Sunday, March 24, 2013

അര്‍ഥപൂര്‍ണമായ ആശയസംവാദമായി സിഐടിയു സെമിനാറുകള്‍


കണ്ണൂര്‍: ഒരു മണിക്കൂര്‍ വിളക്കണച്ച് ഭൗമമണിക്കൂര്‍ ആചരിക്കുന്ന ദിവസം മട്ടന്നൂരില്‍ കേരളത്തിലെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് അര്‍ഥപൂര്‍ണമായ ചര്‍ച്ച. പാപ്പിനിശേരിയില്‍ തൊഴിലാളിവര്‍ഗ സമരചരിത്രത്തിലൂടെയുള്ള അസുലഭമായ യാത്രയായിരുന്നു. നവലിബറല്‍ നയങ്ങള്‍ തൊഴിലില്ലായ്മ പെരുപ്പിക്കുന്നതെങ്ങനെയെന്നാണ് പാനൂരില്‍ ട്രേഡ്യൂണിയന്‍- യുവജനസംഘടനാ നേതാക്കളും വിദഗ്ധരും ഇഴകീറി പരിശോധിച്ചത്. സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ വിഷയത്തിന്റെ കാലികപ്രസക്തിയും പങ്കെടുക്കുന്നവരുടെ ആധികാരികതയുംകൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്. തൊഴിലാളികളും ബഹുജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സെമിനാറുകളില്‍ പങ്കെടുക്കുന്നത്.

"ഉദാരവല്‍ക്കരണവും തൊഴിലില്ലായ്മയും" എന്ന വിഷയത്തില്‍പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സെമിനാര്‍ മുന്‍ തൊഴില്‍ മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, എഐവൈഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ പവിത്രന്‍ അധ്യക്ഷനായി. ഇ വിജയന്‍ സ്വാഗതം പറഞ്ഞു. പാപ്പിനിശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് "തൊഴിലാളിവര്‍ഗ സമരചരിത്ര"ത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഇടപ്പള്ളി സമരനായകന്‍കൂടിയായ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ് ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, എന്‍എഫ്പിഇ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍, ടി വി രാജേഷ് എംഎല്‍എ, സി കൃഷ്ണന്‍ എംഎല്‍എ, പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ നാരായണന്‍ അധ്യക്ഷനായി. പി കെ സത്യന്‍ സ്വാഗതം പറഞ്ഞു.

"വൈദ്യുതി മേഖലയിലെ പ്രതിസന്ധി" എന്ന വിഷയത്തില്‍ മട്ടന്നൂരില്‍ നടന്ന സെമിനാര്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍ ഉദ്ഘാടനംചെയ്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ഒ ഹബീബ്, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍( ഐഎന്‍ടിയുസി) നേതാവ് എം എസ് റാവുത്തര്‍, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) സംസ്ഥാന പ്രസിഡന്റ് എ എസ് രാജന്‍, കെഎസ്ഇബിഒഎ പ്രസിഡന്റ് ബി പ്രദീപ്, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാവ് വി ലക്ഷ്മണന്‍, എന്‍ വി ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. പി പുരുഷോത്തമന്‍ അധ്യക്ഷനായി. എം രാജന്‍ സ്വാഗതം പറഞ്ഞു.

deshabhimani 240313

No comments:

Post a Comment