Tuesday, March 26, 2013

ജില്ലാ ബാങ്കിന്റെ 18 ഏക്കര്‍ വസ്തു വില്‍പ്പനയ്ക്ക്


തൃശൂര്‍: വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഭരണകാലത്ത് ജില്ലാ ബാങ്ക് ഏറ്റെടുത്ത കോടികള്‍ വിലമതിക്കുന്ന ഭൂമി വിറ്റഴിക്കുന്നു. ഇതുവഴി കോടികളുടെ കൊള്ളയ്ക്കാണ് സഹകരണമന്ത്രിയുടെ ഒത്താശയോടെ യുഡിഎഫ് ഭരണസമിതിയുടെ നീക്കം. 18 ഏക്കര്‍ വരുന്ന അഞ്ചിടത്തെ ഭൂമിയും രണ്ടു കെട്ടിടങ്ങളും വില്‍ക്കാന്‍ തീരുമാനിക്കാനായി ബാങ്കിന്റെ പ്രത്യേക പൊതുയോഗം 27ന് ചേരും.

സി എന്‍ ബാലകൃഷ്ണന്‍ ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെ യുഡിഎഫ് ഭരിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് കോടികള്‍ വഴിവിട്ട് വായ്പ നല്‍കിയിരുന്നു. വടക്കാഞ്ചേരി വിരുപ്പാക്ക സ്പിന്നിങ് മില്ലിന് 15 കോടിയും അത്താണി കാര്‍ത്തിക റൈസ്മില്ലിന് 13 കോടിയും കേച്ചേരി പ്രിയദര്‍ശിനി സഹകരണ ആശുപത്രിക്ക് 2.5 കോടിയും വായ്പ നല്‍കിയിരുന്നെങ്കിലും ഒന്നും തിരിച്ചടച്ചില്ല. ഭരണസമിതി വായ്പ തിരിച്ചടയ്ക്കാത്ത സ്ഥാപനങ്ങള്‍ ഈട് നല്‍കിയ വസ്തുവഹകള്‍ മുന്‍ എല്‍ഡിഎഫ് ഭരണസമിതി ഏറ്റെടുത്തു. വിരുപ്പാക്ക മില്ലിന്റെ 11ഏക്കര്‍, അത്താണി റൈസ് മില്ലിന്റെ ആറ് ഏക്കര്‍, കേച്ചേരി പ്രിയദര്‍ശനിയുടെ 55 സെന്റ്, അരിമ്പൂര്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ 14 സെന്റ് സ്ഥലവും കെട്ടിടവും കൂര്‍ക്കഞ്ചേരി കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ ഒമ്പതു സെന്റും കെട്ടിടവും എന്നിവയാണ് 2008-10 കാലത്ത് ഏറ്റെടുത്തത്. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ഇത്തരത്തില്‍ ഏറ്റെടുത്ത ഭൂമി ഏഴു വര്‍ഷം വരെ കൈവശംവയ്ക്കാം. പിന്നീട് വിറ്റഴിക്കുകയോ ബാങ്കിന് ആവശ്യമുള്ള പ്രൊജക്ടുകള്‍ നടപ്പാക്കുകയോ ചെയ്യാം. ഭൂമി വില്‍ക്കുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ച ഏജന്‍സി വില നിശ്ചയിക്കണം. ഇതൊന്നും പാലിക്കാതെയാണ് യുഡിഎഫ്ഭരണസമിതി വന്ന് രണ്ടു മാസം തികയുംമുമ്പേ വില്‍പ്പന തീരുമാനിച്ചത്.

കൂര്‍ക്കഞ്ചേരിയിലെ സ്ഥലവും കെട്ടിടവും ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാബാങ്ക് ശാഖ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനായി നീക്കിവച്ചതാണ്. മുമ്പ് ഇത്തരത്തില്‍ ജില്ലാ ബാങ്ക് ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ പുതുക്കാട്, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ സ്വത്ത് വന്‍ തുകയ്ക്ക് വിറ്റ് അംഗീകൃത സംഖ്യമാത്രം രേഖയില്‍ കാണിക്കാനാണ് നീക്കം. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കാന്‍ പോകുന്നതെന്ന് യുഡിഎഫിനുള്ളില്‍ത്തന്നെ ചര്‍ച്ചയുണ്ട്. ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അങ്ങിനെയുള്ള ഭരണസമിതി നയപരമായ തീരുമാനമെടുക്കുന്നതും നിയമവിരുദ്ധമാണ്. സി എന്‍ ബാലകൃഷ്ണന്‍ ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെ കുറുപ്പം റോഡിലെ ബാങ്കിന്റെ മുന്‍ ആസ്ഥാന മന്ദിരവും സ്ഥലവും കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാന്‍ തീരുമാനമെടുത്തെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ജനറല്‍ബോഡി തള്ളിക്കളയുകയായിരുന്നു.

deshabhimani 260313

No comments:

Post a Comment