Sunday, March 31, 2013

മോഡിയെ പുകഴ്ത്താന്‍ യുഎസ് സംഘത്തിന് കൈക്കൂലി


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്താന്‍ അമേരിക്കന്‍ സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത് കൈക്കൂലി നല്‍കിയാണെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. മൂന്ന് അമേരിക്കന്‍ പ്രതിനിധി സംഘങ്ങള്‍ അടങ്ങുന്ന 24 അംഗ സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം വന്‍നേട്ടമായി പ്രചരിപ്പിച്ച ബിജെപിക്ക് അമേരിക്കന്‍ മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ നാണക്കേടായി. ഓരോ പ്രതിനിധിക്കും 1.62 ലക്ഷം രൂപ മുതല്‍ 8.68 ലക്ഷം രൂപ വരെ ചെലവ് വരുന്ന ടൂര്‍ പാക്കേജിന്റെ മറവിലാണ് സംഘത്തെ ഇന്ത്യയില്‍ എത്തിച്ചതെന്ന വിവരം ചിക്കാഗോ കേന്ദ്രമായ ഹൈ ഇന്ത്യ പത്രമാണ് പുറത്തുവിട്ടത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പൊതുപണം കൈക്കൂലിക്കായി ഉപയോഗിച്ച നരേന്ദ്രമോഡി രാജി വയ്ക്കണമെന്ന് ഗുജറാത്തിലെ പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള സംഘം നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് രണ്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ബാക്കി ബിസിനസുകാരുമായിരുന്നു സംഘത്തില്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി എന്ന സംഘടനയുടെ പ്രവര്‍ത്തകനും ബിസിനസുകാരനുമായ സുഭാഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആഡംബരസഞ്ചാരം സുഭാഷ്കുമാര്‍ വാഗ്ദാനം ചെയ്തു. ഉന്നതരായ ബിസിനസുകാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായിരുന്നു ക്ഷണം. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ അതിഥികളായി അങ്ങോട്ടുള്ള സന്ദര്‍ശനവും ബിജെപി പിന്തുണയോടെ ഭരിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദലുമൊത്തുള്ള അത്താഴവും നിശ്ചയിച്ചിരുന്നു.

ഗുജറാത്തില്‍ എത്തിയ സംഘം മോഡിയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും സംസ്ഥാനത്തിന്റെ വികസനമാതൃകയെ വാനോളം പുകഴ്ത്തുകയും ചെയ്തു. അമേരിക്ക മോഡിയോടുള്ള നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് ബിജെപി ദേശീയനേതൃത്വവും തൊട്ട് പിന്നാലെ രംഗത്തെത്തി. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് 1995 മുതല്‍ മോഡിക്ക് അമേരിക്ക സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ ഭഭരണകൂടത്തിന്റെ വിലക്ക് നീക്കാന്‍ ഒരു സ്വകാര്യ പ്രതിനിധിസംഘത്തിന് കഴിയുന്നതെങ്ങനെ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും പ്രതിനിധിസംഘാംഗങ്ങളോ ഗുജറാത്ത് സര്‍ക്കാരോ വ്യക്തമായ മറുപടി നല്‍കിയില്ല. നരേന്ദ്രമോഡിയുടെ വികസനമാതൃക വിദേശരാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നുവെന്നായിരുന്നു ബിജെപി പ്രചരണം. ഈ മാസം ആദ്യം അമേരിക്കയിലെ വാര്‍ട്ടണ്‍ ഇന്ത്യ എക്കണോമിക് ഫോറം സംഘടിപ്പിച്ച പരിപാടിയിലേക്ക് മോഡിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷണം പിന്‍വലിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.

deshabhimani 310313

3 comments:

  1. which media exposed that? can you please refer that?

    ReplyDelete
  2. ഓരോ പ്രതിനിധിക്കും 1.62 ലക്ഷം രൂപ മുതല്‍ 8.68 ലക്ഷം രൂപ വരെ ചെലവ് വരുന്ന ടൂര്‍ പാക്കേജിന്റെ മറവിലാണ് സംഘത്തെ ഇന്ത്യയില്‍ എത്തിച്ചതെന്ന വിവരം ചിക്കാഗോ കേന്ദ്രമായ ഹൈ ഇന്ത്യ പത്രമാണ് പുറത്തുവിട്ടത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പൊതുപണം കൈക്കൂലിക്കായി ഉപയോഗിച്ച നരേന്ദ്രമോഡി രാജി വയ്ക്കണമെന്ന് ഗുജറാത്തിലെ പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.

    ReplyDelete