Saturday, March 23, 2013

ചന്ദ്രശേഖരന്‍ വധം നാല് സാക്ഷികള്‍കൂടി പ്രോസിക്യൂഷനെതിരെ


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശനിയാഴ്ച പ്രോസിക്യൂഷന്‍ വിസ്തരിച്ച നാല് സാക്ഷികളും പ്രോസിക്യൂഷനെതിരെ. കേസ് വിചാരണ ആരംഭിച്ചശേഷം ഇതാദ്യമാണ് ഒരു ദിവസം വിസ്തരിച്ച മുഴുവന്‍പേരും പൊലീസ് തയാറാക്കിയ മൊഴികള്‍ക്കെതിരെ കോടതിയില്‍ രംഗത്തുവന്നത്. സാക്ഷികളുടെ കള്ള ഒപ്പിട്ട് പൊലീസ് തയാറാക്കിയ മൊഴികള്‍ അപ്പാടെ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടത് പ്രോസിക്യൂഷന് കനത്ത പ്രഹരമായി. 29, 30, 31, 32 സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിച്ച അഴിയൂര്‍ തയ്യില്‍ ലക്ഷംവീട് ടി പി അജിത, ന്യൂമാഹി അഴീക്കല്‍ കോട്ടക്കുന്നുമ്മല്‍ പ്രേംജിത്, തിരുന്നാവായ ഇടയ്ക്കുപുത്തന്‍പുരയില്‍ ഹൗസ് ജവാദ്, അഴിയൂര്‍ കോട്ടമലക്കുന്ന് കെ ഒ സൂരജ് എന്നിവരാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസ് ഡയറിയില്‍ പരാമര്‍ശിച്ച വിവരങ്ങള്‍ കള്ളമാണെന്ന് മൊഴി നല്‍കിയത്.

കേസിലെ 27-ാം പ്രതി സി രജിത് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ തന്റെ വീടിനുപിറകിലെ വിറകുപുരയില്‍നിന്ന് കണ്ടെടുത്തുവെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച പൊലീസ് മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്നും അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടെ പ്രഥമ വിസ്താരത്തില്‍ അജിത മൊഴി നല്‍കി.

മഹസറില്‍ ഒപ്പിടുകയോ പൊലീസ് മൊഴിയെടുക്കുകയോ ഉണ്ടായിട്ടില്ലെന്ന് 30-ാംസാക്ഷി പ്രേംജിത്തും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ മൊഴി നല്‍കി.  കേസിലെ 28-ാംപ്രതി രമീഷ് എന്ന കുട്ടുവിനെ അറിയില്ലെന്ന് 31-ാംസാക്ഷി ജവാദിന്റെ മൊഴിയില്‍ പറയുന്നു.

കേസിലെ 29-ാംപ്രതി ദിപിനെ അറിയില്ലെന്ന് 32-ാംസാക്ഷി സൂരജ് മൊഴിനല്‍കി.പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം അശോകന്‍, അഡ്വ. പി വി ഹരി എന്നിവരാണ് വിസ്താരം നടത്തിയത്. മഹസര്‍ സാക്ഷിയായി വിസ്തരിക്കേണ്ടിയിരുന്ന അഴിയൂര്‍ കോട്ടമലക്കുന്ന് രാധാകൃഷ്ണനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. പ്രോസക്യൂഷനെതിരെ മൊഴി നല്‍കുമെന്ന ഭയത്തെത്തുടര്‍ന്നാണ് പിന്മാറ്റം. കേസ് ഡയറിയിലെ 63-ാംസാക്ഷി ഗള്‍ഫിലായതിനാല്‍ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 26ന് കേസ് ഡയറിയിലെ 59, 60, 61 സാക്ഷികളെ വിസ്തരിക്കും.

പ്രോസിക്യൂട്ടര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയ്ക്കിടെ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം. സാക്ഷികള്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാണ് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയെ കോടതി വിമര്‍ശിച്ചത്. സാക്ഷികള്‍ കൂറുമാറുമ്പോള്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും പ്രോസിക്യൂഷന്‍ ചെയ്യുന്നില്ല. രണ്ടുദിവസമായി സാക്ഷികളെ വിസ്തരിക്കുമ്പോള്‍ അവരോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ കോടതിയാണ് ചോദിക്കുന്നത്. ഇനിമുതല്‍ കോടതിയുടെ ഭാഗത്തുനിന്ന് ഇത് പ്രതീക്ഷിക്കരുത്. നിങ്ങള്‍ ചെയ്യേണ്ട പണി നിങ്ങള്‍ തന്നെ ചെയ്യണം. പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് കൃത്യതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രതിയെ അറിയില്ലെന്ന് സാക്ഷി നിലപാടെടുത്താല്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രോസിക്യൂഷന്‍ നിറവേറ്റാത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ബന്ധപ്പെട്ട പ്രതികളെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ഇവരെ അറിയുമോ എന്ന ചോദ്യം സാക്ഷികളോട് രണ്ടുദിവസമായി കോടതിയാണ് ചോദിച്ചുവരുന്നത്. ഇതിനി തുടരാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കോടതി. വിസ്തരിക്കേണ്ട സാക്ഷികളുടെ വിവരം കൃത്യമായി പ്രോസിക്യൂഷന്‍ നല്‍കാത്തതിനെ കഴിഞ്ഞ ദിവസവും കോടതി വിമര്‍ശിച്ചിരുന്നു.

deshabhimani

No comments:

Post a Comment