Saturday, March 23, 2013

സ്മാര്‍ട്ട്സിറ്റി നിര്‍മാണാരംഭ പ്രഖ്യാപനം കരാറില്‍നിന്നു വ്യതിചലിച്ച്


അടിസ്ഥാന കരാറില്‍നിന്നു വ്യതിചലിച്ച് സ്മാര്‍ട്ട്സിറ്റിയുടെ ഒന്നാംഘട്ട നിര്‍മാണാരംഭ പ്രഖ്യാപനം. പദ്ധതിയുടെ 70 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും ഐടി ആവശ്യത്തിനാവണമെന്ന കരാറിലെ പ്രധാന വ്യവസ്ഥയാണ് തുടക്കത്തില്‍തന്നെ ലംഘിച്ചത്. കമ്പനി അധികൃതര്‍ വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനപ്രകാരം ഒന്നാം ഘട്ടത്തില്‍ 60 ശതമാനം നിര്‍മാണം മാത്രമാണ് ഐടിക്കായി ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഐടി ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് സാധ്യത ചൂഷണംചെയ്യുകയാണ് ലക്ഷ്യം. കമ്പനിയുടെ മറ്റു പ്രഖ്യാപനങ്ങളിലും അനിശ്ചിതത്വം ബാക്കിയാണ്.

ഒന്നാം ഘട്ടമായി 50 ഏക്കറില്‍ 15 ലക്ഷം ചതുരശ്ര അടി നിര്‍മാണം ജൂണില്‍ ആരംഭിക്കുമെന്നാണ് പദ്ധതിയുടെ കിക്കോഫ് യോഗത്തിനുശേഷം എംഡി ബാജു ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ ഒമ്പതുലക്ഷം ചതുരശ്ര അടി സ്ഥലത്താവും ഐടി കെട്ടിടങ്ങള്‍. ശേഷിക്കുന്ന നിര്‍മാണം ഐടി ഇതര ആവശ്യങ്ങള്‍ക്കണ്. കരാര്‍പ്രകാരം 10.5 ലക്ഷം ചതുരശ്ര അടി നിര്‍മാണം ഐടി മേഖലയ്ക്കായി നടത്തേണ്ടിടത്താണ് ഇതില്‍നിന്നുള്ള വ്യതിചലനം. മേയ് ആദ്യം മാസ്റ്റര്‍പ്ലാനിന് അന്തിമരൂപമാകുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഇതിനായി മത്സരാടിസ്ഥാനത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഡിസൈന്‍നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് നിര്‍ദേശങ്ങള്‍ ലഭിക്കും. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഏപ്രില്‍ 11ന് ദുബായിയില്‍ ചേര്‍ന്ന് മികച്ചതിന് അംഗീകാരം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഒന്നാംഘട്ടം നിര്‍മാണപ്രവര്‍ത്തനം 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെടുന്നുവെങ്കിലും രണ്ടാംഘട്ടം തുടങ്ങുന്നതു സംബന്ധിച്ച് മൗനം അവലംബിക്കുന്നത് സംശയം ജനിപ്പിക്കുന്നു. മൊത്തം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഞ്ചരവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ഇക്കാര്യത്തിലുള്ളത്.

പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ ഏപ്രില്‍ 15ന് നല്‍കും. 45 ദിവസത്തിനകം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍ അനുമതി വൈകിയാല്‍ നിര്‍മാണം പിന്നെയും നീളും. മൊത്തം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ സിനര്‍ജി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് സര്‍വീസിനെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇന്റേണല്‍ ഓഡിറ്റര്‍മാരായി വര്‍മ ആന്‍ഡ് വര്‍മ കമ്പനിയെയും നിയോഗിച്ചു. സിനര്‍ജി സിഎംഡി സങ്കീ പ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 230313

No comments:

Post a Comment