Friday, March 29, 2013
സ്കൂളുകള്‍ക്കുള്ള എസ്എസ്എ ഫണ്ടില്‍നിന്ന് സ്വകാര്യകമ്പനിക്ക് പണം നല്‍കി
പിറവം: സര്‍വശിക്ഷാ അഭിയാന്‍ സ്കൂളുകളില്‍ നടത്തുന്ന വിവിധ നിര്‍മാണപ്രവൃത്തികളില്‍നിന്ന് മൂന്നു ശതമാനം തുകവീതം സ്വകാര്യ സര്‍വേ കമ്പനിക്കു വകമാറ്റി നല്‍കി. ജില്ലയിലെ 97 സ്കൂളുകളിലായി ഏഴു കോടിയോളം രൂപയുടെ ക്ലാസ് മുറി നവീകരണവും പുതിയ കെട്ടിടനിര്‍മാണവും നടക്കുന്നുണ്ട്. ഇതില്‍നിന്നു മൂന്നു ശതമാനമായ 21 ലക്ഷത്തോളം രൂപയാണ് സ്കൂളുകളുടെ പ്ലാന്‍, കെട്ടിടങ്ങളുടെ രൂപരേഖ, മതില്‍, കിണര്‍, റോഡ് എന്നിവ ഡിജിറ്റലായി തയ്യാറാക്കാന്‍ നല്‍കിയത്. ആലുവയിലുള്ള ജിയോ സ്പക് എന്ന സ്വകാര്യകമ്പനിക്കാണ് തുക നല്‍കിയത്. ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബ്ലോക്ക് പ്രോജക്ട് ഓഫീസുകളെയോ ബന്ധപ്പെട്ട സ്കൂളുകളെയോ അറിയിക്കാതെയാണ് ഡിജിറ്റല്‍ മാപ്പിങ്ങിന്റെ പേരില്‍ തുക വകമാറ്റിയെടുത്തത്. എസ്എസ്എയുടെ എന്‍ജിനിയറിങ് വിഭാഗം അറ്റകുറ്റപ്പണികളും നിര്‍മാണങ്ങളും വേണ്ട സ്കൂളുകള്‍ കണ്ടെത്തി ഏതൊക്കെ പണികള്‍ ചെയ്യണമെന്നും അവയ്ക്ക് നിശ്ചിത തുക അടങ്കലായി നല്‍കുകയുമായിരുന്നു പതിവ്. ഇപ്രകാരം ചെയ്ത പണികള്‍ക്കനുസരിച്ച് തുക കിട്ടുമെന്ന പ്രതീക്ഷയില്‍ മാര്‍ച്ച് 29ന് അവസാന ഗഡു ചെക്ക് വാങ്ങിയപ്പോഴാണ് പദ്ധതിയിലെ തട്ടിപ്പു പുറത്തുവന്നത്.
എസ്എസ്എ അടങ്കല്‍ അനുസരിച്ച് നല്‍കുന്ന തുകയ്ക്ക് കൃത്യമായി പണികള്‍ ചെയ്തുകൊള്ളാം എന്ന വ്യവസ്ഥയില്‍ ബന്ധപ്പെട്ട ബിപിഒമാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പിടിഎ പ്രസിഡന്റുമാരും 100 രൂപ മുദ്രപത്രത്തില്‍ ഒപ്പുവച്ച കരാര്‍പ്രകാരമാണ് പണികള്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ നിയമപരമായി പറഞ്ഞ തുക കൊടുക്കാന്‍ എസ്എസ്എ ബാധ്യസ്ഥമാണെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഏഴുലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളും നിര്‍മാണവും നടത്തിയവര്‍ക്ക് 22,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ തുകയടക്കം ഓരോ സ്കൂളിനും ലക്ഷത്തോളം രൂപ സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളപ്പോഴാണ് ഈ കബളിപ്പിക്കല്‍. എന്നാല്‍, ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായതായും ഏഴു കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറിലാണ് ആലുവയിലെ കമ്പനിയെ തെരഞ്ഞെടുത്തതെന്നും എസ്എസ്എ ജില്ലാ ഓഫീസില്‍നിന്ന് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വരുംവര്‍ഷത്തെ ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ ഡിജിറ്റല്‍ സര്‍വേ നിര്‍ബന്ധമാണെന്നും ജില്ലാ പഞ്ചായത്തില്‍ കൂടിയ പര്‍ച്ചേസ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍, വര്‍ഷാരംഭത്തില്‍ ഇല്ലാതിരുന്ന ഡിജിറ്റല്‍ മാപ്പിങ് ഇപ്പോള്‍ കയറിവന്നതെങ്ങനെയെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. തുക വകമാറ്റുന്നതു സംബന്ധിച്ച് ജില്ലാ പര്‍ച്ചേസ് കമ്മിറ്റിയില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ സ്കൂളുകളെയും അവയുടെ ചുമതലയുള്ള ഹെഡ്മാസ്റ്റര്‍മാരെയും പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എന്‍ സജീവന്‍ പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment