Sunday, March 24, 2013

എന്‍ഡോസള്‍ഫാന്‍: പുതിയ സെല്‍ രാഷ്ട്രീയപ്രേരിതം


ആശങ്കകളുമായി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം

കാസര്‍കോട്: ആശങ്കകള്‍ പങ്കുവച്ച് ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷിമന്ത്രി ചെയര്‍മാനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം 25ന് വിളിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്. ജില്ലാതല സെല്ലിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്നതാണ് നടപടിയെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പുതിയ സെല്‍ വിളിച്ച സാഹചര്യത്തില്‍ ജില്ലാതല സെല്‍ നിലനില്‍ക്കുമോയെന്ന ചോദ്യമുണ്ടായപ്പോള്‍ അറിയില്ലെന്ന കലക്ടറുടെ മറുപടി ആശങ്ക ഇരട്ടിയാക്കി.

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലില്‍ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാര്‍ രൂപീകരിച്ച സെല്ലില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്ള എപിഎല്‍ വിഭാഗത്തിലുള്ളവരെ ബിപിഎല്ലാക്കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കും. ഏപ്രില്‍, മെയ് മാസങ്ങളിലായാണ് അദാലത്ത്. നാലിന് ബദിയഡുക്ക, ഒമ്പതിന് ബെള്ളൂര്‍, 16ന് കാറഡുക്ക, 23ന് കുമ്പഡാജെ, 27ന് മുളിയാര്‍ മെയ് മൂന്നിന് അജാനൂര്‍, എട്ടിന് പുല്ലൂര്‍- പെരിയ, 16ന് പനത്തടി, 22ന് കയ്യൂര്‍-ചീമേനി, 25ന് എണ്‍മകജെ എന്നിവിടങ്ങളിലാണ് അദാലത്ത്. എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആദ്യഗഡു ധനസഹായം 400 പേര്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നിക്ഷേപിച്ചു. 200 പേര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചു. സ്ഥിര നിക്ഷേപമായി തുക ബാങ്കിലിടുന്നതില്‍ മാറ്റം വരുത്തി ആനുകൂല്യം പിന്‍വലിക്കാന്‍ കഴിയുംവിധമാക്കും. എടിഎമ്മിന് പകരം മണിയോര്‍ഡറായി പണം ലഭിക്കുന്നതിന് 783 അപേക്ഷ ലഭിച്ചു. തുടര്‍ നടപടിക്കായി സാമൂഹ്യ സുരക്ഷാമിഷന് അയച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മൂന്ന് ആംബുലന്‍സ് ലഭിച്ചതായി എന്‍ആര്‍എച്ച്എം ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. പെരിയ, ബദിയഡുക്ക, പനത്തടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലാണ് ആംബുലന്‍സ്. ജനറല്‍ ആശുപത്രിയില്‍ നാല് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും. എന്‍പിആര്‍പിഡി ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെ ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായവര്‍ക്ക് ഒരുമാസത്തിനകം സഹായോപകരണങ്ങള്‍ നല്‍കും.

എന്‍ഡോസള്‍ഫാന്‍: പുതിയ സെല്‍ രാഷ്ട്രീയപ്രേരിതം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന ജില്ലാപഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ നോക്കുകുത്തിയാക്കി തട്ടിക്കൂട്ടിയ പുതിയൊരു സെല്ലിനെക്കൊണ്ട് കാര്യങ്ങള്‍ നടത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പി കരുണാകരന്‍ എംപിയും ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് പുതിയ സെല്‍ അംഗങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നത്. പുതിയ സെല്‍ ദുരിതബാധിതര്‍ക്ക് ഗുണം ചെയ്യില്ല. ഇത് രാഷ്ട്രീയപാര്‍ടി നേതാക്കളുടെ കൂട്ടായ്മ മാത്രമാണ്. 2005 മുതല്‍ ജില്ലാപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല സെല്ലാണ് ദുരിതബാധിതരുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സെല്ലിന്റെ കണ്‍വീനര്‍ കലക്ടറാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളായ 11 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും എംപിയും എംഎല്‍എമാരും ബന്ധപ്പെട്ട വിദഗ്ധരും വിവിധ വകുപ്പ് മേധാവികളും സെല്ലിലുണ്ട്. ഇതില്‍ എട്ട് പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുന്നതാണ്. ദേശീയ ശില്‍പശാല "കോണ്‍കോഡ്" അടക്കം വിവിധ പരിപാടികള്‍ നടത്തിയത് സെല്ലിന് കീഴിലാണ്. തുടര്‍ന്ന് നല്‍കിയ പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയിലുമാണ്. സെല്ലിന്റെ പ്രവര്‍ത്തന ഭാഗമായാണ് ദുരിതബാധിത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് നബാര്‍ഡ് അനുവദിച്ച 200 കോടിയുടെ പദ്ധതി. ദേശീയതലത്തില്‍ അംഗീകാരം നേടിയതാണ് സെല്ലിന്റെ പ്രവര്‍ത്തനം. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സെല്ലാണ് ജില്ലയില്‍ ദുരിബാധിതര്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് നിയമസഭയില്‍ തന്നെ ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.

മെച്ചപ്പെട്ട ഈ കമ്മിറ്റിയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ കൃഷിമന്ത്രി ചെയര്‍മാനായി പുതിയ സെല്‍ രൂപീകരിച്ചത്. കേന്ദ്രീകൃത സംവിധാനത്തിലുള്ള സമിതി രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെ കൂട്ടായ്മ മാത്രമാണ്. ദുരിതബാധിതമായ അഞ്ച് പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമിതിയിലില്ല. ദുരിതബാധിതരില്ലാത്ത മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംഗമാണ്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനെ ഉള്‍പ്പെടുത്തി. ദുരിതബാധിതരുടെ ക്ഷേമത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ- പരിസ്ഥിതി- ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്ക് സമിതിയില്‍ സ്ഥാനമില്ല. ദുരിതബാധിതരെ സഹായിക്കലല്ല, രാഷ്ട്രീയപാര്‍ടി നേതാക്കളുടെ സാന്നിധ്യം മാത്രമാണ് പുതിയ സെല്ലിന്റെ ലക്ഷ്യം. ഒന്നരവര്‍ഷം മുമ്പ് രൂപീകരിച്ച് ഉത്തരവായ സെല്‍ ഇതുവരെയായി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. സെല്ലിന്റെ യോഗം തിരുവനന്തപുരത്തല്ല കാസര്‍കോടാണ് ചേരേണ്ടത്. മൂന്നംഗ മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിട്ട് മാസങ്ങളായിട്ടും മന്ത്രിസഭ ഇതുവരെ പരിഗണിച്ചിട്ടില്ല. സര്‍ക്കാര്‍ രാഷ്ട്രീയമായി പ്രശ്നത്തെ സമീപിക്കുകയാണ്. ദുരിതബാധിതര്‍ക്ക് ഗുണം ചെയ്യാത്ത പുതിയ സെല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി കരുണാകരനും ഇ ചന്ദ്രശേഖരനും ആവശ്യപ്പെട്ടു.

നിര്‍വീര്യമാക്കല്‍ സാങ്കേതികവിദ്യ എച്ച്ഐഎല്‍ കൈമാറുന്നില്ല

കാസര്‍കോട്: ജില്ലയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള സാങ്കേതികവിദ്യ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് കൈമാറുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പദ്ധതി-ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് കമ്മിറ്റിയുടെ ചെയര്‍മാനായ കലക്ടര്‍ സാങ്കേതിക വിദ്യയുടെയും ചെലവിന്റെയും വിശദാംശം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടും പൊതുമേഖലാ സ്ഥാപനമായ എച്ച്ഐഎല്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനിയെ സഹായിക്കാനാണ് എച്ച്ഐഎല്‍ ഈ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിര്‍വീര്യമാക്കാന്‍ മതിയായ സാങ്കേതിക വിദ്യയില്ലെന്നും ഭീമമായ തുക ചെലവാകുമെന്നും ശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ മുഴുവന്‍ വിറ്റഴിക്കണമെന്നുമാണ് കേസിലെ എതിര്‍കക്ഷികളായ എന്‍ഡോസള്‍ഫാന്‍ കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടത്. എച്ച്ഐഎല്‍ വികസിപ്പിച്ച വിദ്യ ചെലവു കുറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ വിജയകരമായി നടന്നാല്‍ കമ്പനിയുടെ വാദം ദുര്‍ബലമാകും. ഇതിനാലാണ് കമ്പനികളെ സഹായിക്കുന്ന വിധത്തില്‍ എച്ച്ഐഎല്‍ നിലപാട് സ്വീകരിക്കുന്നത്. കേസ് കഴിഞ്ഞാലേ സാങ്കേതിക വിദ്യ കൈമാറൂ എന്നാണ് നിര്‍വീര്യമാക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ചോര്‍ന്ന് അപകട ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് നിര്‍വീര്യമാക്കല്‍ പദ്ധതി ആരംഭിച്ചത്. പെരിയ, ചീമേനി, രാജപുരം ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 1600 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ജപ്പാന്‍ നിര്‍മിത എച്ച്ഡിപിഇ ബാരലുകളിലേക്ക് മാറ്റി. ബാരലുകളില്‍ ശേഖരിച്ച എന്‍ഡോസള്‍ഫാന്‍ മൂന്നുമാസത്തിനകം നിര്‍വീര്യമാക്കാനാണ് ലക്ഷ്യമിട്ടത്. സാമ്പിള്‍ പരിശോധനക്ക് അയച്ചശേഷമാണ് ചെലവുകുറഞ്ഞ രീതിയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്ന സാങ്കേതിക വിദ്യ തങ്ങളുടെ പക്കലുണ്ടെന്ന് കമ്മിറ്റിയോട് എച്ച്ഐഎല്‍ വ്യക്തമാക്കിയത്.
(ജെയ്സണ്‍ ഫ്രാന്‍സിസ്)

deshabhimani 240313

No comments:

Post a Comment