Monday, March 25, 2013
ചീഫ് വിപ്പിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഭൂമി അണ്‍ എയ്ഡഡ് സ്കൂളിന്
കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മണ്ഡലത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി അണ്‍ എയ്ഡഡ് സ്കൂളിന് പതിച്ചുനല്‍കാന്‍ നീക്കം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി വടക്ക് വില്ലേജില്‍പ്പെട്ട (ബ്ലോക്ക് നമ്പര്‍ 30, റീസര്‍വേ 308/2) മൂന്നേക്കര്‍ ഭൂമിയാണ് കോരുത്തോട് സെന്റ് ജോര്‍ജ് എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അണ്‍എയ്ഡഡ് സ്കൂളിന് നല്‍കുന്നത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രണ്ടുകോടിയിലേറെ കമ്പോളവിലയുള്ള ഈ വസ്തുവില്‍ 400 റബര്‍, തേക്ക്, തെങ്ങ്, ആഞ്ഞിലി, പ്ലാവ് എന്നിങ്ങനെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഉണ്ടെന്നാണ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതൊന്നും പരിഗണിക്കാതെയാണ് അണ്‍ എയ്ഡഡ് സ്കൂളിന് ഭൂമി ദാനം ചെയ്യാനുള്ള നീക്കം.
അനധികൃതമായി ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന ഭൂമിയിലെ റബര്‍ ഉള്‍പ്പെടെയുള്ള മരങ്ങളുടെ ആദായവും ഇവര്‍ കൈക്കലാക്കുകയാണ്. ഈ ഭൂമിയോട് ചേര്‍ന്നുള്ള മൂന്നേക്കര്‍ കോരുത്തോട് സെന്റ് ജോര്‍ജ് പള്ളിയുടെ കൈവശമാണ്. ബ്ലോക്ക് നമ്പര്‍ 30ല്‍ റീസര്‍വേ 308/2 ല്‍ തന്നെയാണ് ഈ വസ്തുവും. പള്ളിയുടെ പേരുപറഞ്ഞാണ് ബാക്കിഭൂമി തട്ടിയെടുക്കാന്‍ ട്രസ്റ്റ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് കുഞ്ചെറിയ കുറ്റിക്കാട്ടിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റ്. ഐ വിഭാഗക്കാരനായ മന്ത്രി അടൂര്‍പ്രകാശിനെ സ്വാധീനിച്ചാണ് ഇതുസംബന്ധിച്ചുള്ള ഫയല്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഐ വിഭാഗം നേതാക്കള്‍ മന്ത്രിയുടെ ഓഫീസില്‍ ക്യാമ്പ് ചെയ്താണ് ഭൂമി പതിച്ചെടുക്കാന്‍ നീക്കം നടത്തിയത്. സ്ഥലം എംഎല്‍എ പി സി ജോര്‍ജിന്റെ സഹായവും ട്രസ്റ്റ് ഭാരവാഹികള്‍ തേടിയതായാണ് സൂചന. മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഫയല്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കോരുത്തോട്ടെ അണ്‍ എയ്ഡഡ് സ്കൂളിന് കമ്പോളവിലയുടെ രണ്ട് ശതമാനം പാട്ടം ചുമത്തി മാത്രമേ ഭൂമി നല്‍കാവൂ എന്നാണ് കോട്ടയം കലക്ടര്‍ മിനി ആന്റണി സര്‍ക്കാരിനെ അറിയിച്ചത്. കമ്പോളവില രണ്ടുകോടിയിലേറെ വരുന്ന ഭൂമിക്ക് വര്‍ഷം നാലുലക്ഷം രൂപയെങ്കിലും പാട്ടം ലഭിക്കും. അണ്‍എയ്ഡഡ് സ്കൂളിന് ഭൂമി ദാനംചെയ്യാന്‍ പാട്ട വ്യവസ്ഥയും മറികടന്നു. നിലവിലുള്ള ഭൂനിയമം ലംഘിച്ചുള്ള ഇത്തരം നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഫയലുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ചീഫ്സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
(സിബി ജോര്‍ജ്)
deshabhimani 250313
സര്‍ക്കാര്‍ ഭൂമി അണ്‍എയ്ഡഡ് സ്കൂളിന്: ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്
കോട്ടയം: ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ മണ്ഡലത്തില്‍ അണ്‍എയ്ഡഡ് സ്കൂളിന് സര്‍ക്കാര്‍ഭൂമി ദാനത്തിനൊരുങ്ങുന്നത് ധനവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി വടക്ക് വില്ലേജില്‍പ്പെട്ട (ബ്ലോക്ക് നമ്പര്‍ 30, റീസര്‍വേ 308/2) മൂന്നേക്കര്‍ ഭൂമി കോരുത്തോട് സെന്റ് ജോര്‍ജ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അണ്‍എയ്ഡഡ് സ്കൂളിന് പതിച്ച് നല്‍കുന്നതാണ് ധനവകുപ്പ് എതിര്‍ത്തത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ചോ പാട്ടത്തിനോ നല്‍കുന്നത് കേരളത്തിന്റെ ഭാവിക്ക് സുരക്ഷിതമല്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ട്രസ്റ്റ് ആവശ്യപ്പെട്ട ഭൂമിക്ക് സമീപം സെന്റ് ജോര്‍ജ് പള്ളിയുടെ കൈവശമുള്ള ഭൂമി ഒഴികെ ബാക്കിയുള്ള മൂന്നേക്കര്‍ ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നും ഇതു സംബന്ധിച്ച ഫയലില്‍ ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നല്‍കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ സ്ഥാപിച്ചാല്‍ ഭൂമി പിന്നീട് തിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് കാര്യമാക്കാതെയാണ് റവന്യൂമന്ത്രി അടൂര്‍പ്രകാശ് ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടത്. ആവശ്യക്കാര്‍ കോണ്‍ഗ്രസ് ഐ നേതാക്കളായതിനാലാണ് സംസ്ഥാനത്ത് നിലവിലുള്ള ഭൂനിയമം കാറ്റില്‍പ്പറത്തി ഭൂമി കൈമാറ്റത്തിന് മന്ത്രിയെ പ്രേരിപ്പിച്ചത്. 1964ലെ ഭൂമി പതിവ് ചട്ടം നാലുപ്രകാരം സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഭൂമി പാട്ടത്തിനുപോലും നല്‍കാന്‍ വ്യവസ്ഥയില്ല. നേരത്തെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചോ പാട്ടത്തിനോ നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്. അണ്‍എയ്ഡഡ് സ്കൂളിന് ഭൂമി പതിച്ചുനല്‍കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതിനാല്‍ അപ്രകാരം ചെയ്യുന്നത് വലിയ വിവാദത്തിനിടയാക്കുമെന്ന മുന്നറിയിപ്പും ധനവകുപ്പ് നല്‍കിയിട്ടുണ്ട്.
(സിബി ജോര്‍ജ്)
Subscribe to:
Post Comments (Atom)
No comments:
Post a Comment