Wednesday, March 27, 2013
ബ്രിക്സ് ബാങ്ക് രൂപീകരിക്കും
ഡര്ബന്: ആഗോള ധനഘടനയില്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിട്ട് സ്വന്തമായി വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായി അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ബാങ്ക് രൂപീകരണത്തിന് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍സമയം ചൊവ്വാഴ്ച രാത്രി 11ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ആരംഭിച്ച ഉച്ചകോടിയില്‍ അംഗരാഷ്ട്രങ്ങളുടെ നായകര്‍ ഇതംഗീകരിക്കുന്നതോടെ തീരുമാനമാവും.
വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബ്രിക്സ് ബാങ്ക് പാശ്ചാത്യ, സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കുന്ന ബ്രെട്ടന്‍വുഡ് സ്ഥാപനങ്ങളായ ലോകബാങ്കിനും അന്താരാഷ്ട്ര നാണ്യനിധിക്കും(ഐഎംഎഫ്) വെല്ലുവിളിയാവും എന്നാണ് കണക്കാക്കപ്പെടുന്നത്. അംഗരാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കു പുറമെ ഉയര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളിലെയും വികസ്വര രാജ്യങ്ങളിലെയും വികസന, പശ്ചാത്തല സൗകര്യ പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. ബ്രിക്സ് ബാങ്ക് പ്രായോഗികമാണെന്ന് ഉച്ചകോടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ധനമന്ത്രിമാരുടെ യോഗശേഷം ധനമന്ത്രി പി ചിദംബരം അറിയിച്ചു. ആഴ്ചകള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബാങ്കിന്റെ മൂലധനം, അംഗത്വം, ഭരണം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയാവാനുണ്ട്. ഇക്കാര്യത്തില്‍ അന്തിമരേഖ അടുത്തവര്‍ഷത്തോടെ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗരാജ്യങ്ങളുടെ തുല്യ നിക്ഷേപത്തോടെ 5000 കോടി ഡോളറിന്റെ സഞ്ചിത നിധിയുണ്ടാക്കി ബാങ്ക് തുടങ്ങാനാണ് ഏകദേശ ധാരണ. മറ്റ് ബാങ്കുകളില്‍നിന്ന് ബ്രിക്സ് ബാങ്കിന് വായ്പ എടുക്കാനാവും.
deshabhimani 270313
Labels:
ബാങ്കിംഗ്,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment