Tuesday, March 26, 2013

ലഘുസമ്പാദ്യങ്ങള്‍ക്ക് പലിശനിരക്ക് കുറച്ചു


ലഘുസമ്പാദ്യങ്ങളുടെ പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് 8.8 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായാണ് കുറച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷം കാലാവധിയുള്ള നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിലവിലുള്ള 8.5 ശതമാനം പലിശയിലും 10 വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിലവിലുള്ള 8.8 ശതമാനം പലിശയിലും 0.10 ശതമാനം കുറവു വരും. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് പദ്ധതിയിലെ 9.3 ശതമാനം പലിശ 9.2 ആയും കുറയും. പബ്ലിക് പ്രോവിഡന്റ് ഫണ്ടിലുള്ള നിക്ഷേപവും പലിശയും ആദായനികുതിയില്‍നിന്ന് മുക്തമാണ്. എന്നാല്‍, പലിശ വഴി ലഭിക്കുന്ന ആനുകൂല്യം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. ശ്യാമളാ ഗോപിനാഥ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരമാണ് നിരക്ക് കുറച്ചതെന്നാണ് സര്‍ക്കാര്‍വാദം. വിപണിനിരക്കിനോട് ഒത്തുപോകുന്നതാകണം പിപിഎഫ് പലിശനിരക്കും എന്നതാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

പ്രത്യേകമായി ഒരു ക്ഷേമപദ്ധതിയും പെന്‍ഷന്‍ പദ്ധതിയുമില്ലാത്തവര്‍ക്കുള്ള നിക്ഷേപമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. പോസ്റ്റ് ഓഫീസുകള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവയില്‍ പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വര്‍ഷം കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിച്ച് പദ്ധതി നിലനിര്‍ത്താം. 2000 വരെ 12 ശതമാനമായിരുന്നു പലിശ. ഗ്രാമീണമേഖലയിലെ ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിച്ച പദ്ധതികളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഏജന്റുമാരായും ഉപജീവനം നടത്തുന്നു. ഇത്തരം പദ്ധതികളിലൂടെ സമാഹരിക്കുന്ന തുക രാജ്യവികസനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അവിടെ സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ക്കനുസരിച്ച് സഹായവും ലഭിച്ചിരുന്നു. പാവപ്പെട്ടവരുടെ നാമമാത്രമായ സമ്പാദ്യത്തിന്റെ ആദായത്തില്‍ നിന്ന് കൈയിട്ടുവാരി ധനകമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. കോര്‍പറേറ്റ് വിഭാഗത്തിന് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവും ആനുകൂല്യങ്ങളും നല്‍കുമ്പോഴാണ് പാവങ്ങളുടെ നിസ്സാര വരുമാനവും കവര്‍ന്നെടുക്കുന്നത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment