Saturday, March 23, 2013

ചിനുവ അചെബെ അന്തരിച്ചു


ഇരുണ്ട ഭൂഖണ്ഡത്തിന്റെ രോഷം ലോകത്തോട് വിളിച്ചുപറഞ്ഞതിലൂടെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി വാഴ്ത്തപ്പെട്ട നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ചിനുവ അചെബെ (82) അന്തരിച്ചു. ബോസ്റ്റണിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 1990ലെ കാര്‍ അപകടത്തില്‍ അരയ്ക്കുതാഴെ മരവിച്ചതോടെ വീല്‍ച്ചെയറിലായിരുന്നു ജീവിതം.

ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ ആഫ്രിക്കയിലെ ഇഗ്ബോ പോരാളിയുടെ കഥപറഞ്ഞ "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" (സര്‍വവും ശിഥിലമാകുന്നു- 1958) എന്ന നോവല്‍ മലയാളമടക്കം അമ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ബ്രിട്ടീഷ് കോളനിവാഴ്ചയെ ആഫ്രിക്കയുടെ വീക്ഷണത്തില്‍ അവതരിപ്പിച്ച നോവലിന്റെ കോടിയോളം പ്രതികള്‍ വിറ്റഴിഞ്ഞു. അമേരിക്കയിലടക്കം നോവല്‍ പാഠപുസ്തകമായി. ""വെള്ളക്കാര്‍ ബുദ്ധിമാന്മാരാണ്, സമാധാനപൂര്‍വം സ്വന്തം മതവുമായി അവര്‍ വന്നു, അവരുടെ മണ്ടത്തരങ്ങളില്‍ ആനന്ദം തോന്നി നമ്മള്‍ അവര്‍ക്ക് ഇടംനല്‍കി. ഇപ്പോള്‍ ഇനിയൊരിക്കലും ഒന്നിക്കാനാകാതെ പോയ നമ്മുടെ സഹോദരന്മാരെയും ഗോത്രത്തെയും അവര്‍ ജയിച്ചു.""- നോവലിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളിലൂടെ ആഫ്രിക്കയിലെ കോളിനിവാഴ്ചയുടെ ചരിത്രം മുഴുവനും അചെബെ സംഗ്രഹിക്കുന്നു. "തിങ്സ് ഫാള്‍ എപ്പാര്‍ട്ടി"ന്റെ ജനപ്രീതി, "ആഫ്രിക്കന്‍ കഥാസാഹിത്യത്തിന്റെ മുത്തച്ഛന്‍" എന്ന വിളിപ്പേരും അചെബെയ്ക്ക് നല്‍കി.

ബ്രിട്ടീഷ് നൈജീരിയയിലെ തെക്കുകിഴക്കന്‍ ഗ്രാമീണമേഖലയില്‍ 1930ല്‍ ജനിച്ച അചെബെ രക്തരൂക്ഷിതമായ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് ദൃക്സാക്ഷിയായി. യൗവനകാലത്തുതന്നെ നോവല്‍ രചനയിലെത്തി. ആഫ്രിക്കന്‍ സമൂഹത്തിന്റെ സൗന്ദര്യവും മൃഗീയഭാവവും തുടിക്കുന്ന ഇരുപതിലധികം രചനകളിലൂടെ അചെബെ തകര്‍ച്ചയിലേക്ക് പതിക്കുന്ന രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആധിയും പങ്കുവയ്ക്കുന്നു. 2007ല്‍ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം തേടിയെത്തി. ക്രിസ്മസ് ഇന്‍ ബിയാഫ എന്ന കവിതാസമാഹാരം കോമണ്‍വെല്‍ത്ത് കവിതാപുരസ്കാരത്തിന് അര്‍ഹമായി. നൈജീരിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതി അചെബെ രണ്ടുതവണ നിരസിച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി. എഴുത്തിനുപിന്നിലെ വികാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അചെബെയുടെ മറുപടി ഇങ്ങനെയായിരുന്നു- ""മറ്റുള്ളവരുടെ കഥ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ സ്വന്തമായി എഴുതണം.""

deshabhimani 230313 photo courtesy: the hindu daily

No comments:

Post a Comment