തന്നെ പൊതു ചടങ്ങിനിടയില്‍ അപമാനിച്ചത് പീതാംബരക്കുറുപ്പ് എം പിയാണെന്ന് നടി ശ്വേതമേനോന്‍ ചാനലില്‍ വ്യക്തമാക്കി. അപമാനിച്ചത് ആരെന്ന് ചാനലുകളുടെ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നും അക്കാര്യം താന്‍ നിഷേധിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു. അപമാനിച്ചത് പീതാംബരകുറുപ്പാണോയെന്ന ചോദ്യത്തിനോടാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നുവെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നതെന്നും എന്നാല്‍ ഇത്രയധികം ജനങ്ങള്‍ വന്നുചേര്‍ന്ന ഒരു പരിപാടി അലങ്കോലപ്പെടുത്തേണ്ടെന്ന് കരുതിയാണ് അത്തരത്തില്‍ ചെയ്യാതിരുന്നത്. താരസംഘടനയുമായി ആലോചിച്ച് നിയമനടപടി എടുക്കും. കലക്ടറോട് നേരിട്ട് പരാതി പറഞ്ഞതാണ്. എന്നാല്‍ കലക്ടര്‍ അതിപ്പോള്‍ നിഷേധിക്കുന്നത് ഏറെ സങ്കടപ്പെടുത്തുന്നതായും ശ്വേത പറഞ്ഞു.
എന്നാല്‍ ശ്വേത ഇത്ര വ്യക്തമായി വെളിപ്പെടുത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. സംഭവത്തെ കുറിച്ച് കൊല്ലം ജില്ല കലക്ടറോട് റിപ്പോര്‍ട്ട് തേടുകമാത്രമാണ് മുഖ്യമന്ത്രി ഇതുവരെ ചെയ്ത്ത് .
അതേസമയം സംഭവത്തില്‍ താന്‍ വാദിയോ പ്രതിയോ അല്ലെന്ന് എന്‍ പീതാംബരക്കുറുപ്പ് എം പി പറഞ്ഞു. പുറത്ത് വന്നത് ഏറെ വിചിത്രമായ ചിത്രങ്ങളാണ്. സംഭവത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദു:ഖമുണ്ട്. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഉടനെ പുറത്തുവരുമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. ശ്വേതമേനോനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉടനെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്. പരാതിയില്ലെങ്കില്‍പോലും കേസെടുക്കേണ്ട കാര്യത്തില്‍ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യക്കും യൂത്ത് കോണ്‍ഗ്രസ്കാരില്‍നിന്ന് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ശ്വേതമേനോന് നേരെ പീതാംബരക്കുറുപ്പില്‍ നിന്നുണ്ടായത് അത്യന്തം നീചമായ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇരകളുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് നടപടി എടുക്കുകയാണ് വേണ്ടതെന്ന് നിയമം പറയുന്നു. എന്നിട്ടും സര്‍ക്കാര്‍ എന്ത് നടപടി ആണ് എടുത്തതെന്നും വി എസ് ചോദിച്ചു. സംഭവത്തില്‍ ഉടനെ അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി എടുക്കണമെന്നും സംസ്ഥാന മഹിളാ അസോസിയേഷന്‍ നേതാക്കളായ ഡോ. ടി എന്‍ സീമ എംപിയും കെ കെ ശൈലജ ടീച്ചറും ആവശ്യപ്പെട്ടു. വനിതാകമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് വനിതാ കമ്മീഷനംഗം ലിസി ജോസ് പറഞ്ഞു. പരാതി തന്നാലെ പൊലീസ് കേസെടുക്കൂ എന്ന നിലപാട് ശരിയല്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ലജ്ജാകരമായ സാഹചര്യമാണിതെന്നും ശ്രീമതി പറഞ്ഞു. ശ്വേതക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും നിയമനടപടികളെ കുറിച്ച് ആലോചിച്ച് നടപടി എടുക്കണമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്‍റ് പറഞ്ഞു.
കൊല്ലത്ത് വ്യാഴാഴ്ച നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മല്‍സരത്തിന്റെ സമാപനത്തിനിടെ വൈകീട്ടാണ് സംഭവം. കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും തിങ്ങിനിറഞ്ഞ വേദിയിലാണ് ജനപ്രതിനിധി നടിയുടെ കയ്യില്‍ കടന്നുപിടിക്കുകയും ശരീരത്തിന്റെ മറ്റിടങ്ങളില്‍ തൊടുകയും പിടിക്കുകയും ചെയ്തത്. തിരക്കിനിടയില്‍ കൈ തട്ടിമാറ്റിയെങ്കിലും ശരീരത്തിന്റെ പിന്‍ഭാഗത്തും കടന്ന്പിടിച്ചെന്നാണ് ശ്വേത പറഞ്ഞു. ജില്ലാ കലക്ടറോട് നടി സംഭവത്തെ കുറിച്ച് വിവരിച്ചിരുന്നു. വള്ളംകളി ഫ്ളാഗ് ഓഫ് കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞാണ് നടി വേദിയിലെത്തിയത്. ഇവര്‍ പ്രസംഗിച്ച് കഴിഞ്ഞ് ഇരിക്കുന്നതിനിടയിലാണ് സംഭവം.
ഞെട്ടിത്തരിച്ച നടി ഒന്നിച്ചുണ്ടായിരുന്ന ഭര്‍ത്താവിനോട് വിവരം പറഞ്ഞു. അല്‍പസമയത്തിനകം രണ്ട് പേരും സമാപനവേദി വിട്ടു. പ്രശസ്ത നടന്‍ കലാഭവന്‍ മണിയും വേദിയിലുണ്ടായിരുന്നു. സമാപന ചടങ്ങിനു ശേഷം നടക്കാനിരുന്ന ഷൂട്ടിംഗ് സ്ഥലത്ത് നടി പൊട്ടിക്കരഞ്ഞു. പിന്നീടിവര്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയോട് പരാതിപ്പെട്ടു. ഇതറിഞ്ഞ എംപി, തിരക്കിനിടയില്‍ പറ്റിപ്പോയതാവാമെന്നും തന്നെ അഛനെപ്പോലെ കാണണമെന്നും നടിയോട് പറഞ്ഞു. എന്നാല്‍ അപമാനിച്ചത് ആരാണെന്ന് കൃത്യമായി അറിയാമെന്ന് നടി മറുപടി നല്‍കി. കൊല്ലം ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വേദിയിലാണ് സംഭവം.
deshabhimani
No comments:
Post a Comment