Monday, March 25, 2013

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ നീക്കം


സംസ്ഥാനത്ത് സ്വകാര്യബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെ സഹകരണ ബാങ്കുകളെ തകര്‍ക്കാനും നീക്കം. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ നിക്ഷേപം തിരിച്ചുനല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് പണമില്ലെന്ന് വാര്‍ത്ത നല്‍കി ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമം. കാര്‍ഷികവായ്പയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉത്തരവിലെ അവ്യക്തതമൂലം നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് സഹകരണ ബാങ്കുകള്‍ എന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്ത.

കേരളത്തിലെ സഹകരണമേഖലയില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്. അവയാകട്ടെ റിസര്‍വ് ബാങ്കിന്റെകൂടി സൂക്ഷ്മമായ സാമ്പത്തിക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയും സമ്പൂര്‍ണ നിക്ഷേപസുരക്ഷിതത്വം ഉറപ്പുനല്‍കുന്നവയുമാണ്. അര്‍ബന്‍ ബാങ്കുകളെകൂടി സംശയത്തിന്റെ നിഴലിലാക്കിയത് സ്വകാര്യബാങ്കുകളെ സഹായിക്കാനാണെന്ന് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യബാങ്കുകള്‍ക്ക് അനുമതി നല്‍കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് നിരവധി വന്‍കിടക്കാര്‍ കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജൂലൈ ഒന്നുവരെയാണ് ഇതിനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് സ്വീകരിക്കുക. ഗ്രാമീണമേഖലയിലായിരിക്കണം സ്വകാര്യബാങ്കുകളുടെ 25 ശതമാനവുമെന്ന നിബന്ധനയുമുണ്ട്. ബാങ്കിങ് സംവിധാനം ശക്തമായ കേരളത്തില്‍ ഗ്രാമീണമേഖലയും വന്‍കിട സ്വകാര്യബാങ്കുകള്‍ക്ക് ആകര്‍ഷകമാണ്. ഗ്രാമീണമേഖയില്‍ സഹകരണസംഘങ്ങള്‍ക്കുള്ള നിര്‍ണായകസ്വാധീനമാണ് വന്‍കിടക്കാരെ അലട്ടുന്നത്. സഹകരണ ബാങ്കുകള്‍ സുരക്ഷിതമല്ലെന്ന് പ്രചരിപ്പിക്കുന്നത് ഈ വന്‍കിടക്കാരെ സഹായിക്കാനാണെന്നാണ് ആരോപണം.

deshabhimani 250313

No comments:

Post a Comment