡ്വാന്‍സ്മെന്റ് ഇന്‍ ബയോളജിക്കല്‍ സയന്‍സസ് ഏര്‍പ്പെടുത്തിയ പുരസ്കാരം മേഖാലയ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി കെ അബ്ദുള്‍ അസീസ് ഏറ്റുവാങ്ങി. പരിസ്ഥിതി-കാലവസ്ഥാ വ്യതിയാന ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായര്‍ അധ്യക്ഷനായി. ഡോ. എന്‍ വീരമണികണ്ഠന്‍, കേരള മത്സ്യ-സമുദ്രശാസ്ത്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ്, കേരള ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, നാഗര്‍കോവിന്‍ ശ്രീ അയ്യപ്പാ വിമിന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചന്ദ്രലേഖ, കേരള സര്‍വകലാശാലാ പരിസ്ഥിതി ശാസ്ത്രവകുപ്പ് മേധാവി ഡോ. ശാലോം ജ്ഞാനതങ്ക, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എ ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രബന്ധങ്ങളുടെ സംക്ഷിപ്തം ഉള്‍പ്പെട്ട പുസ്തകം ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി എന്‍ രാജശേഖരന്‍പിള്ള പ്രകാശനംചെയ്തു. പശ്ചിമഘട്ടത്തിലെ പ്രകൃതി, ജീവിതം എന്നിവയെ ആധാരമാക്കി സാലി പാലോട്, ബാലന്‍, സുരേഷ് ഇളമണ്‍, ദേവ് ദാസ് എന്നിവര്‍ പകര്‍ത്തിയ ഫോട്ടോകളും എത്യോപ്യയുടെ കാണാക്കാഴ്ചകളെക്കുറിച്ച് കെ പി ശിവകുമാറിന്റെ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു. ജൈവവൈവിധ്യത്തെക്കുറിച്ച് ഒരു സമാന്തര ശില്‍പ്പശാല നാഗര്‍കോവില്‍ ശ്രീ അയ്യപ്പാ വിമിന്‍സ് കോളേജില്‍ വെള്ളിയാഴ്ച നടക്കും. ശനിയാഴ്ച ശില്‍പ്പശാല സമാപിക്കും.

deshabhimani

No comments:

Post a Comment