Saturday, March 30, 2013

ഹാസ്യത്തിന്റെ അക്ഷരവസന്തം വിരിയിച്ച ഇ വിയുടെ ഓര്‍മയ്ക്ക് 75 വയസ്സ്


ശൂരനാട്: മലയാളക്കരയില്‍ ചിരിയുടെ പൂക്കാലം വിരിയിച്ച ഹാസ്യസാഹിത്യ കുലപതി ഇ വി കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ക്ക് ഏഴരപതിറ്റാണ്ട് വയസ്സ്. ചിരിയുടെ ചിരഞ്ജീവി ഇ വി 1938 മാര്‍ച്ച് 30നാണ് അന്തരിച്ചത്. കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ വക്കീല്‍ പപ്പുപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1894 സെപ്തംബര്‍ 14ന് ആയിരുന്നു ജനനം. മലയാള സാഹിത്യത്തിനും നാടകക്കളരിക്കും മഹത്തായ സംഭാവന നലകിയ ഇവിക്ക് ഉചിതമായ സ്മാരകം ഇല്ലെന്നത് സാംസ്കാരിക കേരളത്തിന്റെ ഔചത്യമില്ലായ്മയായി ഇന്നും നിലനില്‍ക്കുന്നു. നാണക്കേട് തിരുത്താന്‍ സാംസ്കാരിക വകുപ്പ് മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇ വിയുടെ മൂലകുടുംബം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ആലത്തൂര്‍ വീടാണ്. ഇ വി ജനിച്ച് ഏഴുമാസം കഴിഞ്ഞ് കുന്നത്തൂര്‍ ഇഞ്ചകാട്ട് വീട്ടില്‍നിന്ന് താമസം അടൂര്‍ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് വീട്ടിലേക്ക് മാറ്റിയിരുന്നു. അച്ഛന്‍ പപ്പുപിള്ള അടൂര്‍ കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും മഹാനായ ഹാസ്യനടന്‍ അടൂര്‍ഭാസി, ചന്ദ്രാജി, പത്മനാഭന്‍ എന്നിവര്‍ ഇ വിയുടെ മക്കളാണ്. ഒരുപെണ്‍കുട്ടിയും ഉണ്ടായിരുന്നു.

ഇ വി ജനിച്ച കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ പില്‍ക്കാലത്ത് അനന്തിരവള്‍ മീനാക്ഷിയും കുടുംബവുമായിരുന്നു താമസം. ഈ വീടും പറമ്പും ഇന്ന് കൈമാറ്റം ചെയ്തു. നാടകകൃത്ത്, നടന്‍, പത്രാധിപര്‍, അഭിഭാഷകന്‍, ചെറുകഥാകൃത്ത്, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന ഇ വിയെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഹാസ്യസാഹിത്യത്തിന്റെ ഇതിഹാസമായിട്ടാണ്. ആറാംക്ലാസില്‍ പഠിക്കവെയാണ് ആദ്യനോവല്‍ "ബാലകൃഷ്ണന്‍" പിറന്നത്. കോട്ടയം സി എം എസ് കോളേജില്‍ പഠിക്കവെ ശാകുന്തളം സംഗീതനാടകത്തിലും അഭിനയിച്ചു. ഈ കാലത്താണ് "വക്കീലങ്ങുന്നിന്റെ വിവാഹം" എന്ന ഹാസ്യപുസ്തകം എഴുതിയത്. സി എം എസ് കോളേജിലെ മലയാളം മേധാവി കെ ശങ്കരപിള്ളയും പിന്നീട് തിരുവനന്തപുരത്ത് പഠിക്കവെ മലയാള പ്രൊഫസര്‍ എ ആര്‍ രാജരാജവര്‍മയും ഇ വിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ലോ കോളേജിലെ നിയമ പഠനകാലത്താണ് സി വി രാമന്‍പിള്ളയുമായി അടുപ്പം തുടങ്ങിയത്. സി വി രാമന്‍പിള്ളയുടെ മകള്‍ ബി എ മഹേശ്വരിയമ്മയെയാണ് ഇ വി വിവാഹം ചെയ്തത്. ഉദ്യോഗസ്ഥവര്‍ഗത്തെയും ബ്രാഹ്മണകുലത്തെയും തുറന്ന് വിമര്‍ശിക്കുന്ന "നാടുകടത്തല്‍" എന്ന കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട് ചരിത്രസ്മാരകമാക്കാന്‍ എംഎല്‍എയായിരുന്ന ടി നാണുമാസ്റ്ററും പിന്നീട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ടി കെ രാമകൃഷ്ണന്‍ സാംസ്കാരികമന്ത്രിയായിരിക്കെ ഇ വിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍, പിന്നീടത് മുടങ്ങി. ഇപ്പോള്‍ ജന്മഗൃഹത്തിന്റെ സ്ഥാനത്ത് പുതിയ കോണ്‍ക്രീറ്റ് മന്ദിരമാണ്. തലസ്ഥാനത്തോ കൊല്ലം ജില്ലാ ആസ്ഥാനത്തോ ഇ വിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കുന്നത്തൂര്‍ ഏഴാംമൈല്‍ പിറവി സാംസ്കാരിക സമിതി ഇ വിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാത്രമാണ് മഹാനായ സാഹിത്യകാരന് ഇന്ന് അവശേഷിക്കുന്ന ഏക സ്മാരകം.
(എം അനില്‍)

deshabhimani 290313

No comments:

Post a Comment