Sunday, March 31, 2013

ബിഎംഎസ് പ്രവര്‍ത്തകനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചു


ഭീമനടി: പൂങ്ങംചാലില്‍ ആര്‍എസ്എസ്-ബിജെപി ശാഖകളുടെ അക്രമ പ്രവര്‍ത്തനങ്ങളോട് വിയോജിച്ച ബിഎംഎസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി ആക്രമിച്ചു. വീട്ടുപകരണങ്ങളും ഓട്ടോറിക്ഷയും തകര്‍ത്തു. ഭാര്യയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നു. ബിഎംഎസ് പ്രവര്‍ത്തകനായ സ്വകാര്യ ബസ് ഡ്രൈവറായ പി സുമേഷി (35)നെയാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ അടുക്കളംപാടിയിലെ സുനില്‍കുമാര്‍ (34), ചിര്‍ക്കയത്തെ അജേഷ്, സഹോദരന്‍ അരുണ്‍ എന്ന മുത്തു (25), രൂപേഷ് (21), പറമ്പയിലെ സുരേഷ് (38), കുമ്പളപ്പള്ളിയിലെ ഹരീഷ് (35) എന്നിവരുടെ നേതൃത്വത്തില്‍ പുറത്തേക്ക് വലിച്ചിഴച്ച് അക്രമിക്കുകയായിരുന്നു. വീട്ടിലേക്കോടി കയറിയെങ്കിലും അക്രമിസംഘം സുമേഷിനെയും ഭാര്യ ഷീജയെയും ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് മര്‍ദിച്ചു. സുമേഷിന്റെ തലക്ക് ഇരുമ്പ് ദണ്ഡുകൊണ്ടടിച്ചു. കൈകാലുകള്‍ ഒടിച്ചു. ഭാര്യ ഷീജയുടെ കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റു. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തിയും ഉറ്റവരെ അക്രമിച്ചും തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിക്കാനാണ് പ്രദേശത്ത് ആര്‍എസ്്എസ്-ബിജെപി ശ്രമം. അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാതെ വിട്ടുനിന്നതിലുള്ള രോഷത്തിലാണ് സുമേഷിന്റെ വീടാക്രമിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മണ്ണാര്‍ക്കാട്: തെങ്കര കാളക്കാട് സിപിഐ എം ബ്രാഞ്ച്സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേരെ ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കാളക്കാട് തൃക്കമ്പറ്റ ചന്ദ്രന്റെ വീട്ടില്‍ കയറിയാണ് ആര്‍എസ്എസ്സുകാര്‍ അക്രമം നടത്തിയത്. ചന്ദ്രന്റെ മകളുടെ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒത്തുകൂടിയവരെ ആക്രമിക്കുകയായിരുന്നു. തൃക്കമ്പറ്റ ചന്ദ്രന്‍, സഹോദരന്‍ സുരേഷ്ബാബു, സിപിഐ എം ബ്രാഞ്ച്സെക്രട്ടറി പുവ്വത്തിങ്കല്‍ ശിവന്‍, തൃക്കമ്പറ്റ സുന്ദരതന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ജയേഷ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടുപേര്‍ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിലുള്ള ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. സംഘര്‍ഷമുണ്ടാക്കി മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സുകാരുടെ നീക്കം അവസാനിപ്പിക്കണമെന്ന് സിപിഐ എം തെങ്കര ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കെഎസ്യുക്കാര്‍ അറസ്റ്റില്‍

കുറ്റ്യാടി: എസ്എഫ്ഐ ഏരിയാ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ കാര്‍ തടഞ്ഞ് അക്രമിച്ച കേസില്‍ കെഎസ്യുക്കാരന്‍ അറസ്റ്റില്‍.മാപ്പിളാണ്ടി ജുനൈദ് (18)നെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പൈക്കളങ്ങാടിയില്‍ ജില്ലാ സെക്രട്ടറി കിരണ്‍രാജ് ഉള്‍പ്പെടെ ആറ് പ്രവര്‍ത്തകരെയാണ് അക്രമിച്ചത്. നിരവധി കേസില്‍ പ്രതിയാണ് ജുനൈദ്. എസ്ഐ എ കെ രാജനും സംഘവും കുറ്റ്യാടിയില്‍ നിന്നാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത,

വധശ്രമം; അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി

നാദാപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗുകാരെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഡിവൈഎഫ്ഐ നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ എ എം റഷീദ് ഉദ്ഘാടനം ചെയ്തു. പേരോട്ട് യൂത്ത് ലീഗ് അക്രമത്തില്‍ പരിക്കേറ്റ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ കഴിയുകയായിരുന്ന അമ്മയെയും മകനെയും സന്ദര്‍ശിച്ച് മടങ്ങവെയാണ് ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യൂത്ത് ലീഗുകാര്‍ അക്രമിച്ചത്. എം വിനോദന്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ പി പ്രദീഷ്, കുരുമ്പേരി ശശി, കെ ടി കെ സ്വാതി, പി കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

deshabhimani

1 comment:

  1. MATTU PARTIKKAARE KUTTAM PARAYAAAN VENDI ORU MADYAMAM...

    ReplyDelete