Wednesday, March 27, 2013

നിലതെറ്റിയ പൊലീസ്


ചങ്ങലയ്ക്ക് ഭ്രാന്തുവന്നാലുണ്ടാകുന്ന അവസ്ഥ അറിയാന്‍ കേരള പൊലീസിനെ നോക്കിയാല്‍മതി. ഒരു ചെറുപ്പക്കാരനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുക; തല ഇടിച്ചുപൊട്ടിക്കുക; കൃത്യമായ ചികിത്സ നല്‍കാതിരിക്കുക; ഒടുവില്‍ മരണത്തിലേക്ക് നയിക്കുക- ഇതാണ് ആലപ്പുഴ ജില്ലയിലെ പൊലീസ് ചെയ്തത്. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിഎസ്സി കെമിസ്ട്രി അവസാന വര്‍ഷ വിദ്യാര്‍ഥി അഖിലേഷിനെയാണ് പൊലീസ് അക്ഷരാര്‍ഥത്തില്‍ കൊന്നുകളഞ്ഞത്. ആ യുവാവ് കള്ളനോ കൊലപാതകിയോ മറ്റേതെങ്കിലും കുറ്റംചെയ്തവനോ അല്ല. സുഹൃത്തിന്റെ ബൈക്കിലിരിക്കുമ്പോള്‍, മദ്യപിച്ചു എന്നാരോപിച്ചാണ് പൊലീസ് അഖിലേഷിനെ പിടിച്ചത്. വലിച്ചിഴയ്ക്കുകയും ജീപ്പില്‍ തല ഇടിക്കുകയുംചെയ്തു. വിദഗ്ധ ചികിത്സ നല്‍കാതെ പൊലീസിന് ഇഷ്ടമുള്ളിടത്ത് കൊണ്ടുപോയി കിടത്തി. ബന്ധുക്കളുടെ താല്‍പ്പര്യം മാനിച്ചില്ല. ആദ്യം കാണാന്‍പോലും സമ്മതിച്ചില്ല.

ആരാണ് പൊലീസിന് ഇങ്ങനെ നിഗ്രഹാധികാരം കൊടുത്തത്? രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ അമിതാധികാരം വകവച്ചുകിട്ടിയ പൊലീസ്, ജനങ്ങളുടെ മെക്കിട്ടു കയറുന്നതില്‍ ആശ്ചര്യമില്ല. കേരളാ പൊലീസിനെ ക്രിമിനല്‍സേനയാക്കി അധഃപതിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് അഖിലേഷ്. ഒരു എസ്ഐക്ക് തോന്നിയ ക്രൂരതയായിമാത്രം ഈ നൃശംസതയെ ചുരുക്കിക്കാണാനാവില്ല. പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രി അതിന് പ്രോത്സാഹനം നല്‍കുന്നു. കള്ളക്കേസുകള്‍ ചമച്ചും നിയമവിരുദ്ധമായ നടപടികളിലൂടെയും ജനങ്ങളുടെ മുതുകത്ത് കയറുന്ന പൊലീസ്ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തണമെങ്കില്‍, ഭരണതലത്തിലെ ക്രിമനല്‍ മനസ്സ് ആദ്യം അടങ്ങണം. അതിന് യുഡിഎഫ് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നാണ് അഖിലേഷിന്റെ മരണമറിഞ്ഞ് രോഷാകുലരായി ദേശീയ പാതയിലേക്കൊഴുകിയ ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിനും പൊലീസിനും നന്ന്.

deshabhimani editorial 270313

No comments:

Post a Comment