Sunday, March 24, 2013
തീവണ്ടി കൊല്ലത്തേക്കാണോ? സ്വീകരണം ഉറപ്പ് ..!
ലോക്കോപൈലറ്റുമാര്‍ക്കിത് നല്ലകാലം. ഏതെങ്കിലും ട്രെയിനുമായി കൊല്ലത്തുവന്നാല്‍ ലോക്കോപൈലറ്റുമാര്‍ക്ക് കോണ്‍ഗ്രസുകാരുടെ വക സ്വീകരണം ഉറപ്പ്. പൊന്നാട അണിയിക്കുക മാത്രമല്ല മധുരവും നുകരാം. വിശാഖപട്ടണത്തുനിന്ന് സ്പെഷ്യല്‍ ട്രെയിനുമായി വെള്ളിയാഴ്ച കൊല്ലം സ്റ്റേഷനില്‍ എത്തിയ ലോക്കോപൈലറ്റുമാര്‍ക്കും കോണ്‍ഗ്രസുകാരുടെ സ്നേഹം നുകരാന്‍ അവസരമുണ്ടായി. കാര്യമെന്തെന്ന് അന്വേഷിക്കുന്നതിനു മുമ്പെ ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മതമ്പാന്റെ നേതൃത്വത്തില്‍ എഞ്ചിന്‍ റൂമിലേക്ക് തള്ളിക്കയറിയ ഖദര്‍ദാരികള്‍ ലോക്കോപൈലറ്റിനെ സ്നേഹംകൊണ്ട് മൂടി. തമ്പാന്റെ വക ഷാള്‍ ഏറ്റുവാങ്ങിയ ഉടന്‍ അനുയായികള്‍ മധുരപലഹാരങ്ങള്‍ നല്‍കി. റെയില്‍വേ ജീവനക്കാരും യാത്രക്കാരും അന്തംവിട്ട് നോക്കിനില്‍ക്കെ സ്ഥലം എംപി എന്‍ പീതാംബരക്കുറുപ്പിന് ജയ് വിളിച്ച് ട്രെയിന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ എല്ലാ കമ്പാര്‍ട്ടുമെന്റിന്റെയും അകത്തും പുറത്തുമെല്ലാം എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചു.
ഏതെങ്കിലും നേതാവിനെ സ്വീകരിക്കാന്‍ എത്തിയ കോണ്‍ഗ്രസുകാരാണെന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീടല്ലെ സംഗതിയുടെ "ഗുട്ടന്‍സ്" ബോധ്യപ്പെട്ടത്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കൊല്ലത്തുകാര്‍ക്ക് കനിഞ്ഞുനല്‍കിയ പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ ആണെന്നു തെറ്റിദ്ധരിച്ചെത്തിയ കോണ്‍ഗ്രസുകാര്‍ എല്ലാ വര്‍ഷവും വേനലവധിക്ക് അനുവദിക്കാറുള്ള സ്പെഷ്യല്‍ ട്രെയിനിന് സ്വീകരണം നല്‍കുകയായിരുന്നു.
ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലം-വിശാഖപട്ടണം ട്രെയിന്‍ അനുവദിച്ചുകിട്ടാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കണം. കൊല്ലം സ്റ്റേഷനില്‍ പുതിയ ട്രെയിന്‍ സംബന്ധിച്ച യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല. ഇതറിയാവുന്ന കൊല്ലം സ്റ്റേഷന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ അധികാരികള്‍ കോണ്‍ഗ്രസുകാരുടെ സ്വീകരണ നാടകം ദൂരെനിന്ന് കണ്ടാസ്വദിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുതലെടുപ്പിനിറങ്ങിയ കോണ്‍ഗ്രസുകാരോട് കാര്യം പറഞ്ഞാലും വിലപ്പോകില്ലെന്ന് അവര്‍ക്ക് നന്നായറിയാം.
deshabhimani 240313
Labels:
കോണ്‍ഗ്രസ്,
നര്‍മ്മം,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment