Sunday, March 24, 2013

വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു: ആന്റണി

കേന്ദ്രോം കേരളോം ഒരേ കക്ഷി ഭരിച്ചിട്ടും......

യുഡിഎഫില്‍ ഉടലെടുത്ത വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിയെയും ബാധിച്ചിട്ടുണ്ട്. നിലവിലുള്ള വിവാദങ്ങള്‍ ഒഴിവാക്കുന്നതാണ് യുഡിഎഫിന് നല്ലത്.

ഇറ്റാലിയന്‍ നാവികര്‍ തിരിച്ച് ഇന്ത്യയിലെത്തിയത് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. കടല്‍ക്കൊലപാതകക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ വികാരത്തെ പൂര്‍ണ്ണമായും പിന്തുണച്ചെന്നും ആന്റണി പറഞ്ഞു.

താന്‍ കെപിസിസി പ്രസിഡന്റെങ്കില്‍ ജോര്‍ജ് ഗൗരിയമ്മയെ അധിക്ഷേപിക്കില്ല: വയലാര്‍ രവി

കോട്ടയം: താനായിരുന്നു കെപിസിസി പ്രസിഡന്റെങ്കില്‍ കെ ആര്‍ ഗൗരിയമ്മയെയും ടി വി തോമസിനെയും അധിക്ഷേപിച്ച് സംസാരിക്കാന്‍ പി സി ജോര്‍ജ് മടിച്ചേനെയെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ഗൗരിയമ്മയും ടി വി തോമസും കേരളീയര്‍ ഏറെ ആദരിക്കുന്ന നേതാക്കളാണ്. മികച്ച മന്ത്രിമാരുമായിരുന്നു. പൊതുപ്രവര്‍ത്തകര്‍ പരസ്പരബഹുമാനത്തോടെ ഇടപെടണമെന്നും പ്രസ് ക്ലബ് മുഖാമുഖത്തില്‍ വയലാര്‍ രവി പറഞ്ഞു. ജോര്‍ജിനെതിരേ നടപടി വേണ്ടതല്ലേ എന്ന ചോദ്യത്തിന്, അതിന് ഞാന്‍ കെപിസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ അല്ലല്ലോ.. എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായിരിക്കുമെന്നും രവി പറഞ്ഞു.

ദേശീയതലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും യോജിക്കുന്നതിന് താന്‍ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച് സംഭാഷണം ആരംഭിക്കണം. ശ്രീലങ്കക്കെതിരേ യുഎന്നില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിട്ടില്ല. സ്റ്റാലിന്റെ വീട്ടിലെ സിബിഐ റെയ്ഡ് സംബന്ധിച്ച് സര്‍ക്കാരിന് ഒരറിവുമില്ല. ഡിഎംകെ തിരികെ യുപിഎയിലേക്ക് വരുമെന്ന് കരുതുന്നില്ല. റെയില്‍വേ ബജറ്റില്‍ കേരളത്തിന് വേണ്ടതെല്ലാം കിട്ടിയെന്ന് അഭിപ്രായമില്ല. ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ല. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ നയിക്കാനുള്ള കെല്‍പ്പ് രാഹുല്‍ഗാന്ധിക്കുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനും പെന്‍ഷന്‍ പദ്ധതിക്കും എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും രവി പറഞ്ഞു.

deshabhimani

No comments:

Post a Comment