മുസ്ലിം പള്ളികളില്‍ യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം വിശദീകരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആയിരം ലീഗുകാരെ നിയമിച്ചു. മുസ്ലിംലീഗ് മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകളില്‍ നടക്കുന്ന ലീഗ്വല്‍ക്കരണത്തിന്റെ തുടര്‍ച്ചയായാണ് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിവാദതീരുമാനം നടപ്പാക്കിയത്. മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ മറ്റ് മന്ത്രിമാരുടെ എതിര്‍പ്പ് കാരണം മാറ്റിവച്ച ഈ തീരുമാനം പിന്‍വാതിലിലൂടെ നടപ്പാക്കുകയാണെന്നും ആരോപണമുണ്ട്. യുഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുത്താല്‍മതിയെന്നും ലീഗിതര മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് പ്രൊമോട്ടര്‍മാരെ നിയമിച്ചത്.
എന്നാല്‍, മന്ത്രിസഭാതീരുമാന പ്രകാരമാണ് പട്ടികജാതി-വര്‍ഗ ക്ഷേമത്തിനുള്ള പ്രൊമോട്ടര്‍മാരെ നിയമിച്ച മാതൃകയില്‍ ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചതെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. ഇത് എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്നും മന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. വെള്ളിയാഴ്ചകളില്‍ നിസ്കാരത്തിനിടയില്‍ സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍ പള്ളികളില്‍ വിശദീകരിക്കുകയാണ് പ്രമോട്ടര്‍മാരുടെ ദൗത്യം. പ്രതിമാസം 4,000 രൂപയാണ് പ്രതിഫലം. ഒരുവര്‍ഷം അഞ്ച് കോടി രൂപ പ്രതിഫലം മാത്രമായി നല്‍കേണ്ടിവരും. അടുത്ത ഘട്ടത്തില്‍ 3,000 പേരെ കൂടി നിയമിക്കാന്‍ നീക്കമുണ്ട്. പാര്‍ടി പ്രചാരണത്തിനും ലീഗുകാര്‍ക്ക് ജോലി നല്‍കാനും പ്രതിവര്‍ഷം 20 കോടിയോളം രൂപയാണ് ഖജനാവില്‍നിന്ന് കൊള്ളയടിക്കുന്നത്. ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്രത്തില്‍നിന്ന് അനുവദിച്ച ഫണ്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഫണ്ടും വകമാറ്റിയാണ് ഈ സ്വജനപക്ഷപാതവും കൊള്ളയും. ഇന്റര്‍വ്യൂ പോലും നടത്താതെ ലീഗ് കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം തോന്നിയപോലെയാണ് നിയമനം നടത്തിയത്.
deshabhimani
No comments:
Post a Comment