Thursday, March 28, 2013

കണ്ണൂര്‍ സര്‍വകലാശാല ഫീസ് വര്‍ധന പിന്‍വലിച്ചു


കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് നടപ്പാക്കിയ ഫീസ് വര്‍ധന എസ്എഫ്ഐ നടത്തിയ അനിശ്ചിതകാല നിരാഹാരസമരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതുതായി ഏര്‍പ്പെടുത്തിയ 22 ഇനങ്ങളിലുള്ള ഫീസ് വര്‍ധനയാണ് പിന്‍വലിച്ചത്. വര്‍ധന ആവശ്യമെങ്കില്‍ അത് പരിശോധിക്കാന്‍ സിന്‍ഡിക്കറ്റ് പ്രത്യേകസമിതിയെ നിയോഗിക്കും. ഈ സമിതി വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കൂ. ചില പരീക്ഷകള്‍ക്ക് പുതുതായി 700 മുതല്‍ 1200 ശതമാനംവരെ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് 25 ശതമാനമായി കുറയ്ക്കാനും ധാരണയായി. സപ്ലിമെന്ററി പരീക്ഷയുടെ ഫീസില്‍ 20 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് പത്തു രൂപയായി കുറച്ചു. മുമ്പ് വര്‍ധിപ്പിച്ച സര്‍വകലാശാല പഠനവകുപ്പുകളുടെ ഫീസും 25 ശതമാനമായി കുറയ്ക്കാന്‍ ധാരണയായി.

അമിത ഫീസ് വര്‍ധനക്കെതിരെ വ്യാഴാഴ്ച സര്‍വകലാശാലാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 26 പേര്‍ ജയിലിലായി. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ തിങ്കളാഴ്ചമുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ജയിംസ് മാത്യു, ടി വി രാജേഷ് എന്നിവര്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ എം അബ്രഹാമുമായി ചര്‍ച്ച നടത്തിയിരുന്നു. സിന്‍ഡിക്കറ്റ് ഏര്‍പ്പെടുത്തിയ അന്യായ ഫീസ്വര്‍ധനയും ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. സമരം ബുധനാഴ്ച അവസാനിക്കുമെന്ന ധാരണയുണ്ടായതോടെ അക്രമസമരവുമായി കെഎസ്യു സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചാനലുകളെയും മറ്റും കൂട്ടിവന്നശേഷമായിരുന്നു സമരാഭാസം. ചര്‍ച്ചയിലേക്ക് ഇവരെയും ക്ഷണിച്ചിരുന്നു. പിവിസി ഡോ. എ പി കുട്ടികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. പി ടി ജോസഫ്, ഫിനാന്‍സ് സെക്രട്ടറി ഷാജി ജോസഫ്, സിന്‍ഡിക്കറ്റ് അംഗങ്ങളായ ബാലചന്ദ്രന്‍ കീഴോത്ത്, ഖാദര്‍ മാങ്ങാട്, എം ജെ മാത്യു, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ്, കേന്ദ്രകമ്മിറ്റിയംഗം കെ സബീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പ്രശോഭ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്എഫ്ഐ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വിനില്‍ ലക്ഷ്മണന് നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് എസ്എഫ്ഐ നേതൃത്വത്തില്‍ ധര്‍മശാലയിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.

deshabhimani 280313

No comments:

Post a Comment