മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പേരിലാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മലയാളം സര്‍വകലാശാല നിലവില്‍ വന്നത്. ഓര്‍ഡിനന്‍സ് മുഖേന നിലവില്‍വന്ന സര്‍വകലാശാലയ്ക്ക് വേണ്ടി നിയമമുണ്ടാക്കുന്നതിനുള്ള 2013ലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ "ബഹുഭാഷാ പണ്ഡിതന്‍" അബ്ദുസമദ് സമദാനി സംഭാവനചെയ്ത പുതിയ പദാവലി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭാരേഖകളില്‍നിന്ന് നീക്കം ചെയ്തത് ഭാഷയ്ക്ക് "തിരിച്ചടി"യായെങ്കിലും സഭയില്‍ നിറഞ്ഞുനിന്നത് ഭാഷാസ്നേഹം തന്നെ.
ക്ണാപ് എന്ന സായ്പിന്റെ പേരിലുള്ള മലപ്പുറം പ്രയോഗം മലയാളഭാഷയിലെ പ്രാദേശിക പദാവലിയാണെന്നും ഇങ്ങനെ പദങ്ങള്‍ പ്രയോഗിക്കുന്നത് ഭാഷയുടെ വികാസത്തിന്റെ ഭാഗമാണെന്നുമാണ് സമദാനിയുടെ വിശ്വാസം. ക്ണാപ്പിലെ ഏര്‍പ്പാട്, ക്ണാപ്പന്മാര്‍ എന്നൊക്കെയുള്ള പ്രയോഗം ഈ സായ്പിന്റെ പേരില്‍ നിന്ന് വന്നതാണത്രെ. ഈ പ്രയോഗം ഏറ്റവും അനുയോജ്യമായത് കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കാണെന്നും അദ്ദേഹം ഒരു ക്ണാപ്പന്‍ വിസിയാണെന്നും എ പ്രദീപ്കുമാര്‍ അഭിപ്രായപ്പെട്ടതോടെയാണ് ഈ വാക്ക് പാര്‍ലമെന്ററിയാണോ അല്ലയോ എന്ന് വി ഡി സതീശന് സംശയം തോന്നിയത്. കോഴിക്കോട് സര്‍വകലാശാലാ (ഭേദഗതി) ബില്‍ ചര്‍ച്ചയിലാണ് സര്‍വകലാശാലയുടെ അന്തസ്സ് കെടുത്തിയ വി സിക്കെതിരെ പ്രദീപ്കുമാര്‍ ഈ പ്രയോഗം നടത്തിയത്. വൈസ് ചാന്‍സലര്‍ പോലുള്ള ഉന്നതപദവിയിലിരിക്കുന്നവര്‍ ആരായാലും ഇത്തരം പദങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകുന്നത് ശരിയല്ലെന്ന് സതീശന്‍ വാദിച്ചു. ഇതോടെയാണ് സ്പീക്കര്‍ രേഖകളില്‍നിന്ന് നീക്കാമെന്നുപറഞ്ഞത്. ക്ണാപ്പന്‍ വാക്ക് ഇനി സഭാരേഖകളില്‍ ഇല്ല. എങ്കിലും മലയാളം സര്‍വകലാശാലയിലെ ആദ്യബാച്ച് വിദ്യാര്‍ഥികള്‍ക്ക് തന്നെ ഈ വാക്ക് പാര്‍ലമെന്ററിയാണോ അല്ലയോ എന്ന വിഷയത്തില്‍ ഗവേഷണം നടത്താവുന്നതാണ്. മലയാളം സര്‍വകലാശാലാ ബില്ലിന് നിരാകരണപ്രമേയം അവതരിപ്പിച്ച് സംസാരിച്ച കെ ടി ജലീല്‍ മലയാളത്തിന് ഒരു സര്‍വകലാശാല എന്നതില്‍നിന്ന് മലയാളത്തില്‍ ഒരു സര്‍വകലാശാല എന്ന വിശാലമായ ക്യാന്‍വാസിലേക്ക് നിലവാരം ഉയര്‍ത്തേണ്ടുന്നതില്‍ ഊന്നല്‍ നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ബജറ്റ് വിഹിതം കുറച്ചതും കലിക്കറ്റ് സര്‍വകലാശാലയില്‍ അരങ്ങേറുന്ന അഴിമതിയും ജലീല്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള സര്‍വകലാശാലകളുടെ നിയമാവലി അതേപടി പകര്‍ത്തിയുള്ള ബില്‍ ആണ് മന്ത്രി അവതരിപ്പിച്ചതെന്ന് ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതെങ്ങനെ മലയാളത്തിന് പ്രയോജനപ്പെടുമെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്കൃത സര്‍വകലാശാല നിലവില്‍വന്ന് വര്‍ഷങ്ങളായി. അവിടെ പഠിച്ച എത്രപേര്‍ക്ക് സംസ്കൃതത്തില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്? ഇത്തരത്തില്‍ ഒരു ഗതിയാകുമോ മലയാളം സര്‍വകലാശാലയ്ക്കും എന്നായിരുന്നു സാജു പോളിന്റെ സംശയം. തകര്‍ച്ചയിലായിരുന്ന ഹീബ്രുഭാഷയെ രക്ഷിക്കാന്‍ ഹീബ്രു സര്‍വകലാശാല രൂപീകരിച്ചതിന്റെ അനുഭവം ഉള്‍ക്കൊണ്ടായിരിക്കണം മലയാളം സര്‍വകലാശാലയുടെ പ്രവര്‍ത്തനമെന്നാണ് വി ശശിക്ക് പറയാനുള്ളത്. ചാനല്‍ ഭാഷയാണ് മലയാളം ഭാഷയെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്ന കാലമാണിതെന്ന് ബെന്നി ബെഹനാന്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഭാഷാ പ്രഖ്യാപനത്തോട് നീതി പുലര്‍ത്താന്‍ കോടതികള്‍ തയ്യാറാകാത്തതിനെയാണ് കെ വി അബ്ദുള്‍ഖാദര്‍ വിമര്‍ശിച്ചത്. ബില്ലിലെ വാസ്തുവിദ്യാപഠനം അന്ധവിശ്വാസം വളര്‍ത്തില്ലേ എന്നാണ് വി ടി ബല്‍റാം ബെന്നി ബെഹനാനോട് ചോദിച്ചത്. എന്നാല്‍, വാസ്തുവിദ്യ അന്ധവിശ്വാസമെന്ന് അംഗീകരിക്കാന്‍ ബെന്നി ബെഹനാന് താല്‍പ്പര്യമില്ല. അതേസമയം വാസ്തുവിദ്യയിലെ അന്ധവിശ്വാസം വകവയ്ക്കാതെ ആര്യാടന്‍ മുഹമ്മദ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നതിനെ പ്രകീര്‍ത്തിക്കാനും മടി കാണിച്ചില്ല. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ഈ നിലയിലായത്് അവിടെ താമസിക്കുന്നതുകൊണ്ടാണെന്ന് അപ്പുറത്തുള്ള ചിലര്‍ പറയുന്നുണ്ടല്ലോ എന്നായി പ്രതിപക്ഷത്തുനിന്നുള്ള പരിഹാസം. വെള്ളമില്ലാതെ തുണി അലക്കുന്നതുപോലെയാണ് സര്‍വകലാശാലാ ബില്‍ എന്ന് പുരുഷന്‍ കടലുണ്ടി പറഞ്ഞു. സിനിമകളുടെ തലക്കെട്ട് പോലും ഇംഗ്ലീഷ് വാക്കുകളാകുന്നതിനെക്കുറിച്ചാണ് മുല്ലക്കരയ്ക്ക് പറയാനുണ്ടായിരുന്നത്. ആദ്യമലയാള സിനിമയായ വിഗതകുമാരന്റെ ചരിത്രം പറയുന്ന സിനിമയ്ക്ക് പോലും ഇംഗ്ലീഷ് പേരാണെന്ന് മുല്ലക്കര ചൂണ്ടിക്കാട്ടിയപ്പോള്‍ സിനിമ എന്ന വാക്ക് മാറ്റി ചലച്ചിത്രം എന്ന് പറയണമെന്നായി മന്ത്രി എം കെ മുനീര്‍.
കലിക്കറ്റ് സര്‍വകലാശാലാ ഭേദഗതി ബില്‍ അംഗീകരിക്കുന്നത് നിയമനിര്‍മാണ സഭയിലെ കറുത്ത ഏടാകുമെന്ന് എ പ്രദീപ്കുമാര്‍ പറഞ്ഞു. ലീഗിന്റെ ആശ്രിതനായ വിസിയും നോമിനേറ്റഡ് സിന്‍ഡിക്കറ്റും നടത്തുന്ന കൊള്ളയും അഴിമതിയും പ്രദീപ് വരച്ചുകാട്ടി. കലിക്കറ്റ് വിസിയെ വിമര്‍ശിക്കുന്ന നിങ്ങള്‍ ഡോ. ബി ഇക്ബാലിനെ വിസിയാക്കിയില്ലേ എന്നും അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നുമായി വര്‍ക്കല കഹാറിന്റെ ചോദ്യം. കിടക്കുമ്പോള്‍ ഉറക്കം വരാനെങ്കിലും വല്ലതും വായിച്ചാല്‍ കഹാറിന് ഈ സംശയമുണ്ടാകില്ലെന്നായി പ്രദീപ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ മടിശ്ശീല കാവല്‍ക്കാരെയാണ് വൈസ്ചാന്‍സലര്‍മാരാക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ ലക്ഷോപലക്ഷം തൊഴില്‍രഹിതരെയാണ് വഞ്ചിക്കുന്നതെന്ന് ടി വി രാജേഷ് പറഞ്ഞു. വി ഡി സതീശന്‍, വി അജിത്, കെ രാജു, ഇ കെ വിജയന്‍ എന്നിവരും ബില്ലുകളിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
(എം രഘുനാഥ്)
deshabhimani 260313
No comments:
Post a Comment