Thursday, March 28, 2013

5.44ലക്ഷം കോടിയുടെ ബ്രിക്സ് നിധി


ഉയര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍ എന്തെങ്കിലും ധന പ്രതിസന്ധികള്‍ ഉണ്ടായാല്‍ നേരിടുന്നതിന് 10000 കോടി ഡോളറിന്റെ(5.44 ലക്ഷം കോടി രൂപ) കണ്ടിന്‍ജന്‍സി റിസര്‍വ് സംവിധാനം(സിആര്‍എ) ഉണ്ടാക്കാന്‍ ബ്രിക്സ് ഉച്ചകോടി തീരുമാനിച്ചു. കൂടാതെ പശ്ചാത്തല വികസനത്തിന് സഹായം നല്‍കാന്‍ ബ്രിക്സ് വികസന ബാങ്ക് രൂപീകരിക്കണമെന്ന അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിന്റെ ശുപാര്‍ശ ഉച്ചകോടി അംഗീകരിച്ചു. പ്രതിസന്ധികള്‍ നേരിടാന്‍ 50 മുതല്‍ 100 കോടി വരെ ഡോളറിന്റെ കരുതല്‍ സംവിധാനമുണ്ടാക്കുന്നതിനോട് ഇന്ത്യക്ക് യോജിപ്പായിരുന്നെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു.

ഇപ്പോള്‍ ഉച്ചകോടി തീരുമാനിച്ച 10000 കോടി ഡോളറില്‍ 4100 കോടി ഡോളറും ഭീമമായ വിദേശ കരുതല്‍ ശേഖരമുള്ള ചൈനയുടെ സംഭാവനയായിരിക്കും. ആതിഥേയര്‍ 500 കോടി ഡോളര്‍ മുടക്കും അവശേഷിക്കുന്നത് മറ്റ് അംഗരാജ്യങ്ങളായ ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നിവ ചേര്‍ന്ന് മുടക്കും. ഉച്ചകോടിയില്‍ ബുധനാഴ്ച രാവിലത്തേക്ക് നീട്ടിയ സെഷനിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അടക്കം അംഗരാഷ്ട്രങ്ങളുടെ ഭരണനായകര്‍ സിആര്‍എയ്ക്കും ബ്രിക്സ് ബാങ്കിനുമുള്ള ധനമന്ത്രിമാരുടെ ശുപാര്‍ശ അംഗീകരിച്ചത്. കഴിഞ്ഞവര്‍ഷം ഡെല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ മുന്നോട്ടുവച്ച രണ്ട് നിര്‍ദേശങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്ന് ചിദംബരം പറഞ്ഞു.

രണ്ട് നിര്‍ദേശങ്ങളുടെയും കാര്യത്തില്‍ ചൈനയ്ക്കും അതീവ താല്‍പ്പര്യമുണ്ടായിരുന്നു. ബാങ്കിന്റെ മൂലധനമടക്കമുള്ള കാര്യങ്ങളില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ ബ്രസീലില്‍ ഉച്ചകോടി ചേരുമ്പോഴേക്ക് തീരുമാനത്തിലെത്താനാകുമെന്ന് ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) 27 ശതമാനം വിഹിതം ഈ അഞ്ച് രാജ്യങ്ങളുടെയും കൂടി ജിഡിപിയാണെന്നും ജി 20, ഐഎംഎഫ് തുടങ്ങിയ മറ്റ് ബഹുരാഷ്ട്ര സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞത് ചിദംബരം ചൂണ്ടിക്കാട്ടി.

സിറിയ ബ്രിക്സിന്റെ സഹായം തേടി

ഡമാസ്കസ്: സിറിയയിലെ സംഘര്‍ഷത്തിന് വിജയകരമായ രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാന്‍ അക്രമങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കുന്നതിന് ബ്രിക്സ് കൂട്ടായ്മ സഹായിക്കണമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അഭ്യര്‍ഥിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് അയച്ച കത്തിലാണ് അസദ് ഈ ആവശ്യം ഉന്നയിച്ചത്. അറബ്മേഖല, പാശ്ചാത്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ രണ്ട് വര്‍ഷമായുള്ള ഭീകരവാദ ഗൂഢാലോചനയ്ക്ക് ഇരയായിരിക്കുകയാണ് സിറിയ എന്ന് അസദ് ചൂണ്ടിക്കാട്ടി. അന്യായവും നിയമവിരുദ്ധവുമായ സാമ്പത്തിക ഉപരോധം മൂലം സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ സാധ്യമായ എല്ലാ ശ്രമവും നടത്തണമെന്നും അസദ് അഭ്യര്‍ഥിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആധിപത്യ ശ്രമത്തില്‍നിന്ന് വ്യത്യസ്തമായി രാജ്യങ്ങളുടെ സഹകരണവും സമാധാനവും സുരക്ഷയും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ന്യായമായ ശക്തിയായ ബ്രിക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അസദ് താല്‍പ്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവ ചേര്‍ന്നുള്ള ബ്രിക്സ് സിറിയയില്‍ വിദേശ ഇടപെടലിന് എതിരാണ്. സിറിയക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ശത്രുക്കള്‍ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ എതിര്‍ത്ത് വോട്ടുചെയ്തിരുന്നു. ഇതിനിടെ സിറിയ-ഇസ്രയേല്‍ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ യുഎന്‍ സേനകളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സിറിയന്‍ വിമത സായുധസംഘങ്ങള്‍ നുഴഞ്ഞുകയറിയതിനെ യുഎന്നില്‍ സമാധാന പാലനത്തിനുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ ഹാര്‍വെ ലദ്സൂസ് അപലപിച്ചു. സിറിയന്‍ വിമത സംഘങ്ങളുടെ ആക്രമണങ്ങള്‍ കാരണം ഇവിടെ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ യുഎന്‍ സേന നിര്‍ബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിമത സായുധസംഘള്‍ക്കുമേല്‍ സ്വാധീനമുള്ള രാഷ്ട്രങ്ങള്‍ യുഎന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവയെ പിന്തിരിപ്പിക്കണം എന്ന് യുഎന്‍ രക്ഷാസമിതി അധ്യക്ഷനായ റഷ്യന്‍ സ്ഥാനപതി വിറ്റാലി ചുര്‍കിന്‍ ആവശ്യപ്പെട്ടു. ഇതേസമയം മിസൈല്‍ സഹായത്തിനുള്ള ആവശ്യം പാശ്ചാത്യ രാഷ്ട്രങ്ങള്‍ തള്ളിയതില്‍ വിമത സഖ്യം നേതാവ് മുഅസ് അല്‍ ഖത്തീബ് രോഷം പ്രകടിപ്പിച്ചു. അമേരിക്കയോട് മിസൈല്‍ സഹായം തേടിയതായി ഖത്തീബ് പറഞ്ഞതിനെ തുടര്‍ന്ന്, സിറിയയില്‍ സൈനിക ഇടപെടലിന് ഇപ്പോള്‍ ഉദ്ദേശമില്ലെന്ന് ചൊവ്വാഴ്ച നാറ്റോ പറഞ്ഞിരുന്നു. വിമത സഖ്യമാണ് സിറിയന്‍ ജനതയുടെ ശരിയായ പ്രതിനിധികളെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍, അവരില്‍ ഏതെങ്കിലും പ്രത്യേക വ്യക്തിയെയോ സംഘത്തെയോ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും വൈറ്റ്ഹൗസ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിറിയന്‍ വിമതര്‍ക്ക് ആയുധസഹായം നല്‍കാന്‍ "ഓരോ രാജ്യങ്ങള്‍ക്കും" അവകാശമുണ്ടെന്ന് ദോഹയില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടി പ്രഖ്യാപിച്ചു.

deshabhimani 280313

No comments:

Post a Comment