Friday, March 29, 2013
സൗദി സ്വദേശിവല്‍ക്കരണം മലബാറിന്റെ നട്ടെല്ലൊടിക്കും
കേന്ദ്രം നിര്‍ജീവം
സൗദിയില്‍ നിതാഖാത്ത് നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആശങ്ക പരിഹരിക്കാന്‍ നയതന്ത്ര ശ്രമങ്ങളൊന്നും നടത്താത്ത കേന്ദ്രം ഈ തൊഴില്‍പ്രശ്നം വിദേശ കമ്പനികളുടെ ബാധ്യതയാണെന്ന വിചിത്രമായ നിലപാടാണ് സ്വീകരിക്കുന്നത്.
സ്വദേശിവല്‍ക്കരണ നിയമം നടപ്പാക്കുന്നതില്‍ ഉദാരത പുലര്‍ത്താന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍, നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ സ്വതന്ത്ര പരമാധികാര രാജ്യമായ സൗദി അറേബ്യയോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. എന്നാല്‍,ഒരു ഇന്ത്യക്കാരനും സഹായം തേടി സൗദിയിലെ ഇന്ത്യന്‍ എംബസിയെയോ തന്റെ മന്ത്രാലയത്തെയോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം നേടിയ സൗദി പൗരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍നിന്ന് സൗദിയെ പിന്തിരിപ്പിക്കാനാകില്ല. എത്രമാത്രം ഇന്ത്യക്കാരെ അവിടെ നിലനിര്‍ത്താം എന്നേ പരിശോധിക്കാനാകൂ. കമ്പനികള്‍ക്ക് തന്നെയാണ് നടപടി സ്വീകരിക്കാനാകുക. തദ്ദേശീയരെ നിയമിച്ച് ഇന്ത്യക്കാരെ കമ്പനികള്‍ക്ക് സംരക്ഷിക്കാം. കുറേ പേര്‍ക്ക് എന്തായാലും സൗദി വിടേണ്ടി വരും.
തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ല. സാമ്പത്തിക സഹായം നല്‍കാനുമാകില്ല. തന്റെ മന്ത്രാലയത്തിന്റെ പക്കല്‍ ചെറിയ തുകയേ ഉള്ളൂ. അതാത് സംസ്ഥാനങ്ങള്‍ പുനരധിവാസത്തിന് മുന്‍കൈയെടുക്കണം. എത്ര ഇന്ത്യക്കാരെ നിയമം ബാധിക്കുമെന്നതിന്റെ കണക്ക് ഇല്ല. ഇന്ത്യയിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം പോലും സര്‍ക്കാരിന്റെ കൈവശമില്ല. ഈ സാഹചര്യത്തില്‍ അന്യരാജ്യത്തെ ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് എങ്ങനെ സൂക്ഷിക്കും-രവി ചോദിച്ചു.
(പി വി അഭിജിത്)
എങ്ങും ആശങ്ക; നഗരങ്ങള്‍ വിജനം
ദമാം: സ്വദേശിവല്‍ക്കരണനിയമം കര്‍ശനമാക്കുകയും തെരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തതോടെ സൗദി നഗരങ്ങള്‍ വിജനമായി. പുറത്തിറങ്ങാന്‍ ഭയപ്പെട്ട് ജീവിക്കുകയാണ് ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസിസമൂഹം. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍മാത്രമാണ് പലരും പുറത്തിറങ്ങുന്നത്. മിക്കയിടത്തും കടകള്‍ തുറക്കാറില്ല. നഗരങ്ങളിലും തെരുവുകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞത് രാജ്യത്തെ ചെറുകിടകച്ചവടത്തെയും വ്യാപാരത്തെയും ബാധിച്ചു. ചെറുകിടസ്ഥാപനങ്ങളിലെ ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വിദേശികളാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പല വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വിദേശികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചത് പാര്‍പ്പിടനിര്‍മാണ മേഖലയ്ക്കും ആഘാതമായി. നിയമം ലംഘിക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി ആദില്‍ ഫക്കീഹ് ആവര്‍ത്തിച്ചു. നടപടി തുടങ്ങിയതോടെ രണ്ടുലക്ഷം വിദേശികള്‍ ജോലി ഉപേക്ഷിച്ച് പോയതായും മൂന്നുമാസത്തിനിടെ 1,80,000 സ്ഥാപനങ്ങളില്‍ സ്വദേശികളുടെ ശമ്പളം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
സൗദി സ്വദേശിവല്‍ക്കരണം മലബാറിന്റെ നട്ടെല്ലൊടിക്കും
മലപ്പുറം: സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണ നിയമം മലബാറിന്റെ സാമ്പത്തിക-തൊഴില്‍ മേഖലകളില്‍ കനത്ത ആഘാതമേല്‍പ്പിക്കും. പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിക്കുവയ്ക്കണമെന്ന നിതാഖാത്ത് നിയമം ഏറ്റവും ഗുരുതരമായി ബാധിക്കുക മലബാറിനെയാകും. എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ ആറുലക്ഷം പേരും മലയാളികളാണ്. ഇവരിലേറെയും മലബാറില്‍നിന്നുള്ളവരും. ഇവര്‍ മടങ്ങിയെത്തുന്നത് മലബാറിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലൊടിക്കും. മലബാറില്‍നിന്നുള്ളവരിലേറെയും അവിദഗ്ധ തൊഴിലാളികളാണ്. വിസക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് പലരും സൗദിയില്‍ ജോലിതേടിയത്. ഹൗസ് ഡ്രൈവറടക്കമുള്ള വിസയിലെത്തിയ മലയാളികള്‍ ഹോട്ടല്‍, കഫ്തീരിയ, മിനി മാര്‍ക്കറ്റ് എന്നിവടങ്ങളിലാണ് ജോലിചെയ്യുന്നത്. സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യണമെന്നത് കര്‍ശനമാക്കിയതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. മലബാറിന്റെ വാണിജ്യ-വ്യവസായ മേഖലയുടെ അടിത്തറ ഗള്‍ഫ് പണമാണ്. ഇതില്‍ പ്രധാന പങ്ക് സൗദി മലയാളികളുടെതാണ്. അവിടെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ നടത്തിയാണ് പലരും പണം സമ്പാദിക്കുന്നത്. സൗദി പൗരന്മാരുടെ ലൈസന്‍സിലാണ് ഇവര്‍ സ്ഥാപനം നടത്തുന്നത്. പുതിയ നിയമം ഇത്തരക്കാര്‍ക്ക് കട നടത്താനാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവര്‍ കച്ചവടം അവസാനിപ്പിക്കുന്നത് അവിടെ ജോലിചെയ്യുന്ന മറ്റ് മലയാളികളെയും ബാധിക്കും.
നിയമംപാലിക്കാത്തവരെ പിടികൂടി നാടുകടത്താനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. ഇത്തരക്കാര്‍ക്ക് വന്‍തുക പിഴ ഈടാക്കുകയും ചെയ്യും. സ്വന്തം ചെലവില്‍ നാട്ടിലെത്തുകയും വേണം. ഫലത്തില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടാകും പ്രവാസികള്‍ നാട്ടിലെത്തുക. ഇവിടെ പുതിയ സംരംഭം തുടങ്ങാനുള്ള സാമ്പത്തികശേഷി ഭൂരിഭാഗത്തിനുമുണ്ടാകില്ല. നിര്‍മാണമേഖലയില്‍ ഉള്‍പ്പെടെ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഗള്‍ഫ് മലയാളികളുടെ ആഡംബര വീടുകളാണ് നിര്‍മാണമേഖലയില്‍ ജോലിസൃഷ്ടിക്കുന്നത്. ഇത് സ്തംഭിക്കുന്നത് നാട്ടിലെ തൊഴില്‍സാഹചര്യം വഷളാക്കും. ഇപ്പോള്‍ തന്നെ മലബാറില്‍ നിര്‍മാണമേഖലയില്‍ സ്തംഭനാവസ്ഥ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിലെ പ്രവാസി നിക്ഷേപത്തിന്റെ വലിയൊരളവും എത്തുന്നത് സൗദിയില്‍നിന്നാണ്. സംസ്ഥാനത്തെ ബാങ്കുകളില്‍ 62,708 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയിലാണ്. സൗദി പ്രതിസന്ധി ഈ മേഖലയിലെ വിദേശ നിക്ഷേപത്തിലെ ഇടവിനും സാധ്യതയുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെയും പ്രതിസന്ധി നേരിട്ട് ബാധിക്കും. മലബാറിലെ പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ മിക്കതും നിലനില്‍ക്കുന്നത് ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ്. മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും പ്രധാന പ്രശ്നമാണ്. ലക്ഷങ്ങള്‍ ഒന്നിച്ച് മടങ്ങുന്നത് തൊഴില്‍ മേഖലകളില്‍ പ്രതിസന്ധിസൃഷ്ടിക്കും. പല തൊഴില്‍ മേഖലകളിലും ഇതിനകം അന്യസംസ്ഥാന തൊഴിലാളികള്‍ കീഴടക്കികഴിഞ്ഞു. നിര്‍മാണമേഖലയിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം മടങ്ങിയെത്തുന്നവര്‍ക്ക് വെല്ലുവിളിയാണ്.
deshabhimani 290313
Subscribe to:
Post Comments (Atom)
No comments:
Post a Comment