Wednesday, March 27, 2013

വേതനവും അടിസ്ഥാന സൗകര്യങ്ങളുമില്ല അങ്കണവാടി ജീവനക്കാര്‍ ദുരിതത്തില്‍


തൃശൂര്‍: മിനിമം വേതനവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജില്ലയിലെ അങ്കണവാടി ജീവനക്കാര്‍ ദുരിതത്തില്‍. തുച്ഛമായ വരുമാനത്തില്‍ ആനുകൂല്യങ്ങളൊന്നുമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിഭാരത്തിന് മാത്രം കുറവില്ല. ജില്ലയില്‍ 3016 അങ്കണവാടിയാണുള്ളത്. ഓരോ കേന്ദ്രത്തിലും ഒരു വര്‍ക്കറും ഹെല്‍പ്പറും എന്ന തോതില്‍ 6032 ജീവനക്കാര്‍. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജില്ലയില്‍ 40 ശതമാനം അങ്കണവാടികള്‍ക്ക് മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്. മറ്റുള്ളവ വാടകക്കെട്ടിടങ്ങളിലും ഷെഡുകളിലുമാണ്. പഞ്ചായത്തുകളില്‍ 200ഉം മുനിസിപ്പല്‍-കോര്‍പറേഷന്‍ പരിധിയില്‍ 250 രൂപയുമാണ് സര്‍ക്കാര്‍ വാടകയിനത്തില്‍ അനുവദിക്കുന്നത്. ജില്ലയില്‍ 2000ല്‍ കുറഞ്ഞ തുകയ്ക്ക് കെട്ടിടം ലഭിക്കില്ലെന്നിരിക്കെ ജീവനക്കാര്‍ തുച്ഛവരുമാനത്തില്‍ നിന്ന് പണം നല്‍കുന്ന സ്ഥിതിയാണ്. മിക്ക കെട്ടിടങ്ങള്‍ക്കും മൂത്രപ്പുരയില്ല. രാവിലെ 9.30ന് ആരംഭിക്കുന്ന പ്രീ-പ്രൈമറി ക്ലാസ് 3.30ന് അവസാനിക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ ഭവനസന്ദര്‍ശന സമയമാണ്. ഈ സമയമത്രയും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം മിക്കയിടത്തുമില്ല.

കുടിവെള്ളപ്രശ്നം രൂക്ഷമായ ജില്ലയില്‍ ജീവനക്കാര്‍ പാചകത്തിനുള്ള വെള്ളത്തിനായും ഏറെ കഷ്ടപ്പെടുന്നുണ്ട്. രാവിലെ ദൂരെനിന്ന് വെള്ളം കൊണ്ടുവന്നുവേണം പാചകം തുടങ്ങാന്‍. മഴക്കാലമാകുന്നതോടെ ഷെഡുകളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ ചോര്‍ന്നൊലിക്കും. വേനല്‍ക്കാലമാണെങ്കിലും തേയ്ക്കാത്ത തറയുള്ള ഷെഡുകള്‍ സുരക്ഷിതമല്ല. സുരക്ഷിതമല്ലാത്ത കേന്ദ്രത്തിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കും.

വര്‍ക്കര്‍ക്ക് 4000 രൂപയും ഹെല്‍പ്പര്‍ക്ക് 2500 രൂപയുമാണ് നിലവിലെ ഓണറേറിയം. ഓണറേറിയം നിശ്ചയിക്കുന്നത് സര്‍വീസിന്റെ അടിസ്ഥാനത്തിലല്ല. 35 വര്‍ഷമായി ജോലിചെയ്യുന്നയാള്‍ക്കും പുതുതായി നിയമിച്ചയാള്‍ക്കും ഒരേ തുകയാണ്. 2011ല്‍ 400 രൂപ വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ നാല് മാസത്തെ കുടിശ്ശിക ലഭിച്ചിട്ടില്ല. മുന്‍ സര്‍ക്കാര്‍ വര്‍ക്കര്‍മാര്‍ക്ക് 500ഉം ഹെല്‍പ്പര്‍മാര്‍ക്ക് 300ഉം രൂപ പെന്‍ഷന്‍ അനുവദിക്കുകയും വര്‍ഷാവര്‍ഷം ഈ തുക വര്‍ധിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഈ ധാരണ കാറ്റില്‍ പറത്തി. ക്ഷേമനിധിയില്‍നിന്ന് ചികിത്സയ്ക്കായി ലഭിക്കുന്നത് 2000 രൂപ. അതും മാരകരോഗങ്ങള്‍ക്ക് മാത്രം. അപേക്ഷിച്ച് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാകും തുക ലഭിക്കുക. വീട് നിര്‍മാണത്തിനായി വായ്പ ലഭിക്കുന്നത് 10,000 രൂപയും. ഇതിനായി സ്ഥലത്തിന്റെ ആധാരം ഈട് നല്‍കണം.

ജില്ലയില്‍ വായ്പയ്ക്കായി ആരും അപേക്ഷ നല്‍കാറില്ലെന്ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ കെ പ്രസന്നകുമാരി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുവേണ്ടി സര്‍വേ നടത്തുന്നത് അങ്കണവാടി ജീവനക്കാരാണ്. മിക്കതും ആനുകൂല്യം നല്‍കാതെയാണ് നടപ്പാക്കുന്നത്. ഒരേ ആവശ്യത്തിനായി നാലോളം രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ഭാരിച്ച ജോലിയും ജീവനക്കാര്‍ക്കുണ്ട്. മിനിമം വേതനം 10,000 രൂപയാക്കണമെന്നതാണ് ജീവനക്കാരുടെ പ്രാഥമികാവശ്യം.
(ഡെസ്നി സുല്‍ഹ്)

deshabhimani

No comments:

Post a Comment