ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തല്‍, പൊതുസേവകന്റെ തെറ്റായ പ്രവൃത്തി, ഖജനാവിന് നഷ്ടംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയത്. പ്രായം കണക്കിലെടുത്ത് ലാലുവിന് കുറഞ്ഞ ശിക്ഷമാത്രമേ വിധിക്കാവൂ എന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആവശ്യം തള്ളിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
66 കാരനായ ലാലുവിന്റെ 37 വര്‍ഷത്തോളം നീണ്ട പാര്‍ലമെന്ററി ജീവിതത്തിന് കോടതി വിധിയോടെ ഏറെക്കുറെ അന്ത്യമായി. അഞ്ച് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും വീണ്ടും ആറ് വര്‍ഷം കൂടി കഴിഞ്ഞശേഷമേ അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനോ ഏതെങ്കിലും ഔദ്യോഗിക പദവിയിലിരിക്കാനോ സാധിക്കൂ. കേസില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും ജഹാനാബാദില്‍ നിന്നുള്ള ജെഡിയു എംപി ജഗദീഷ് ശര്‍മ്മയെയും നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇതോടെ ജഗദീഷ് ശര്‍മയുടെയും ലോക്സഭാംഗത്വം നഷ്ടമാകും. കേസിലെ ശേഷിക്കുന്ന 42 പ്രതികളെയും കോടതി കുറ്റക്കാരായി വിധിച്ചിട്ടുണ്ട്. കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മകന്‍ തേജസ്വി യാദവ് പറഞ്ഞു.
ലാലു മുഖ്യമന്ത്രിയായിരിക്കെ ജാര്‍ഖണ്ഡിലെ (പഴയ ബിഹാര്‍) ഛായിബാസ ട്രഷറിയില്‍നിന്ന് 37.70 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചെന്നാണ് കേസ്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജരേഖകളും മറ്റും സമര്‍പ്പിച്ചായിരുന്നു മൃഗസംരക്ഷണവകുപ്പിന് വേണ്ടിയെന്ന പേരിലുള്ള പണം പിന്‍വലിക്കല്‍. 1995ല്‍ ബിഹാര്‍ നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പല സര്‍ക്കാരുകളുടെ കാലത്തായി വര്‍ഷങ്ങളായി തുടര്‍ന്നുവന്ന തട്ടിപ്പ് പുറത്തായത്. ബിഹാര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 54 കേസാണ് സിബിഐ രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 45 കേസ് തീര്‍പ്പായി. ലാലുവിനും മിശ്രയ്ക്കും ജഗദീഷ് ശര്‍മയ്ക്കും പുറമെ മുന്‍ മന്ത്രി വിദ്യാസാഗര്‍ നിഷാദ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ധ്രുവ് ഭാഗവത്, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂല്‍ചന്ദ് സിങ്, മഹേഷ് പ്രസാദ്, ബെക്ക് ജൂലിയസ്, കെ അറുമുഖം എന്നിവരാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രമുഖര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കാലിത്തീറ്റ കുംഭകോണ ആക്ഷേപമുണ്ടായിരുന്നെങ്കിലും കേസില്‍ ഉള്‍പ്പെട്ടില്ല.
മഹാരാജ്ഗഞ്ച് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയുവിനെതിരെ ഗംഭീരവിജയം നേടി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ആര്‍ജെഡിക്ക് ലാലുവിനെതിരായ കോടതിവിധി കനത്ത തിരിച്ചടിയായി. ജെഡിയു- ബിജെപി സഖ്യം പൊളിഞ്ഞതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് ആര്‍ജെഡി പ്രതീക്ഷിച്ചിരുന്നു.
deshabhimani
No comments:
Post a Comment