ദോഹ: അറബ് ലീഗ് അമേരിക്കയുടെ കളിപ്പാവയാകുന്നതില്‍ ആഭ്യന്തര പ്രതിഷേധം ശക്തമാകുന്നതിനിടെ കൂട്ടായ്മയുടെ 24ാം ഉച്ചകോടി ദോഹയില്‍ ആരംഭിച്ചു. 22 അംഗരാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 15 രാഷ്ട്രത്തലവന്മാരടക്കം ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ആതിഥേയനായ ഖത്തര്‍ എമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉച്ചകോടി ഉദ്ഘാടനംചെയ്തു. ഇസ്രയേല്‍ അധിനിവേശവും ശത്രുതാപരമായ നടപടികളും അനുഭവിക്കുന്ന പലസ്തീന് അറബ് ലീഗ് വാഗ്ദാനംചെയ്ത സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് അല്‍ താനി പ്രസംഗത്തില്‍ സമ്മതിച്ചു.
ലീഗിനെ നയിക്കുന്ന സൗദി അറേബ്യയും ഖത്തറും മറ്റും സിറിയയില്‍ അട്ടിമറിക്ക് വിമത കലാപകാരികള്‍ക്ക് വന്‍തോതില്‍ സഹായം നല്‍കുമ്പോഴാണ് അറബ് ലീഗിന്റെ പാളിച്ച കാരണം സ്വന്തം മണ്ണ് നഷ്ടപ്പെട്ട് ആറര പതിറ്റാണ്ടായി പീഡനമനുഭവിക്കുന്ന പലസ്തീന്‍കാരെ അവഗണിക്കുന്നത്. ജെറുസലെമിന്റ അറബിത്വം സംരക്ഷിക്കാന്‍ 100 കോടി ഡോളറിന്റെ നിധി രൂപീകരിക്കണം എന്ന് അല്‍ താനി ആഹ്വാനം ചെയ്തു. അതിലേക്ക് ഖത്തര്‍ 25 കോടി ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിറിയയെ പ്രതിനിധീകരിച്ച് വിമത നേതാക്കളെയാണ് ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുന്നത്. വിമതസഖ്യം നായകസ്ഥാനം രാജിവച്ച അഹ്മദ് മുഅസ് അല്‍ ഖത്തീബ്, നിയുക്ത വിമത പ്രധാനമന്ത്രി ഗസ്സന്‍ ഹിത്തോ, ജോര്‍ജ് സബ്രാ, സുഹെയ്ര്‍ അത്താസി എന്നിവരാണ് ഉച്ചകോടിക്കെത്തിയത്. ആയിരക്കണക്കിന് ഇറാനിയന്‍, റഷ്യന്‍ പോരാളികള്‍ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കുന്നതായി ഖത്തീബ് ആരോപിച്ചു. ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുടങ്ങിയവരും ഉച്ചകോടിയിലുണ്ട്. സൗദി അറേബ്യ, ഇറാഖ്, അല്‍ജീരിയ, ഒമാന്‍, സുഡാന്‍, യുഎഇ എന്നിവിടങ്ങളില്‍നിന്ന് രാഷ്ട്രത്തലവന്മാര്‍ക്ക് പകരം ഉന്നത തല സംഘങ്ങളാണ് പങ്കെടുക്കുന്നത്.
deshabhimani 270313
No comments:
Post a Comment