Tuesday, March 26, 2013
മാമക്കുട്ടിയുടെ വീടാക്രമണം: വ്യാപക പ്രതിഷേധം
തൃശൂര്‍: മുതിര്‍ന്ന സിപിഐ എം നേതാവ് കെ കെ മാമക്കുട്ടിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ഒരു പ്രകോപനവുമില്ലാതെയാണ് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വീട് അര്‍ധരാത്രി ആക്രമിച്ചത്. ആക്രമണത്തില്‍ ഊരകത്തെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കല്ലും തകര്‍ന്ന ചില്ലുകളും വീടിനകത്ത് ചിതറിക്കിടന്നു. ഈ സംഭവത്തോട് പൊലീസ് സ്വീകരിച്ച തണുപ്പന്‍ സമീപനത്തിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി അക്രമം ഉണ്ടായതറിഞ്ഞ് എത്തിയ സിഐ വീടിനകത്തു കയറി പരിശോധിക്കാനോ വീട്ടുകാരോട് കാര്യങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ല. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവര്‍ വീട്ടിലെത്തി മാമക്കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ദീര്‍ഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ കെ മാമക്കുട്ടിയുടെ വീടിനുനേര്‍ക്ക് ഇതുവരെ ഒരു തരത്തിലുള്ള അക്രമങ്ങളും ഉണ്ടായിട്ടില്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഞായറാഴ്ച രാത്രിയിലെ അക്രമം. പ്രദേശത്ത് സിപിഐ എമ്മിന്റെ പതാകയും കര്‍ഷകസംഘത്തിന്റെ പ്രചാരണബോര്‍ഡുകളും നശിപ്പിച്ചിരുന്നു. സിപിഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പതാകയും ബോര്‍ഡും നശിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയുന്നു. മാമക്കുട്ടിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ ജില്ലയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മാമക്കുട്ടിയുടെ വീടാക്രമിച്ചതില്‍ സിഐടിയു ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകണം. അക്രമത്തിനെതിരെ തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിഐടിയു ജില്ലാസെക്രട്ടറി എം എം വര്‍ഗീസ് അഭ്യര്‍ഥിച്ചു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment