Thursday, March 28, 2013

എന്‍ഡോസള്‍ഫാന്‍ പാക്കേജ്: വഴികാട്ടിയായി എംപിയുടെ നിര്‍ദേശങ്ങള്‍


ജനകീയ മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കിയ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മാര്‍ഗദര്‍ശനമായത് പി കരുണാകരന്‍ എംപിയുടെ നിര്‍ദേശങ്ങള്‍. പുനരധിവാസം സംബന്ധിച്ച് പി കരുണാകരന്‍ എംപി മുഖ്യമന്ത്രിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കുമെന്നാണ് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയത്.

4182 ദുരിതബാധിതരില്‍ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കണമെന്നത് എംപിയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു. 1613 പേര്‍ക്ക് മാത്രമാണ് ഇതുവരെ സഹായം അനുവദിച്ചതെന്നും വ്യക്തമാക്കി. 2011ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ തെരഞ്ഞെടുത്ത 1318 പേരുടെ പട്ടിക കൂടി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചതോടെ ഗുണഭോക്താക്കളുടെ എണ്ണം 5500 ആകും. നേരത്തെ സര്‍ക്കാര്‍ ഉത്തരവിനാല്‍ സഹായം നിഷേധിക്കപ്പെട്ട 366 ക്യാന്‍സര്‍ രോഗികളെ കൂടി സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ എംപിയുടെ നേതൃത്വത്തില്‍ നിരന്തരം ഉന്നയിച്ച വിഷയത്തിലും തീരുമാനമായി. അഞ്ചുവര്‍ഷത്തിന് ശേഷം ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രത്യേക കമീഷനെ ചുമതലപ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. 11 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങള്‍കൂടി പരിഗണിച്ച് ദുരിതബാധിതരെ കണ്ടെത്താന്‍ കാസര്‍കോട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനമായി. ജില്ലയില്‍ തന്നെ മികച്ച ചികിത്സാ സൗകര്യമുണ്ടാക്കണമെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോതെറാപ്പി പോലുള്ള സംവിധാനങ്ങളും ഒരുക്കണമെന്നും എംപിയുടെ നിര്‍ദേശങ്ങളിലുണ്ടായിരുന്നു.

11 പിഎച്ച്സികള്‍ സിഎച്ച്സികളാക്കാനുള്ള ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, ഗ്രാമതലങ്ങളില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനമുണ്ടാക്കുക, സഞ്ചരിക്കുന്ന ആംബുലന്‍സുകളും, മികച്ച ചികിത്സയും ഉറപ്പാക്കുക, മംഗളൂരു ഉള്‍പ്പെടെ വിദഗ്ധ ചികിത്സക്കായി ദുരിതബാധിതര്‍ സമീപിക്കുന്ന പ്രധാന ആശുപ ത്രികള്‍ കൂടി ചികിത്സാ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും എംപി സമര്‍പ്പിച്ചിരുന്നു. 12 ആശുപത്രികള്‍ മുഖേനയുള്ള ചികിത്സയില്‍ മംഗളൂരു, മണിപ്പാല്‍ കെഎംസി, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്, കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവയെ പുതുതായി ഉള്‍പ്പെടുത്താന്‍ തുരുമാനിച്ചിട്ടുണ്ട്. 11 പഞ്ചായത്തിലും ആംബുലന്‍സ് വാങ്ങാനും തീരുമാനമായി. ജില്ലയില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ എച്ച്ഐഎല്ലിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

ഇതേസമയം പി കരുണാകരന്‍ എംപി സമര്‍പ്പിച്ച മുഖ്യമായ മറ്റു നിര്‍ദേശങ്ങള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മത്രമേ ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച നിലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ സമഗ്രമാകൂ. ബഡ്സ് സ്കൂളിലും മറ്റും നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പ്രഭാകരന്‍ കമീഷന്‍ നിര്‍ദേശിച്ച 40 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച 475 കോടി രൂപയുടെ പാക്കേജ് ഇരകള്‍ക്ക് ലഭ്യമാക്കണമെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശയായ കേന്ദ്രാവിഷ്കൃത സമഗ്ര പുനരധിവാസ ക്രേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്‍ഡ് റെമഡിയേഷന്‍ സെല്ലിനെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

deshabhimani 280313

No comments:

Post a Comment