ഐക്യ പുരോഗമനസഖ്യം അഥവാ യുപിഎ ഇന്ന് ഐക്യവും പുരോഗമനസ്വഭാവവും ഇല്ലാത്ത നിര്‍ജീവസഖ്യമായി മാറിയിരിക്കുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷംമാത്രം ബാക്കിയിരിക്കെയാണ് യുപിഎ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത്. മുങ്ങുന്ന കപ്പലിനൊപ്പം ചേര്‍ന്ന് മരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടുതന്നെ പല ഘടകകക്ഷികളും യുപിഎ എന്ന കപ്പല്‍ ഉപേക്ഷിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവന്ന കക്ഷി, ഡിഎംകെയാണ്. 19 അംഗ തൃണമൂല്‍ സഖ്യമാണ് ആദ്യം യുപിഎ കപ്പല്‍ വിട്ടിറങ്ങിയത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) സഖ്യം വിട്ടു. ജഗന്‍മോഹന്‍റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തോടെതന്നെ അടിത്തറ ഇളകിയ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത ആഘാതം നല്‍കി പതിനാലു വര്‍ഷമായുള്ള സഖ്യകക്ഷിയായ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തേഹദ്ദുല്‍ മസ്ലിമിനും (എഐഎംഐഎം) യുപിഎ വിട്ടു. ലോക്സഭയില്‍ ഒരംഗംമാത്രമേയുള്ളുവെങ്കിലും ആന്ധ്രപ്രദേശ് നിയമസഭയില്‍ ഏഴ് എംഎല്‍എമാരുള്ള പ്രസ്ഥാനമാണ് ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം.
നിലവില്‍ യുപിഎയിലെ ഏറ്റവും വലിയ ഘടകകക്ഷിയായിരുന്നു 18 അംഗ ഡിഎംകെ. ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തിലാണ് ഡിഎംകെ നേതാവ് കരുണാധിധി യുപിഎ സഖ്യം വിട്ടത്. 2009 ല്‍ വേലുപ്പിള്ള പ്രഭാകരനെ വധിച്ച് എല്‍ടിടിഇ എന്ന പ്രസ്ഥാനത്തെ വേരോടെ പിഴുതെറിഞ്ഞ ഘട്ടത്തില്‍ ഉപവാസസമരത്തില്‍ പ്രതിഷേധം ഒതുക്കിയ കരുണാനിധിയാണ് ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രീലങ്കക്കെതിരെ കൊണ്ടുവന്ന ഒരു പ്രമേയത്തിന്റെ ഭാഷയുടെ പേരില്‍ പിന്തുണ പിന്‍വലിച്ചത്. ടുജി സ്പെക്ട്രം അഴിമതിയില്‍ മകള്‍ കനിമൊഴിയെ ഉള്‍പ്പെടെ ജയിലിലടച്ചപ്പോള്‍ തന്നെ ഡിഎംകെ മുന്നണി വിടാന്‍ ഉള്ളുകൊണ്ട് ആഗ്രഹിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന് രണ്ടു വര്‍ഷത്തിലധികം ആയുസ്സുണ്ടെന്നു കണ്ടാണ് അതിന് മുതിരാതിരുന്നത്. എന്നാല്‍, ധനമന്ത്രി ചിദംബരത്തിന്റെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കനിമൊഴിയെ വീണ്ടും അറസ്റ്റുചെയ്യുമെന്ന വാര്‍ത്ത ലഭിച്ചതോടെയാണ് കരുണാനിധി പിന്തുണ പിന്‍വലിക്കാന്‍ അന്തിമമായി തീരുമാനിച്ചതെന്നാണ് അദ്ദേഹവുമായുള്ള അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിന്തുണ പിന്‍വലിച്ച് 24 മണിക്കൂറിനകം കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ സ്റ്റാലിന്റെ വസതി സിബിഐ റെയ്ഡ് ചെയ്തപ്പോള്‍ കരുണാനിധിയുടെ രാഷ്ട്രീയ തിരക്കഥയാണ് വിജയിച്ചത്.
സിബിഐ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണെന്ന വിമര്‍ശം ഇതോടെ ശരിയാണെന്നു വന്നു. സിബിഐയുടെ നടപടി "നിര്‍ഭാഗ്യകര"മാണെന്ന് പ്രധാനമന്ത്രി വിലപിച്ചു. സിബിഐ നടപടി അംഗീകരിക്കുന്നില്ലെന്ന് ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. അവസാന മുഗള്‍ രാജാവായ ബഹദൂര്‍ ഷാ സഫറിന്റെ അധികാരപരിധി അദ്ദേഹത്തിന്റെ കൊട്ടാരത്തിനു പുറത്തുണ്ടായിരുന്നില്ലെന്ന് പറയുന്നതുപോലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ദുര്‍ബലനായിത്തീര്‍ന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. യുപിഎയുടെ രാഷ്ട്രീയസ്ഥിരത ചോദ്യംചെയ്യപ്പെട്ടപ്പോള്‍ ഉന്നത ഉദ്യേഗസ്ഥര്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കിയെന്ന് മന്ത്രിമാര്‍തന്നെ അടക്കം പറഞ്ഞു. എതായാലും സിബിഐ സ്വതന്ത്ര അന്വേഷണസംഘമാണ് എന്ന പല്ലവി ഇനി യുപിഎയ്ക്ക് ആവര്‍ത്തിക്കാനാവില്ല. കാരണം പ്രധാനമന്ത്രിയും മൂന്ന് കേന്ദ്രമന്ത്രിമാരും പരസ്യമായി സിബിഐയെ വിമര്‍ശിച്ചിരിക്കുന്നു. സ്റ്റാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് മുലായത്തിനെയും മായാവതിയെയും ഭയപ്പെടുത്തി കൂടെനിര്‍ത്താനുള്ള വില കുറഞ്ഞ കോണ്‍ഗ്രസ് തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു.
ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ 224 അംഗങ്ങളുടെ പിന്തുണമാത്രമാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളുടെ പിന്തുണ വേണം. 22 അംഗ സമാജ്വാദി പാര്‍ടിയും 21 അംഗ ബിഎസ്പിയും മൂന്ന് വീതം അംഗങ്ങളുള്ള ആര്‍ജെഡിയും ജെഡിഎസും പത്തോളം സ്വതന്ത്രരും പുറത്തുനിന്ന് നല്‍കുന്ന പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഭരണം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാര്‍ സുസ്ഥിരമാണെന്ന് ചിദംബരം എത്രകുറി ആവര്‍ത്തിച്ചാലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആടിയുലഞ്ഞുകൊണ്ടിരിക്കും.
കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മയുടെ പ്രസ്താവനയും തുടര്‍ന്നുള്ള പാര്‍ലമെന്റ് സ്തംഭനവും ഈ അസ്ഥിരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗോണ്ടയില്‍ നടത്തിയ പൊതുയോഗത്തിലാണ് മുലായം ക്രിമിനലും തീവ്രവാദികളുമായി ബന്ധമുള്ളയാളും യുപിഎയ്ക്ക് പിന്തുണ നല്‍കുന്നതിന് കമീഷന്‍ പറ്റുന്നയാളാണെന്നും വര്‍മ തുറന്നടിച്ചത്. ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടപ്പോള്‍ യുപിഎ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തിലേക്കുപോലും ക്ഷണിക്കപ്പെടാതിരുന്ന മുലായത്തിന്റെ മുമ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈകൂപ്പേണ്ടി വന്നു. പ്രധാനമന്ത്രിയും മുലായത്തെ കാണാന്‍ സമയം കണ്ടെത്തി. ഒപ്പം ബേനിപ്രസാദ് വര്‍മ ഖേദപ്രകടനവും നടത്തി. തല്‍ക്കാലം കൊടുങ്കാറ്റ് ഒഴിഞ്ഞെങ്കിലും എപ്പോള്‍ വേണമെങ്കിലും അത് യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞുവിശുമെന്നര്‍ഥം.
യുപിഎ സര്‍ക്കാര്‍ എത്രമാത്രം ദുര്‍ബലമാണെന്നതിനുള്ള മറ്റൊരു തെളിവാണ് ഇറ്റാലിയന്‍ നാവികരുടെ പ്രശ്നം. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ അത് അസ്വീകാര്യമാണെന്ന് ഇടതുപക്ഷ എംപിമാരോട് പറഞ്ഞ പ്രധാനമന്ത്രി നിമിഷങ്ങള്‍ക്കകം ആ പ്രസ്താവനയില്‍നിന്ന് പിന്‍വാങ്ങി. പിന്നീട് ഇറ്റാലിയന്‍ അംബാസഡറെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചപ്പോഴാണ് പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും മറ്റും സ്വരം മാറ്റിയത്. അവസാനം ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ നയതന്ത്രവിജയം എന്ന് പ്രതികരിച്ച വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇറ്റാലിയന്‍ അധികൃതരുമായുണ്ടാക്കിയ രഹസ്യ ഉടമ്പടി മറച്ചുവച്ചു. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രിയാണ് വെളിപ്പെടുത്തിയത്. ശിക്ഷ തീരുമാനിക്കേണ്ടത് ജുഡീഷ്യറിയാണെന്നിരിക്കെ അതിനെയും മറികടന്ന് യുപിഎ സര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പ് രാജ്യത്തിന്റെ പരമാധികാരത്തെതന്നെയാണ് ചോര്‍ത്തിക്കളയുന്നത്. എല്ലാ അര്‍ഥത്തിലും യുപിഎ ഭരണം കേരളത്തിലെ യുഡിഎഫ് ഭരണത്തെപ്പോലെ ദുര്‍ഗന്ധം പരത്താന്‍ തുടങ്ങിയിരിക്കുന്നു.
deshabhimani editorial 250313
No comments:
Post a Comment