Thursday, March 28, 2013

തദ്ദേശ പദ്ധതിനിര്‍വഹണം: 30 വരെ നീട്ടിയെന്നും ഇല്ലെന്നും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 30 വരെ സമയം അനുവദിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം െവൈകീട്ട് തിരുത്തി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അറിയിച്ച സാഹചര്യത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായാണ് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് ഇത് തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. 60 ശതമാനമെങ്കിലും ചെലവഴിച്ച പദ്ധതികളുടെ ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തിലും ചെലവഴിക്കാന്‍ പ്രത്യേക അനുവാദം നല്‍കുമെന്നായിരുന്നു അറിയിപ്പ്. പദ്ധതി നിര്‍വഹണം കൂടുതലായി നടക്കേണ്ട സാമ്പത്തികവര്‍ഷത്തെ അവസാന പ്രവൃത്തി ദിവസങ്ങള്‍ പൊതുഅവധിയും ബാങ്ക് അവധിയുമായതിനാലാണ് ഈ നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാര്‍ച്ച് അവസാനവാരം തുടര്‍ച്ചയായി അവധിയായതിനാല്‍ പദ്ധതിനിര്‍വഹണം തടസ്സപ്പെടുമെന്ന് പല പഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നടപ്പുവര്‍ഷം പദ്ധതിനിര്‍വഹണത്തില്‍ ദയനീയമായ പിന്നോട്ടടിയാണുണ്ടായത്. ശരാശരി 30 ശതമാനത്തോളം ഫണ്ട് മാത്രമാണ് വിനിയോഗിച്ചതെന്നാണ് സൂചന. കൃത്യസമയത്ത് ഫണ്ടനുവദിക്കാത്തതും അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുമാണ് പദ്ധതിനിര്‍വഹണം തടസ്സപ്പെടുത്തിയത്. മാര്‍ച്ച് അവസാനമായിട്ടും എല്ലാ ഗഡുവും അനുവദിക്കാതെ പിടിച്ചുവച്ചു. ധനവകുപ്പിന്റെ തടസ്സവാദങ്ങള്‍ മറികടന്ന് വിഹിതം കൃത്യമായി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത്-നഗരകാര്യ വകുപ്പുകള്‍ ദയനീയമായി പരാജയപ്പെട്ടു. ട്രഷറികളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.അഡ്വാന്‍സ് ബില്ലുകളൊന്നുപോലും അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് പദ്ധതി നിര്‍വഹണം വേഗത്തിലാക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍,അവര്‍ ചട്ടപ്പടി നീങ്ങിയതോടെ എല്ലാം അവതാളത്തിലായി. പഞ്ചായത്തുകളും നഗരസഭകളും രണ്ട് മന്ത്രിമാരുടെ കീഴിലാക്കിയതും തിരിച്ചടിയായി. ദേശീയപാത വികസനത്തില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ആക്ഷേപം പാടേ നിഷേധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായി. സര്‍ക്കാരിന് ഏകപക്ഷീയമായ നിലപാട് എടുക്കാന്‍ പറ്റില്ല. ഇതുകൊണ്ട് കാലതാമസം വന്നിട്ടുണ്ട്. മാര്‍ച്ച് 31നകം വിനിയോഗിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് നീക്കിവച്ച ഫണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന അറിയിപ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഏപ്രില്‍ ഒന്നു കഴിഞ്ഞാലും ഫണ്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

താലൂക്ക് രൂപീകരണത്തില്‍ അപാകതയില്ല: മുഖ്യമന്ത്രി

തിരു: പുതിയ താലൂക്കുകള്‍ രൂപീകരിച്ചതില്‍ ഒരപാകതയുമില്ലെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. മര്‍മം നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ല. പത്തനാപുരം താലൂക്ക് പ്രഖ്യാപനത്തില്‍ തെറ്റൊന്നുമില്ല. ആവശ്യമായ പഠനം നടത്തിയാണ് പുതിയ താലൂക്കുകള്‍ തീരുമാനിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച 22 പുതിയ കോളേജ് സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഇല്ലാത്ത നിയോജകമണ്ഡലങ്ങളില്‍ പുതിയവ തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യമായ സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയാല്‍ കോളേജ് ആരംഭിക്കും. എംഎല്‍എമാരുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് പണം നല്‍കണം. സ്ഥലം വാഗ്ദാനംചെയ്ത താനൂരില്‍ കോളേജ് അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും സ്കൂള്‍ അനുവദിക്കും. കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

deshabhimani 280313

No comments:

Post a Comment