Friday, March 29, 2013

പിന്നോക്കവിഭാഗവകുപ്പ് യാഥാര്‍ഥ്യമായില്ല; ജോലിഭാരം തുടരുന്നു


പട്ടികജാതി വികസന വകുപ്പിന്റെ ജോലിഭാരം കുറയ്ക്കാന്‍ പിന്നോക്ക വിഭാഗവകുപ്പ് രൂപീകരിക്കാനുള്ള നടപടി പാതിവഴിയില്‍. പുതിയ വകുപ്പില്‍ പ്രാദേശികതലത്തില്‍ ഓഫീസുകളോ തസ്തികകളോ രൂപീകരിക്കാത്തതിനാല്‍ ജോലിഭാരത്തില്‍ കുറവുവരുത്താനായില്ല. ഒബിസി, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ തുടങ്ങിയവയുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യാനാണ് കഴിഞ്ഞവര്‍ഷം ഒബിസി വകുപ്പ് രൂപീകരിച്ചത്. ഇവയുടെ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് ഇപ്പോഴും പട്ടികജാതി ക്ഷേമവകുപ്പ് തന്നെ. ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ചാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. തിരുവനന്തപുരത്തെ ഓഫീസില്‍ ഡയറക്ടറെയും സെക്രട്ടറിയെയും പത്തോളം ജീവനക്കാരെയും നിയമിച്ചു. ജില്ല-താലൂക്ക് തലങ്ങളില്‍ ഓഫീസാകാത്തതിനാല്‍ വകുപ്പും ഉദ്യോഗസ്ഥരും നോക്കുകുത്തികളായി. പട്ടികജാതിക്കാരുള്‍പ്പെടെ എല്ലാത്തരം പിന്നോക്കക്കാര്‍ക്കുമുള്ള ആനുകൂല്യവിതരണം നടത്താനാകാതെ ഓഫീസുകള്‍ വലയുന്നു. മിക്കയിടത്തും ജീവനക്കാര്‍ക്ക് അവധിദിവസങ്ങളിലും ജോലിചെയ്യേണ്ടിവരുന്നു. ഒബിസി വിഭാഗങ്ങള്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ് അടക്കമുള്ള ആനുകൂല്യം കിട്ടാതെപോകുകയും വൈകുകയും ചെയ്യുന്നു.

1978 ലെ സ്റ്റാഫ് പാറ്റേണ്‍ നിലനില്‍ക്കുന്ന പട്ടികജാതി വികസന വകുപ്പില്‍ അധികഭാരം സംബന്ധിച്ച പരാതി തുടരുകയാണ്. കൂടുതലും വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് വകുപ്പ് കൈകാര്യംചെയ്യുന്നത്. 78 ല്‍ ഒരു ജില്ലയില്‍ ആയിരത്തില്‍ താഴെ വിദ്യാര്‍ഥികളാണ് ആനുകൂല്യം നേടിയിരുന്നതെങ്കില്‍ ഇപ്പോളിത് അരലക്ഷത്തിന് മുകളിലാണ്. പട്ടികജാതിക്കാരുടേത് ഒഴികെയുള്ളവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് പുതിയ വകുപ്പിനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
(പി സി പ്രശോഭ്)

deshabhimani 290313

No comments:

Post a Comment