Friday, October 4, 2013

ജമാ അത്തെ ഇസ്ലാമിക്ക് വര്‍ഗീയ നിലപാട്: പിണറായി

നേരിന്റെ ചരിത്രം തുറന്ന് സെമിനാര്‍

കണ്ണൂര്‍: അസമത്വത്തിനെതിരായ പോരാട്ടത്തില്‍ മലബാറിലെ മുസ്ലിങ്ങളുടെ പങ്കും അത് തിരിച്ചറിഞ്ഞ ഇടതുപക്ഷ നിലപാടും ജനമനസ്സിലേക്ക്് പകര്‍ന്ന സെമിനാര്‍ പുതിയൊരു ചരിത്രപാഠമായി. മുസ്ലിം ജനവിഭാഗത്തെയും ഇടതുപക്ഷത്തെയും എതിര്‍ചേരികളിലാക്കാന്‍ ചരിത്രം വളച്ചൊടിച്ചവര്‍ക്കു പോലും അവഗണിക്കാനാവാത്ത വിധം ആഴത്തിലുള്ളതായി സെമിനാറിലെ നിരീക്ഷണങ്ങളും ചര്‍ച്ചയും. ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയയായിരുന്നു സെമിനാര്‍. കണ്ണൂര്‍ ജില്ലയിലെ പതിനെട്ട് സാംസ്കാരിക സംഘടനകളാണ് സംഘാടകര്‍.

സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയിലായിരുന്ന മുസ്ലിം ജനവിഭാഗം മുഖ്യധാരയിലെത്തിയതിന്റെ, പോരാട്ടത്തിന്റെ ചരിത്രം പഠിപ്പിച്ചാല്‍ അധികാരം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവര്‍ക്കുള്ള മറുപടികൂടിയായി സെമിനാര്‍ മാറി. മുസ്ലിംജനവിഭാഗം നടത്തിയ പോരാട്ടങ്ങളിലെ സാമ്രാജ്യ- ജന്മിത്ത വിരുദ്ധ ഉള്ളടക്കത്തെ ആഴത്തില്‍ പരിശോധിക്കുന്നതായിരുന്ന ഒരോ പ്രഭാഷണവും. അടിച്ചമര്‍ത്തപ്പെട്ട മുസ്ലിങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇടതുപക്ഷം നല്‍കിയ പിന്തുണ സമഗ്രമായി ചര്‍ച്ച ചെയ്യുന്നതും ആദ്യമാണ്. മതസ്പര്‍ധയുടെ അധമബോധം വളര്‍ത്തി ഒരു സമുദായത്തിലെ ഭൂരിപക്ഷത്തെയും തങ്ങളുടെ വോട്ടുബാങ്കുകളാക്കുന്നവരെ ഞെട്ടിച്ച റെക്കോഡ് ജനസഞ്ചയത്തിനായിരുന്നു കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. ജഡ്ജി എം എ നിസാര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എ എന്‍ ഷംസീര്‍ സ്വാഗതവും എല്‍ വി മുഹമ്മദ് നന്ദിയും പറഞ്ഞു. സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിച്ചു. കെ ഇ കുഞ്ഞബ്ദുള്ള, നജ്മ ഹാഷിം എന്നിവര്‍ ആദരിക്കുന്നവരെ പരിചയപ്പെടുത്തി. ഡോ. ഹുസൈന്‍ രണ്ടത്താണി സെമിനാര്‍വിഷയം അവതരിപ്പിച്ചു. മുന്‍ മന്ത്രി ടി കെ ഹംസ, പി ടി എ റഹിം എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍, എസ് എ പുതിയവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. എം ടി പി നൂറുദ്ദീന്‍ അധ്യക്ഷനായി. സി അബ്ദുകള്‍കരീം സ്വാഗതവും കെ വി മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. "കേരളത്തിലെ വര്‍ഗീയകലാപങ്ങളും ഇടതുപക്ഷവും" എന്ന വിഷയം സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ സംസാരിച്ചു. "വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടല്‍" വിഷയം എം എ നിസാര്‍ അവതരിപ്പിച്ചു. പ്രൊഫ. സി എച്ച് മേമി അധ്യക്ഷനായി. പി കെ റമീസ് സ്വാഗതവും അഡ്വ. പി കെ അന്‍വര്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ആമിന മാളിയേക്കല്‍, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ റംല പക്കര്‍ എന്നിവര്‍ സംസാരിച്ചു. പിലാക്കണ്ടി മുഹമ്മദലി അധ്യക്ഷനായി. കാത്താണ്ടി റസാഖ് സ്വാഗതവും കെ അബ്ദുള്‍റഷീദ് നന്ദിയും പറഞ്ഞു. ഒ വി അബ്ദുള്ള ട്രസ്റ്റ് ഗായകസംഘത്തിന്റെ സ്വാഗത ഗാനാലാപത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്.

ജമാ അത്തെ ഇസ്ലാമിക്ക് വര്‍ഗീയ നിലപാട്: പിണറായി

കണ്ണൂര്‍: ആര്‍എസ്എസിനെപ്പോലെ കടുത്ത വര്‍ഗീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാറില്‍ വിവിധ മുസ്ലിം സംഘടനകളെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യേകത. ഇസ്ലാമിക രാഷ്ട്രത്തിനുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. ഇതിനു പറയുന്ന ന്യായം ഇസ്ലാം രാഷ്ട്രത്തിലേ ഇസ്ലാം മതനിലപാടുകള്‍ മുറുകെ പിടിക്കാനാവൂ എന്നതാണ്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രവാദംപോലെ ആപല്‍ക്കരമാണ് ഈ സിദ്ധാന്തവും. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇത്തരം വര്‍ഗീയ നിലപാടുകളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്.

മതനിരപേക്ഷ സമൂഹം തീര്‍ത്തും ഒറ്റപ്പെടുത്തേണ്ട വേറൊരു കൂട്ടരാണ് എസ്ഡിപിഐ. കടുത്ത തീവ്രവാദ നിലപാടാണ് ഇവരുടേത്. മുസ്ലിം മതവിശ്വാസികള്‍ മറ്റു മതസ്ഥരുമായി ഇടപഴകുന്നതും സൗഹൃദം പുലര്‍ത്തുന്നതുപോലും ഇവര്‍ വിലക്കുന്നു. തങ്ങളുടെ ധാരണ മറ്റുള്ളവരിലാകെ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണിത്. മുസ്ലിം സമൂഹത്തെ ഇതര സമൂഹങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനാണ് ഈ സമീപനം ഇടയാക്കുക. തീവ്രവാദം എത്രമാത്രം ആപല്‍ക്കരമായെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി. ഒരുകൂട്ടം ആളുകളെ ചിലര്‍ വഴിപിഴപ്പിക്കാന്‍ തയ്യാറായതാണ് കശ്മീരിലേക്ക് തിവ്രവാദപരിശീലനത്തിന് കൊണ്ടുപോയതിലൂടെ കണ്ടത്. എത്രപേരെ കൊണ്ടുപോയിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. സമൂഹവും സമുദായവും വളരെ ഗൗരവമായി കാണേണ്ട പ്രശ്നമാണിത്.

മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്തുമ്പോള്‍ തന്നെ മതനിരപേക്ഷ ഭരണത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റല്ലെന്ന് കരുതുന്നവരാണ് മുസ്ലിം സമുദായത്തിലെ സുന്നി വിഭാഗം. ശരിയായ നിലയിലുള്ള മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. മതനവീകരണത്തിന് വലിയ സംഭാവനചെയ്ത വിഭാഗമാണ് മുജാഹിദ്. സ്ത്രീകളുടെ പദവി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തികച്ചും പുരോഗമനപരമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം പുതിയ കാലഘട്ടത്തില്‍ അതു തുടരാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment