Thursday, March 28, 2013
സൂര്യനെല്ലിക്കേസ്: കുര്യന് നോട്ടീസ്
സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് നോട്ടീസ് അയക്കാന്‍ തൊടുപുഴ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാംപ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി അഡ്വ. എ ജെ വില്‍സണ്‍ മുഖേന സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജഡ്ജി കെ എബ്രാഹം മാത്യുവിന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍, പ്രതികളായ ധര്‍മരാജന്‍, പി കെ ജമാല്‍, ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവുണ്ട്.
ധര്‍മരാജന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും നേരിട്ട് ഹാജരാകണം. കുര്യനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുമളി പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് മെയ് 29ന് പരിഗണിക്കും. കേസിലെ ഒന്നാംപ്രതി ധര്‍മരാജന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുതിയ വെളിപ്പെടുത്തല്‍. ഒന്നാം പ്രതിധര്‍മരാജന്‍, പി കെ ജമാല്‍, ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവരും പി ജെ കുര്യനും ചേര്‍ന്ന് ഗൂഢാലോചന നടത്തി ധര്‍മരാജന്റെ കാറില്‍ പി ജെ കുര്യന്‍ കുമളി റസ്റ്റ്ഹൗസിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തനിക്കറിയാമെന്നും ധര്‍മരാജന്‍ പറഞ്ഞിരുന്നു.
പുതിയ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്കെതിരെ പുതുതായി കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പീരുമേട് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുര്യന് നോട്ടീസ്. പുതിയ വെളിപ്പെടുത്തലുകളില്‍ പുതിയ കേസിനുള്ള കാര്യമില്ലെന്നു പറഞ്ഞാണ് കീഴ്ക്കോടതി ഹര്‍ജി തള്ളിയത്. കൂടാതെ ഈ കേസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതാണെന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന പരാതിയല്ല പ്രതികള്‍ക്കെതിരെയുള്ളതെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
കീഴ്ക്കോടതി നിയമവിരുദ്ധമായാണ് ഹര്‍ജി തള്ളിയതെന്ന് കാണിച്ചാണ് സെഷന്‍സ് കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ കാര്യങ്ങള്‍ നോക്കാതെയാണ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയതെന്ന് പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ എം ആര്‍ രാജേന്ദ്രന്‍നായര്‍ വാദിച്ചു. കേസില്‍ പി ജെ കുര്യനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയിട്ടില്ല. കേസിനാസ്പദമായ സംഭവം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുള്ളതാണെന്ന വാദംപൂര്‍ണമായും തെറ്റും ജുഡീഷ്യല്‍ ഓര്‍ഡറില്‍ ഒരിക്കലും വരാന്‍ പാടില്ലാത്തതാണെന്നും രാജേന്ദ്രന്‍നായര്‍ വാദിച്ചു. കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പൊലിസ് സ്റ്റേഷനിലും ഇടുക്കി, കോട്ടയം പൊലീസ് ചീഫുമാര്‍ക്കും പരാതി നല്‍കിയിരുന്നു.
deshabhimani 280313
Subscribe to:
Post Comments (Atom)
No comments:
Post a Comment