സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച ഡോ. എസ് ബലരാമന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാതെ ആരോഗ്യവകുപ്പിന്റെ ഒളിച്ചുകളി. നേഴ്സുമാരുടെ നിരന്തര സമരങ്ങളെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മിറ്റി 2012 ഏപ്രിലിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ആകെയുള്ള 50 ശുപാര്‍ശകളില്‍ 32ഉം ആരോഗ്യവകുപ്പാണ് നടപ്പാക്കേണ്ടത്. ബാക്കിയുള്ളവയാണ് തൊഴില്‍വകുപ്പിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു നിയോഗിച്ച മന്ത്രിമാരായ കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെട്ട ഉപസമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.
നേഴ്സ്-രോഗി അനുപാതം, നേഴ്സുമാരുടെ ജോലിനിര്‍വചനം, ഇന്‍ഷുറന്‍സും പെന്‍ഷനും ഏര്‍പ്പെടുത്തല്‍ തുടങ്ങിയ സുപ്രധാന നടപടികളാണ് ആരോഗ്യവകുപ്പ് നടപ്പാക്കേണ്ടത്. എന്നാല്‍ ഇതിനായി നേഴ്സിങ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍പോലും ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ചര്‍ച്ചയ്ക്കു വിളിക്കുകയും അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്യുകയാണ് ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ പതിവെന്ന് നേഴ്സിങ് സംഘടനകള്‍ പറയുന്നു. ജനറല്‍ വാര്‍ഡുകളില്‍ അഞ്ചു രോഗികള്‍ക്ക് ഒരു നേഴ്സ്, അത്യാഹിത വിഭാഗത്തില്‍ ഒരു രോഗിക്ക് ഒരു നേഴ്സ് എന്നതാണ് നേഴ്സിങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന അനുപാതം. ഇത് കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഇതു മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ നേഴ്സുമാരെ ഗണ്യമായി കുറയ്ക്കുകയാണ്. സമരം നടന്ന ആശുപത്രികളില്‍ നേഴ്സുമാരുടെ എണ്ണം പകുതിയോളം കുറച്ചു. ഇതുമൂലം ജോലിഭാരവും വര്‍ധിച്ചു. നേഴ്സ്-രോഗി അനുപാതം കൃത്യമായാല്‍ ജോലിഭാരം കുറയുമെന്നും സംസ്ഥാനത്തെ നേഴ്സുമാരുടെ തൊഴിലില്ലായ്മയ്ക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ പറയുന്നു.
പുരുഷ നേഴ്സുമാരുടെ സംവരണവും ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തമാണ്. 35 ശതമാനം സംവരണമാണ് നേഴ്സിങ് സംഘടകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ നിലവില്‍ പുരുഷ നേഴ്സുമാരെ നിയമിക്കുന്നില്ല. ജോലി എന്തെന്ന് കൃത്യമായി നിര്‍വചിക്കാത്തതിനാല്‍ നേഴ്സിങ് അസിസ്റ്റന്റ്, വാര്‍ഡ് അറ്റന്‍ഡര്‍ എന്നിവരുടെ ജോലിയും നേഴ്സുമാര്‍ ചെയ്യേണ്ടിവരുന്നു. ആരോഗ്യവകുപ്പിന്റെ വഞ്ചനയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നേഴ്സുമാര്‍. നവംബര്‍ 16ന് സെക്രട്ടറിയറ്റിനു മുന്നില്‍ ഒരുലക്ഷം നേഴ്സുമാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തും. നടപടി ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് യുഎന്‍എയുടെ തീരുമാനം.
deshabhimani
No comments:
Post a Comment