Friday, March 29, 2013

കുടിവെള്ളം കിട്ടാത്ത പാലക്കാട്ട് കുത്തകകള്‍ ഊറ്റുന്നത് ഒരുകോടി ലിറ്റര്‍ ഭൂഗര്‍ഭജലം


നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസും കടന്ന കൊടുംചൂടില്‍ പാലക്കാട് ജില്ല കടുത്ത ജലക്ഷാമത്തില്‍ വെന്തുരുകുമ്പോള്‍ പെപ്‌സിയടക്കമുളള ആഗോളകുത്തക കമ്പനികള്‍ അനുദിനം ജില്ലയില്‍ നിന്ന് ഊറ്റുന്നത് ഒരു കോടി ലിറ്ററോളം ഭൂഗര്‍ഭജലം. സൂര്യാഘാതസാധ്യത വരെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലചൂഷണം നടക്കുന്ന ജില്ലയാണ് പാലക്കാട്. ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴ്ന്നിട്ടും കുത്തക കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. സംസ്ഥാനത്താകെയുള്ള 14 മദ്യം, ബിയര്‍ ഉല്‍പ്പാദന കമ്പനികളില്‍ ആറെണ്ണവും പാലക്കാട് ജില്ലയിലാണ്. കുടിവെളള കമ്പനികളും കൂടുതല്‍ പാലക്കാട്ട് തന്നെ.

ജില്ലാ വ്യവസായകേന്ദ്രം തയ്യാറാക്കിയ കണക്കു പ്രകാരം വിവിധ കമ്പനികള്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭജലം ലിറ്ററില്‍ ഇപ്രകാരം: പെപ്‌സി കോള (6 ലക്ഷം), ഛായ ഇന്‍ഡസ്ട്രീസ് (6ലക്ഷം), അമൃത ഡിസ്റ്റിലറീസ് (5 ലക്ഷം), എം പി ഡിസ്റ്റിലറീസ് (6 ലക്ഷം), പാറ്റ്‌സ്പിന്‍ (3ലക്ഷം), സുരഭി മിനറല്‍ വാട്ടര്‍ (3ലക്ഷം), പ്രൈമോ അഗ്രോ (3 ലക്ഷം), എം പി ബ്രൂവറീസ് (3ലക്ഷം), റൂഫില്ലാ (3 ലക്ഷം), യൂണൈറ്റഡ് സ്പിരിറ്റ്‌സ് (2ലക്ഷം), കേരള ഡിസ്റ്റിലറീസ് (4 ലക്ഷം), യൂണൈറ്റഡ് ബ്രൂവറീസ് (6 ലക്ഷം), മീനാക്ഷിപുരം കേരള ആല്‍ക്കഹോളിക് പ്രോഡക്ട് ലിമിറ്റഡ് (7ലക്ഷം), വിക്ടറി (3 ലക്ഷം).
വ്യവസായ വകുപ്പിന്റെ ഔദേ്യാഗിക കണക്കുപ്രകാരം തന്നെ 60 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമാണ് അനുദിനം കുത്തകകമ്പനികള്‍ ജില്ലയില്‍ നിന്ന് ഊറ്റുന്നത്. എന്നാല്‍, ഈ കമ്പനികളുടെ യഥാര്‍ഥ ജലഉപഭോഗം അതിന്റെ ഇരട്ടിയാണെന്നതാണ് വസ്തുത. പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ മുതല്‍ 12 ലക്ഷം ലിറ്റര്‍ വരെ ഭൂഗര്‍ഭജലമാണ് ഓരോ കമ്പനിയും ഊറ്റിയെടുക്കുന്നത്. കമ്പനികള്‍ക്കകത്തെ ഹൈപവര്‍ കംപ്രസര്‍ മോട്ടോറുകളാണ് ഭൂഗര്‍ഭജലമൂറ്റുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ജലവകുപ്പിന്റെ പക്കല്‍പോലുമില്ല.

പെപ്‌സി പോലുളള ചില കമ്പനികള്‍ സ്വന്തം വളപ്പിനു പുറത്ത് കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചും ഭൂഗര്‍ഭജല ചൂഷണം നടത്തുന്നതായി ജില്ലാകലക്ടര്‍ ചെയര്‍മാനായ കഞ്ചിക്കോട് കാവല്‍ സംഘം കണ്ടെത്തിയിരുന്നു. കണക്കില്‍പ്പെടാത്ത ജലചൂഷണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. വേനല്‍ കടുത്തതിന്റെ പശ്ചാത്തലത്തില്‍ ഉപഭോഗം പകുതിയായെങ്കിലും കുറയ്ക്കണമെന്ന് കുടിവെളള കമ്പനികളോട് മാത്രമാണ് ആവശ്യപ്പെട്ടത്. വേനലിനെ നേരിടാന്‍ തങ്ങളുടെ സേവനവും ആവശ്യമാണെന്ന് അവകാശപ്പെട്ട് കുപ്പിവെളള കമ്പനികള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മുഖമടച്ച് തളളുകയും ചെയ്തു. 40 ലിറ്റര്‍ വെളളത്തില്‍ നിന്ന് 10 ലിറ്റര്‍ കുടിവെളളമുണ്ടാക്കുന്നുണ്ടെന്നാണ് കമ്പനികളുടെ കണക്ക്. മലിനജലം പോലും ഗത്യന്തരമില്ലാതെ കുടിവെളളമാക്കുന്ന പാലക്കാട് പോലുളള ജില്ലയില്‍ ഈ ജലദുര്‍വിനിയോഗം അക്ഷന്തവ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇതിന്റെ പതിന്മടങ്ങ് ജലദുരൂപയോഗമാണ് ശീതളപാനീയ കമ്പനികളില്‍ നടക്കുന്നത്. ശീതളപാനീയ നിര്‍മ്മാണത്തിനു പുറമെ ഇവ നിര്‍മ്മിക്കുന്ന യന്ത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും ലക്ഷക്കണക്കിന് ലിറ്റര്‍ വെളളം വേണം. അനുവദനീയമായതിലും 48.5 ശതമാനം വെളളം പെപ്‌സി കമ്പനി മാത്രം ഉപയോഗിക്കുന്നുണ്ടെന്നാണ് ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്.
(കിഷോര്‍ എബ്രഹാം)

janayugom

No comments:

Post a Comment