Friday, March 29, 2013
106 സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ നീക്കം
സംസ്ഥാനത്തെ 106 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുകൂടി സിബിഎസ്ഇ അംഗീകാരത്തിന് ഉടന്‍ എന്‍ഒസി നല്‍കാന്‍ വിദ്യാഭ്യാസവകുപ്പില്‍ തിരക്കിട്ട നീക്കം. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകളുടെ പരിശോധന അതിവേഗം നടക്കുന്നു. ഈ സ്കൂളുകള്‍ക്കുകൂടി എന്‍ഒസി നല്‍കുന്നതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ഒസി നല്‍കിയ ആകെ സ്കൂളുകളുടെ എണ്ണം 500 കവിയും. സംസ്ഥാനത്ത് സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസിക്കായി കുറഞ്ഞത് 300 കുട്ടികളും മൂന്ന് ഏക്കര്‍ സ്ഥലവും മലയാളഭാഷാ പഠനം നിര്‍ബന്ധവുമാക്കണമെന്ന സര്‍ക്കാര്‍ നിബന്ധന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ സെപ്തംബറില്‍ റദ്ദാക്കിയതോടെ നൂറുകണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന് പുതുതായി ലഭിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് വിധി വന്ന ഉടന്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അഞ്ചുമാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇതുവരെ ഫയലില്‍ സ്വീകരിച്ചിട്ടുമില്ല. അന്തിമവിധി ഉണ്ടാകുന്നതുവരെ ഒരു സ്കൂളിനും എന്‍ഒസി നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍, സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുംമുമ്പ് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കാനാണ് നീക്കം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അതേ സമയം ആവശ്യപ്പെടുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുകയുമാണ്.
സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കാനുള്ള പ്രചാരണം ആരംഭിച്ചു. വന്‍തുക ഈടാക്കി പ്രമുഖ സ്കൂളുകളെല്ലാം പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ബുക്കിങ് തുടങ്ങി. എന്‍ഒസിക്കായി സമീപിച്ച ചില സ്കൂളുകള്‍ അവരുടെ പരസ്യങ്ങളില്‍ സിബിഎസ്ഇ അഫിലിയേഷന്‍ സൂചിപ്പിക്കുന്നുമുണ്ട്. അപേക്ഷിച്ച എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി ലഭ്യമാക്കാമെന്ന് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായാണ് അറിയുന്നത്. എന്‍ഒസിക്കായുള്ള അപേക്ഷ പരിശോധനയ്ക്കിടെ സങ്കേതികപ്പിഴവ് കണ്ടെത്തിയ 64 സ്കൂളിന്റെ അപേക്ഷ തിരിച്ചയച്ചു. പുതിയ അധ്യയന വര്‍ഷത്തിനകം സര്‍ക്കാരിന്റെ അനുമതി വാങ്ങിയെടുത്ത് സിബിഎസ്ഇ അംഗീകാരം തരപ്പെടുത്താനുള്ള മാനേജുമെന്റുകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സിബിഎസ്ഇ അംഗീകാരം പരസ്യത്തില്‍ സൂചിപ്പിച്ചാല്‍ വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക ഫീസ് ഈടാക്കാനാകും. അധ്യാപകര്‍ക്ക് ന്യായമായ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചതിനാല്‍ ഈ പേരില്‍ 30 ശതമാനം ഫീസ് വര്‍ധന നടപ്പാക്കാന്‍ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനിടെ സിബിഎസ്ഇ സ്കൂളുകളുടെ പേരില്‍ തട്ടിപ്പും വര്‍ധിച്ചു.
(എം വി പ്രദീപ്)
deshabhimani 290313
Subscribe to:
Post Comments (Atom)
No comments:
Post a Comment