Sunday, March 31, 2013

സാമ്പത്തികവര്‍ഷം അവസാനിച്ചു; രൂപയുടെ നില പരുങ്ങലില്‍


വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപ ഏറ്റവും താഴെയെത്തിയ സാമ്പത്തികവര്‍ഷം കടന്നുപോകുന്നു. വ്യാപാരശിഷ്ടത്തില്‍ കുറവു വരാത്തത് രൂപയുടെ നില വീണ്ടും പരുങ്ങലിലാക്കി. 2012 ജൂണ്‍ 25ന് ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 57.13 എന്ന താഴ്ചയിലെത്തി. 2012 മാര്‍ച്ച് 30ന് ഡോളറിന് 50.89 രൂപയായിരുന്ന നിരക്ക് മൂന്ന് മാസം കൊണ്ടാണ് റെക്കോഡ് താഴ്ചയിലെത്തിയത്. ഒക്ടോബര്‍ നാലിന് 51.74 രൂപ എന്ന മെച്ചപ്പെട്ട നിലയിലെത്തിയെങ്കിലും അധികം നിലനിന്നില്ല. 2013 മാര്‍ച്ച് 30ന് 54.28 രൂപ എന്ന നിലയിലാണ് ഡോളറുമായുള്ള വിനിമയനിരക്ക്. ഡിസംബര്‍ പാദത്തില്‍ വ്യാപാരശിഷ്ടം മെച്ചപ്പെട്ട നിലയിലെത്തിയിരുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 6.7 ശതമാനമെന്ന നിലയിലായിരുന്നു ഡിസംബറിലെ വ്യാപാരശിഷ്ടം. 2012-13 സാമ്പത്തികവര്‍ഷമാകെ എടുത്താല്‍ വ്യാപാരശിഷ്ടം അഞ്ച് ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്‍ പറഞ്ഞു.

2011 ഡിസംബര്‍ പാദത്തില്‍ 2000 കോടി അമേരിക്കന്‍ ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാരശിഷ്ടം. 2012 ഡിസംബര്‍ ആയപ്പോള്‍ അത് 3200 ഡോളറായി. ക്രൂഡോയില്‍, സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചതും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വന്‍തോതില്‍ കുറഞ്ഞതും രൂപയ്ക്ക് വിനയായി. രാജ്യത്തെ സേവനമേഖല താരതമ്യേന ദുര്‍ബലമായത് മറ്റൊരു കാരണം. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനാണ് സാമ്പത്തിക പരിഷ്കാരങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പരിഷ്കാരങ്ങള്‍ ഫലമൊന്നുമുണ്ടാക്കിയില്ല. വ്യവസ്ഥകള്‍ വീണ്ടും ഉദാരമാക്കിയിട്ടും നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ താല്‍പ്പര്യമില്ല. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് ക്രിസില്‍ പോലുള്ള റേറ്റിങ് ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മാന്ദ്യം തുടരുകയാണ്. അമേരിക്കയും യൂറോപ്പും പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഇന്ത്യയിലേക്ക് നിക്ഷേപമൊഴുകാന്‍ സാധ്യതയുള്ളൂ.
(വി ജയിന്‍)

deshabhimani 310313

No comments:

Post a Comment