12 വര്‍ഷത്തിനിടെ പോളിസികള്‍ പാഴായതുമൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകളില്‍നിന്ന് കൊള്ളയടിച്ചത് അഞ്ചുലക്ഷം കോടിയിലേറെ രൂപ. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റിയുടെ (എആര്‍ഡിഎ) കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രാഞ്ചുകള്‍ അടച്ചും സെയില്‍സ് മാനേജര്‍മാരെ പിരിച്ചുവിട്ട് ഏജന്റുമാരുടെ പ്രവര്‍ത്തനം നിലപ്പിച്ചും ചില കമ്പനികള്‍ ബോധപൂര്‍വം തട്ടിപ്പിന് കളമൊരുക്കുന്നു. അക്കൗണ്ട് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് പോളിസി വില്‍പ്പനയിലൂടെ ചില ബാങ്കുകളും വന്‍കൊള്ളയാണ് നടത്തുന്നത്. ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ്മേഖല കേന്ദ്രീകരിച്ചാണ് ചൂഷണം. ഇന്‍ഷുറന്‍സ് പോളിസിതുക ഓഹരികമ്പോളങ്ങളില്‍ ബന്ധിപ്പിച്ചിട്ടുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) പ്രകാരമുള്ള പോളിസികള്‍ക്കേ നിലവില്‍ പാഴായ പോളിസികളില്‍പ്പോലും ആദ്യവര്‍ഷങ്ങളില്‍ ഒടുക്കിയ പണം ഭൂരിഭാഗവും തിരികെ ലഭിക്കൂ. എന്നാല്‍, യുലിപ് ഇതര പോളിസികള്‍ക്ക് ആദ്യ അഞ്ചുവര്‍ഷംവരെ 70 ശതമാനംവരെ തുക നഷ്ടമാകും. ഇതു മുതലെടുത്ത് യുലിപ് ഇതര പോളിസികളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചാണ് തട്ടിപ്പ്. തട്ടിപ്പ് വന്‍ നേട്ടമൊരുക്കുന്നത് സ്വകാര്യകമ്പനികള്‍ക്കാണ്.
ഐആര്‍ഡിഎയുടെ കണക്കുപ്രകാരം ആദ്യവര്‍ഷംമാത്രം പ്രീമിയം ഒടുക്കിയശേഷം തുടര്‍ന്ന് തുകയടയ്ക്കാതെ പാഴാകുന്ന പോളിസികള്‍ 40 മുതല്‍ 50 ശതമാനംവരെയാണ്. ഇതിന്റെ 30 മുതല്‍ 40 ശതമാനംവരെ പോളിസികള്‍ രണ്ടാം വര്‍ഷം പാഴാകുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുന്നു. സ്വകാര്യകമ്പനികളുടെ പോളിസികളില്‍ ആദ്യ അഞ്ചുവര്‍ഷംവരെ പ്രീമിയം മുടങ്ങാതെ അടയ്ക്കുന്നത് കേവലം 10 ശതമാനമാണെന്ന് ഐആര്‍ഡിഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തില്‍ കുറവുമാത്രം പ്രീമിയം ഒടുക്കി പാഴായ യുലിപ് ഇതര പോളിസികളില്‍ ഏറിയാല്‍ 30 ശതമാനംമുതല്‍ 50 ശതമാനം തുക മാത്രമാണ് തിരികെ ലഭിക്കുക. പലരും ഈ തുകയ്ക്കായി കയറിയിറങ്ങാനും തയ്യാറാവില്ല. ഇത് വന്‍നേട്ടമാണ് കമ്പനികള്‍ക്ക് ഒരുക്കുന്നത്. യുലിപ് പോളിസികളില്‍ ആദ്യവര്‍ഷം പ്രീമിയം ഒടുക്കിയശേഷം മുടങ്ങിയാല്‍ ആറുശതമാനം തുക ഒഴിച്ചുള്ള തുക മടക്കിനല്‍കണം. രണ്ടാം വര്‍ഷമാണ് മുടങ്ങുന്നതെങ്കില്‍ അഞ്ചുശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 4, 3 എന്നിങ്ങനെ ശതമാനം തുകയും കഴിച്ച് മടക്കിനല്‍കേണ്ടതുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അടച്ച തുക മുഴുവനും തിരികെനല്‍കണം. 2010ലാണ് നിബന്ധന കൊണ്ടുവന്നത്.
2011-12ലെ കണക്കുപ്രകാരം യുലിപ് പോളിസികളില്‍നിന്നുള്ള ഒന്നാം വര്‍ഷ പ്രീമിയം 17,382 കോടി രൂപയാണെങ്കില്‍ ഇതര പോളിസികളില്‍ നിന്നുള്ള പ്രീമിയം 96,560 കോടി രൂപയാണ്. സ്വകാര്യകമ്പനികള്‍ നിരവധി ശാഖകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. സെയില്‍സ് മാനേജര്‍മാരെ പിരിച്ചുവിടുന്നതുവഴി ഇവര്‍ക്കു കീഴിലെ ഏജന്റുമാരും ഇല്ലാതാകും. ഇത് പോളിസി ഉടമകള്‍ക്ക് തുടര്‍പ്രീമിയം അടയ്ക്കാന്‍ തടസ്സമുണ്ടാക്കുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കമ്പനിക്ക് 2008ല്‍ കേരളത്തില്‍ 189 ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 79 മാത്രമാണ്. അവിവ ഇന്‍ഷുറന്‍സ് കമ്പനിക്ക് കേരളത്തില്‍ 17 ശാഖകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഏഴെണ്ണം മാത്രം. എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫിന്റെ ശാഖ 63ല്‍നിന്ന് 56 ആക്കിയും കുറച്ചു.
റെഗുലേറ്ററി കമീഷനും കൂട്ട്
കൊച്ചി: ഏജന്റുമാരുടെ സേവനം അവസാനിപ്പിക്കുന്നതിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് റെഗുലേറ്ററി കമീഷനും കൂട്ട്. 2011 ഏപ്രിലിലെ കണക്കുപ്രകാരം രാജ്യത്തെ പൊതു-സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലായി ഉണ്ടായിരുന്നത് 26,39,392 അഡൈ്വസര്‍മാരാണ്. ഇവരില്‍നിന്ന് 9,94,635 പേരാണ് കൊഴിഞ്ഞുപോയത്. 2000 മുതല്‍ സജീവമായി തുടങ്ങിയ സ്വകാര്യകമ്പനികളുടെ ഏജന്റുമാര്‍ ശരാശരി ഒരുവര്‍ഷം ചേര്‍ക്കുന്ന പോളിസികള്‍ മൂന്നോ നാലോ മാത്രമാണ്. എന്നാല്‍ ചേര്‍ക്കേണ്ട ശരാശരി പോളിസിയായി റെഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിരിക്കുന്നത് 12 പോളസികളാണ്. ഏജന്റുമാരെ ഒരുകാരണവും കൂടാതെ പിരിച്ചയക്കാനും ഇതുവഴി നേട്ടം കൊയ്യാനും കമ്പനികള്‍ക്കു തുണയാകുന്നത് ഇത്തരത്തിലുള്ള നിബന്ധനയാണ്. സ്വകാര്യമേഖലയിലെ 13,02328 അഡൈ്വസര്‍മാരില്‍ 5,81,888 പേരും എല്‍ഐസിയിലെ 13,37,064 ഏജന്റുമാരില്‍ 4,04747 പേരുമാണ് ഒരുവര്‍ഷത്തിനിടെ കൊഴിഞ്ഞുപോയത്. രണ്ടാം വര്‍ഷ പ്രീമിയം ഒടുക്കാത്തപക്ഷം ആദ്യവര്‍ഷത്തെ കമീഷനാണ് ഇത്തരത്തില്‍ തിരിച്ചുപിടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പലരും സ്വയംസേവനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒഴിവാക്കുന്ന ഏജന്റുമാര്‍ ചേര്‍ത്ത പോളിസിയില്‍ പോളിസി ഉടമ സ്വയം അടയ്ക്കുന്ന തുടര്‍പ്രീമിയത്തിന്റെ കമീഷനും സ്ഥാപനത്തിന് സ്വന്തമാകും. ഇത്തരത്തില്‍ മാത്രം ഏതാണ്ട് 7000 കോടിയോളം രൂപയുടെ വരുമാനം സ്ഥാപനങ്ങള്‍ക്കുണ്ടാകുന്നുവെന്നാണ് കണക്ക്.
deshabhimani 280313
തകാഫുല്‍ - സാമ്പ്രദായിക ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഒരു പകരക്കാരന്‍
ReplyDeletehttp://karalikonam.blogspot.in/2013/03/blog-post_28.html