സുപ്രീംകോടതിയില്‍ ഡിവൈഎഫ്ഐ നല്‍കിയിട്ടുള്ള കേസില്‍ കമ്പനികള്‍ക്ക് എതിരാകുന്ന കാര്യങ്ങളൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ധനസഹായ വിതരണത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍നിന്ന് പിന്നോട്ടുപോകാന്‍ കാരണമിതാണ്. ദുരന്തബാധിതരുടെ എണ്ണം ചുരുക്കി കാണിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ചുരുക്കം ചിലര്‍മാത്രമാണ് രോഗികളായിട്ടുള്ളതെന്നും അത് എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്ന കമ്പനികളുടെ വാദത്തിന് ബലമേകാനുമാണ് സര്‍ക്കാര്‍ നടപടി. അഞ്ചുവര്‍ഷംകൊണ്ട് എല്ലാസഹായവും നിര്‍ത്തലാക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് വര്‍ഷം കഴിഞ്ഞിട്ടും തിരുത്താന്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. ദുരിതബാധിതരുടെ കടങ്ങള്‍ പരിശോധിച്ച് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടും രണ്ടുവര്‍ഷമായി. ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സഹായത്തിനായി മാത്രം 11 പഞ്ചായത്തുകളില്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രത്യേക ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ സേവനവും ഈ സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ചികിത്സാ സൗകര്യംപോലും പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ കടുത്ത വഞ്ചനയാണ് ഇരകളോട് കാണിക്കുന്നത്.
സര്‍ക്കാര്‍ നിലപാടിനെതിരെ തിങ്കളാഴ്ച കാസര്‍കോടന്‍ ജനത ഒന്നടങ്കം തെരുവിലിറങ്ങും. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പകല്‍ മൂന്നുമുതല്‍ റോഡ് ഉപരോധിച്ച് ജനങ്ങളുടെ പ്രതിഷേധം അറിയിക്കും. സമരസമിതി മനുഷ്യസമുദ്രം സൃഷ്ടിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്്. പകല്‍ രണ്ടുമുതല്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി കാസര്‍കോടെത്തും. അവരവരുടെ കൊടിക്കീഴില്‍ അണിനിരക്കുന്നവര്‍ വിവിധ തരത്തിലുള്ള സമരങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ചത്തെ യോഗത്തിലും പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ സമരങ്ങളെയായിരിക്കും നേരിടേണ്ടി വരിക.
എന്‍ഡോസള്‍ഫാന്‍ സമരം: നാളെ പ്രതിഷേധ ജനസമുദ്രം
കാസര്‍കോട്: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതൃത്വത്തില്‍ പ്രതിഷേധ ജനസമുദ്രം തീര്‍ക്കും. തിങ്കളാഴ്ച പകല്‍ 2.30ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പ്രതിഷേധം.
ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തിങ്കളാഴ്ച പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളെ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തെരുവുകള്‍ കൈയടക്കി ജനസമുദ്രം സൃഷ്ടിക്കുന്നത്. പകല്‍ മൂന്നുമുതല്‍ നാലുവരെ കടകളും ഹോട്ടലുകളും അടക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും മുന്നണി അഭ്യര്‍ഥിച്ചു. സാംസ്കാരിക കലാപരിപാടികളുമുണ്ടാകും.
ഇതിനിടെ അനിശ്ചിതകാല നിരാഹാരം 34 ദിവസം പിന്നിട്ടു. മോയിന്‍ബാപ്പു, ഗ്രോവാസു എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ മോഹന്‍കുമാറിന്റെ നിരാഹാരം 20 ദിവസം പിന്നിട്ടു. പി കരുണാകരന്‍ എംപി സത്യഗ്രഹികളെ സന്ദര്‍ശിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി ഐക്യദാര്‍ഢ്യ സത്യഗ്രഹം നടത്തി. ഇ പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി ബാലന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, കെ കെ നായര്‍, വാസു ചോറോട്, പ്രൊഫ. കെ പി ജയരാജന്‍, എന്‍ പി വിജയന്‍, പി ദാമോദരന്‍, പി വി ജയരാജന്‍, എം വി രാഘവന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, കൊട്ടറ വാസുദേവ്, ഡോ. അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും പി വി രാഘവന്‍ നന്ദിയും പറഞ്ഞു. നീലേശ്വരം റോട്ടറി ക്ലബ്, കോണ്‍ഗ്രസ് എസ് പദയാത്ര ശൃംഖലയും ഐക്യദാര്‍ഢ്യവുമായെത്തി.
No comments:
Post a Comment