Saturday, November 2, 2013

ജോലിഭാരം കൂടുമ്പോഴും ബാങ്കുകളിലെ നിയമനം മന്ദഗതിയില്‍

ബാങ്ക് ഇടപാടുകളില്‍ കോടിക്കണക്കിന് രൂപയുടെ വര്‍ധനവുണ്ടാകുമ്പോഴും നിയമനം മന്ദഗതിയില്‍. ലക്ഷക്കണക്കിന് ജീവനക്കാരുടെ ഒഴിവുകള്‍ രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ നിലനില്‍ക്കുമ്പോഴും നിയമനം വേഗത്തിലാകാത്തത് കാരണം ജോലി ഭാരത്താല്‍ ജീവനക്കാര്‍ വിഷമിക്കുകയാണ്. 1995 വരെ രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡാണ് പരീക്ഷകള്‍ നടത്തിയത്. പിന്നീട് 15 വര്‍ഷത്തേക്ക് നിയമന നിരോധനം വരികയും 2010നുശേഷം രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ എന്ന ഏജന്‍സി (ഐബിപിഎസ്) പരീക്ഷ നടത്തി നിയമനം നടത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ പരീക്ഷ പാസായി ബാങ്കുകളില്‍ നിയമനം നേടുന്നവര്‍ പലരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ക്ലര്‍ക്കിന്റെ തസ്തികയില്‍ എത്തുന്നവര്‍ മിക്കവരും ബിടെക്കും എംസിഎയും എംബിഎയും വിജയിച്ചവരാണ്. ഇതിലും ഉയര്‍ന്ന ജോലികള്‍ കിട്ടുമ്പോള്‍ ഇവരില്‍ ഭൂരിഭാഗവും ബാങ്കിലെ ജോലി വിടുന്നു. ജോലിയില്‍ കയറി ആറ് മാസത്തിനകം 35 ശതമാനം പേര്‍ ഇത്തരത്തില്‍ കൊഴിഞ്ഞുപോകുന്നുണ്ട്.

ക്ലര്‍ക്കിന്റെ തസ്തികയിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്. പ്രൊബേഷണറി ഓഫീസര്‍, പ്യൂണ്‍ എന്നീ തസ്തികകളിലും കാര്യക്ഷമമായി നിയമനം നടക്കുന്നില്ല. പ്യൂണ്‍ പോലുള്ള തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍. പ്യൂണിന്റെ തസ്തികയില്‍ നിയമനം നടന്നിട്ട്് വര്‍ഷങ്ങളായി. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ എസ്ബിഐയിലാണ്. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ തുടങ്ങിയവയിലും ഒഴിവുകളുണ്ട്. ജീവനക്കാരുടെ ക്ഷാമം കാരണം സ്റ്റേറ്റ് ബാങ്കിലെ യൂണിയനുകള്‍ പ്രക്ഷോഭ പാതയിലാണ്. 1995 നുശേഷം ബിസിനസുകള്‍ കൂടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബാങ്ക് വഴി നല്‍കുന്ന സേവനങ്ങളുടെ എണ്ണവും വര്‍ധിച്ചതോടെ ജീവനക്കാരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്. ഗ്യാസ് സബ്സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് വഴി ബന്ധപ്പെടുത്തല്‍, സ്കോളര്‍ഷിപ്പ് വിതരണം എന്നിവയെല്ലാം ബാങ്ക് വഴിയാക്കിയതോടെ ബാങ്കുകളിലെത്തുന്ന ഇടപാടുകാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പലര്‍ക്കും സമയം കഴിഞ്ഞും ജോലി ചെയ്യേണ്ട അവസ്ഥയാണ്.
(സൗമ്യ സരയൂ)

deshabhimani

No comments:

Post a Comment