Tuesday, March 26, 2013
അന്വേഷണം സമയബന്ധിതമാകണം: സിപിഐ എം
തീവ്രവാദിയെന്ന് ആരോപിച്ച് ലിയാഖത്ത് അലി ഷായെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ജമ്മു കശ്മീര്‍ പൊലീസും സംസ്ഥാന സര്‍ക്കാരും ഡല്‍ഹി പൊലീസും ഉയര്‍ത്തുന്ന പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെക്കൊണ്ട് സമയബന്ധിതമായി അന്വേഷിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിവിധ ഏജന്‍സികള്‍ തമ്മില്‍ മെച്ചപ്പെട്ട ഏകോപനം വേണമെന്ന് നിയമനിര്‍മാണത്തിലൂടെ എന്‍ഐഎ രൂപീകരിച്ചതുമുതല്‍ സിപിഐ എം ആവശ്യപ്പെടുന്ന കാര്യമാണ്. സുരക്ഷാസംവിധാനത്തിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ആശങ്ക ഉയര്‍ന്നപ്പോഴൊക്കെ പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ വൈരുധ്യം ഷായുടെ അറസ്റ്റിലൂടെ ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള നിരീക്ഷണം ശക്തിപ്പെടുത്താനോ ആഭ്യന്തര-ബാഹ്യസുരക്ഷ ഉറപ്പുവരുത്താനോ ഈ സംഭവം ഒരു തരത്തിലും സഹായിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കീഴടങ്ങല്‍-പുനരധിവാസപദ്ധതി അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സമയബന്ധിത അന്വേഷണം അനിവാര്യമാണെന്നും പിബി ചൂണ്ടിക്കാട്ടി.
നിയന്ത്രണരേഖ കടന്ന് കശ്മീരിലെത്തി കീഴടങ്ങുന്നവരുടെ പുനരധിവാസത്തിന് തയ്യാറാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കനത്ത തിരിച്ചടിയാണ് ലിയാഖത്ത് അലി ഷാ സംഭവമെന്ന് സിപിഐ എം ജമ്മു കശ്മീര്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഷായുടെ അറസ്റ്റ് ഗൗരവതരമാണ്. അനുരഞ്ജനശ്രമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാണിക്കണം. നിഷ്കളങ്കരായ യുവാക്കളെ കേസില്‍ കുടുക്കുന്ന അപകടകരമായ സ്ഥിതി അവസാനിപ്പിക്കണമെന്നും സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment