Sunday, March 31, 2013

ഇറാന്‍: പാശ്ചാത്യ ഭീഷണിക്കെതിരെ ബ്രിക്സ്


ഡര്‍ബന്‍: ആണവപ്രശ്നത്തില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും മറ്റും മുഴക്കുന്ന ആക്രമണഭീഷണികളില്‍ അഞ്ചാം ബ്രിക്സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിലും ബ്രിക്സ് കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു. ഹരിത സമ്പദ്വ്യവസ്ഥ സഹകരണത്തിനടക്കം വിവിധ കരാറുകള്‍ ഒപ്പിട്ട് ഉച്ചകോടി ബുധനാഴ്ച (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ) സമാപിച്ചു.

അന്താരാഷ്ട്രബാധ്യതകള്‍ നിറവേറ്റിക്കൊണ്ട് സമാധാനപരമായ ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ ഇറാനുള്ള അവകാശം അംഗീകരിക്കുന്നതായി ഇന്ത്യയും ചൈനയും റഷ്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന പ്രധാന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇറാനിയന്‍ ആണവപ്രശ്നത്തിന് ചര്‍ച്ചയിലൂടെയല്ലാതെ പരിഹാരമില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഉച്ചകോടിയുടെ അവസാനം പുറത്തുവിട്ട ഡര്‍ബന്‍ പ്രഖ്യാപനം വ്യക്തമാക്കി. സിറിയയിലെ സംഘര്‍ഷത്തിന് സിറിയന്‍ നേതൃത്വത്തില്‍ രാഷ്ട്രീയപ്രക്രിയയിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ബ്രിക്സ് രാജ്യങ്ങള്‍ വ്യക്തമാക്കി.

ശാശ്വതസമാധാനവും സ്ഥിരതയും സ്ഥാപിക്കാന്‍ അഫ്ഗാനിസ്ഥാന് സമയവും വികസനസഹായവും സഹകരണവും കമ്പോളങ്ങളില്‍ പ്രത്യേക പരിഗണനയും നല്‍കണമെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സൗദി പ്രതിനിധിയെ വിളിപ്പിച്ച് ഇറാന്‍ പ്രതിഷേധം അറിയിച്ചു

തെഹ്റാന്‍: സൗദി അറേബ്യയില്‍ അടുത്തയിടെ പിടിയിലായ "ചാരസംഘം" ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന സൗദി അധികൃതരുടെ ആരോപണത്തില്‍ ഇറാന്‍ പ്രതിഷേധിച്ചു. ഇറാനിലെ സൗദി നയതന്ത്രപ്രതിനിധിയെ വിദേശമന്ത്രാലയത്തില്‍ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചു. പ്രശ്നത്തില്‍ ഇറാന്‍ സൗദിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സൗദി ഭരണകൂടം ഷിയാ മുസ്ലിങ്ങളുടെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനൊപ്പം അവരെ ഇറാന്‍ചാരന്മാരായി മുദ്രകുത്തുന്നതും അസാധാരണമല്ല.

deshabhimani 310313

No comments:

Post a Comment