Wednesday, March 27, 2013

സിപിഐ എം പ്രവര്‍ത്തനം ശ്ലാഘനീയം: ഗൗരിയമ്മ


ആലപ്പുഴ: രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് മാനുഷികമുഖം നഷ്ടപ്പെടുന്ന ഇക്കാലത്ത് സിപിഐ എം സംഘടിപ്പിക്കുന്ന സ്വാന്തന പരിചരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. സിപിഐ എം ആലപ്പുഴ നഗരസഭയില്‍ രൂപീകരിച്ച കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗൗരിയമ്മ.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം കടിച്ചുകീറുന്ന കാലമാണ്. ഈ കാലത്തും പാലിയേറ്റീവ് പ്രവര്‍ത്തനവുമായി ഒരു രാഷ്ട്രീയപാര്‍ടി ജനങ്ങള്‍ക്കിടയിലെത്തുന്നത് ശ്ലാഘനീയമാണ്. നമ്മുടെ നാട്ടില്‍തന്നെ പലരോഗികളും വര്‍ഷങ്ങളായി കിടപ്പിലാണ്. പക്ഷേ, നാം ഇതൊന്നും അറിയുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരെ കണ്ടെത്താനും അവര്‍ക്ക് ആശ്വാസം പകരാനും സഹായിക്കും-ഗൗരിയമ്മ പറഞ്ഞു. താന്‍ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന കാലത്ത് നിരാലംബരായ രോഗികളെയടക്കം സഹായിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. പക്ഷേ, അതെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമായി എന്നഭിപ്രായമില്ല. പലതും ഉദ്യോഗസ്ഥര്‍ അവരുടെ ഇഷ്ടം പോലെയും ചട്ടപ്പടിയും കൈകാര്യം ചെയ്യുകയാണ്. ജനകീയാടിത്തറയുള്ള സിപിഐ എം പോലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ട് എന്നതുതന്നെ ഇത് ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മാനുഷികമുഖമുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ഗൗരിയമ്മ പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനായി.

deshabhimani 270313

No comments:

Post a Comment